നടനും നിർമാതാവുമായ സണ്ണി വെയ്നിന്റെ ജന്മദിനമാണ് ഇന്ന്. സണ്ണിയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് മഞ്ജുവാര്യർ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ‘ചതുർമുഖം’ എന്ന ചിത്രത്തിൽ നിന്നും തുടങ്ങിയ പരിചയം ഇരുവർക്കുമിടയിൽ നല്ലൊരു സൗഹൃദമായി വളരുകയായിരുന്നു.
“ഒരുപാട് നാളായി അടുത്തറിയാവുന്ന വ്യക്തിയെന്നതല്ല സൗഹൃദം. നിങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവന്ന്, ഞാൻ നിനക്കായി ഇവിടെയുണ്ടെന്ന് പറയുകയും തെളിയിക്കുകയും ചെയ്യുന്ന ആളാണ് ചങ്ങാതി. ജന്മദിനാശംസകൾ പ്രിയപ്പെട്ടവനെ,” മഞ്ജു കുറിക്കുന്നു.
മുൻപും സണ്ണിയുമായുള്ള സൗഹൃദത്തെ കുറിച്ച് മഞ്ജുവാര്യർ അഭിമുഖങ്ങളിൽ സംസാരിച്ചിട്ടുണ്ട്.
യുവനടി അഹാന കൃഷ്ണയും സണ്ണിയ്ക്ക് ആശംസകളുമായി രംഗത്തെത്തിയിട്ടുണ്ട്. ലോകം നിങ്ങളെ കാണാൻ പോവുന്നതേയുള്ളൂ ചങ്ങാതി എന്നാണ് സണ്ണിയ്ക്ക് ആശംസകൾ അറിയിച്ചുകൊണ്ട് അഹാന കുറിക്കുന്നത്.
“ജന്മദിനാശംസകൾ സണ്ണി. ഈ വർഷം നിങ്ങൾ അവിശ്വസനീയമായ ചില കാര്യങ്ങൾ ചെയ്തു, അവയിൽ ഭൂരിഭാഗവും ലോകം ഇതുവരെ കണ്ടിട്ടില്ല. നിങ്ങൾ അശ്രാന്തമായി പ്രവർത്തിച്ച കാര്യങ്ങളുടെ സന്തോഷവും വിജയവും നിങ്ങളെ തേടിയെത്തുന്ന ദിവസങ്ങൾക്കായി കാത്തിരിക്കാനാവില്ല. നിങ്ങൾക്കായി സന്തോഷം, വിജയം, മനസ്സമാധാനം, നല്ല ഉറക്കം, ചിരി, ഒരുപാട് സ്നേഹം എന്നിവ നേരുന്നു. ജന്മദിനാശംസകൾ എന്റെ സുഹൃത്തേ,” അഹാനയുടെ ജന്മദിനാശംസ ഇങ്ങനെ.
“എല്ലാ സപ്പോർട്ടിനും എന്റെ ചങ്ങാതിയ്ക്ക് നന്ദി,” അഹാനയുടെ പോസ്റ്റിന് സണ്ണിയുടെ മറുപടി ഇങ്