French Viplavam Review: 1996 ഏപ്രില്‍ ഒന്നാം തിയ്യതിയാണ് ചാരായ പ്രേമികളുടെ നെഞ്ചിൽ കഠാരയാഴ്‌ത്തിയതു പോലെ എകെ ആന്റണിയുടെ നേതൃത്വത്തിലുള്ള യു ഡിഎഫ് സർക്കാർ കേരളത്തിൽ ചാരായനിരോധനം ഏർപ്പെടുത്തിയത്. മുട്ടിനു മുട്ടിന് ചാരായ ഷോപ്പുകളാൽ സമ്പന്നമായിരുന്ന കേരളത്തിലെ ഗ്രാമങ്ങളെ അതെങ്ങനെയാവും ബാധിച്ചിട്ടുണ്ടാവുക? രാവിലെ ചാരായം കിട്ടിയില്ലെങ്കിൽ കൈവിറയ്ക്കുന്ന, ചാരായത്തിൽ മുങ്ങിക്കുളിച്ച ഒരു തലമുറ എങ്ങനെയാവും ആ നിരോധനത്തിനു ശേഷമുള്ളൊരു പുലരിയെ നോക്കി കണ്ടിട്ടുണ്ടാവുക?
22 വർഷങ്ങൾക്കു മുൻപുളള, ചാരായമണമുള്ള അത്തരമൊരു ഗ്രാമക്കാഴ്ചകളിലേക്കാണ് നവാഗത സംവിധായകനായ കെ.ബി മജു പ്രേക്ഷകരെ കൂട്ടിക്കൊണ്ടു പോകുന്നത്. ചാരായ നിരോധനാനന്തര കൊച്ചുകടവ് എന്ന ഗ്രാമത്തിന്റെയും അവിടുത്തെ മനുഷ്യരുടെയും കഥ പറയുന്ന ആക്ഷേപ ഹാസ്യചിത്രമാണ് ‘ഫ്രഞ്ച് വിപ്ലവം’. കേരള രാഷ്ട്രീയത്തിൽ ഇക്കാലയളവിലുണ്ടായ സംഭവവികാസങ്ങളെയും അത് ഗ്രാമീണ ജീവിതത്തിൽ വരുത്തിയ മാറ്റങ്ങളുമൊക്കെയാണ് ചിത്രം പറയുന്നത്.
ചാരായനിരോധനം നടന്ന ദിവസം അവസാനമായി ചാരായം നുണയാൻ സ്ഥലത്തെ പ്രധാന അബ്കാരിയായ ശിശുപാലന്റെ ചാരായഷാപ്പിൽ തടിച്ചു കൂടുന്ന കൊച്ചുകടവുവാസികളുടെ വേദനകളിൽ നിന്നും ‘പ്രാക്കി’ൽ നിന്നുമാണ് കഥ ആരംഭിക്കുന്നത്. പാടവരമ്പിലെ രണ്ടാം നമ്പർ കലുങ്കിലിരുന്ന് പാതിരാത്രി ‘കേരളത്തിലെ അവസാനതുള്ളി ചാരായം’ ആസ്വദിച്ചു കുടിക്കുന്ന സത്യനെയും മാവോയേയും പോലെയുള്ള ചെറുപ്പക്കാരുമുണ്ട് അന്നാട്ടിൽ.
ചാരായ വ്യവസായം അവസാനിപ്പിക്കേണ്ടി വന്നതോടെ അമ്പലക്കമ്മറ്റിയിൽ നുഴഞ്ഞു കയറുകയാണ് സൂത്രക്കാരനായ ശിശുപാലൻ. ഏകമകൾ മീരയുടെ സത്യനോടുള്ള പ്രേമത്തിനും തടസ്സം നിൽക്കുന്ന കൗശലക്കാരനാണ് അയാൾ. പ്രിയപ്പെട്ടവളെ സ്വന്തമാക്കാൻ സത്യൻ നയിക്കുന്ന ‘വിപ്ലവ’ങ്ങളാണ് സിനിമയിൽ ഹാസ്യരൂപേണ പറഞ്ഞുപോവുന്നത്.
സണ്ണി വെയ്നിന്റെ സത്യനും ലാലിന്റെ ശിശുപാലനുമാണ് കഥയുടെ ശക്തി സ്രോതസ്സുകൾ. കൊച്ചുണ്ണിയിലെ കരുത്തനായ വില്ലൻ വേഷത്തിനു ശേഷം തീർത്തും വേറിട്ട കഥാപാത്രമായാണ് സണ്ണിവെയ്ൻ എത്തുന്നത്. 90 കളിൽ കേരളത്തിലെ ഏതു നാട്ടിൻപുറത്തും മറ്റും കണ്ടുമുട്ടിയേക്കാവുന്ന, വല്യ ഹീറോയിസമൊന്നുമില്ലാത്ത ഒരു സാധാരണക്കാരനായ ചെറുപ്പക്കാരനാണ് സത്യൻ. കഥാപാത്രത്തിന് പ്രേക്ഷകരുടെ മനസ്സിൽ ചിരപരിചിതത്വം തോന്നിപ്പിക്കുന്നതിൽ സണ്ണി വെയ്ൻ വിജയിച്ചിട്ടുണ്ട്.
അടിമുടി ശിശുപാലനായി വിസ്മയിപ്പിക്കുകയാണ് ലാൽ എന്ന നടൻ. കഥാപാത്രത്തിന്റെ മർമ്മമുൾക്കൊള്ളാൻ ലാലിനായിട്ടുണ്ട്. ലാലിന്റെ ഭാര്യയായെത്തുന്ന ഉണ്ണിമായയും സിനിമയെ പിടിച്ചിരുത്തുന്നുണ്ട്. മലയാള സിനിമയ്ക്ക് ഒരു രസികൻ ‘ഓൺസ്ക്രീൻ ദമ്പതി’കളെ കൂടി സമ്മാനിക്കുകയാണ് ലാൽ- ഉണ്ണിമായ ജോഡികൾ. നായികയായെത്തിയ ‘ഈ മൈ യൗ’ ഫെയിം ആര്യയും ശ്രദ്ധേയമായ അഭിനയമാണ് കാഴ്ചവെയ്ക്കുന്നത്. കലിംഗ ശശി, ജോളി ചിറയത്ത്, ചെമ്പൻ വിനോദ്, പോളി വത്സൻ, അരിസ്റ്റോ സുരേഷ്, ജോബി എന്നിവരെല്ലാം ചെറിയ റോളുകളാണെങ്കിലും ചിരി പടർത്തി സിനിമയിൽ നിറയുന്നുണ്ട്.
വളരെ ചെറിയൊരു കഥയെ ആക്ഷേപഹാസ്യത്തിൽ പൊതിഞ്ഞ് അവതരിപ്പിക്കാനാണ് സംവിധായകൻ ശ്രമിച്ചിരിക്കുന്നത്. ആദ്യ പകുതിയിൽ അൽപ്പം ഇഴയുന്നുണ്ടെങ്കിലും രണ്ടാം പകുതിയോടെ സിനിമ പിടിച്ചിരുത്തും. ഗ്രാമീണാന്തരീക്ഷമുള്ള കഥയോട് നീതി പുലർത്തുന്ന രീതിയിൽ തന്നെ സിനിമയെ മുന്നോട്ടു കൊണ്ടു പോകാൻ സംവിധായകന് ആവുന്നുണ്ട്. നവാഗതനെന്ന നിലയിൽ നോക്കുമ്പോൾ പ്രതീക്ഷ നൽകുന്നുണ്ട് മജു. കോമഡിയും റൊമാന്‍സും സസ്‌പെന്‍സുമെല്ലാം വേണ്ടും വിധം ഇണക്കി ചേർത്തിട്ടുണ്ട്.
ഒരു നാട്ടിൻപ്പുറത്തിലൂടെ ഇറങ്ങി നടക്കുന്ന ഫീലാണ് ഛായാഗ്രഹകനായ പാപ്പിനുവിന്റെ ക്യാമറ സമ്മാനിക്കുന്നത്. റിയലിസ്റ്റിക്ക് അപ്രോച്ചാണ് ഛായാഗ്രഹണത്തിന്റെ പ്രത്യേകത. രാത്രികാല ദൃശ്യങ്ങളിൽ ചിലതെല്ലാം ഏറെ മികവു പുലർത്തുന്നുണ്ട്. ബി കെ ഹരിനാരായണനും പ്രശാന്ത് പിള്ളയും ചേർന്നൊരുക്കിയ ചിത്രത്തിലെ ഗാനങ്ങളും വേറിട്ടൊരു ആസ്വാദനമാണ് സമ്മാനിക്കുന്നത്.
അബാ ക്രിയേഷന്‍സിന്റെ ബാനറില്‍ ഷജീര്‍ ജലീല്‍, ജാഫര്‍ ഖാന്‍ എന്നിവരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.അതിഗംഭീര ചിത്രമെന്ന് വിശേഷിപ്പിക്കാനാവില്ലെങ്കിലും ഒരു നവാഗതസംവിധായകന്റെ ആദ്യചിത്രമെന്ന രീതിയിലും ഗ്രാമീണാന്തരീക്ഷത്തിൽ പറയുന്ന ഒരു കൊച്ചു സിനിമയെന്ന രീതിയിലും കണ്ടിരിക്കാവുന്ന സിനിമയാണ് ‘ഫ്രഞ്ച് വിപ്ലവം’. എന്തുകൊണ്ട് സിനിമയുടെ പേര് ‘ഫ്രഞ്ച് വിപ്ലവം’ എന്നായി എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് സിനിമ കാത്തുവെയ്ക്കുന്ന മറ്റൊരു സസ്‌പെൻസ്.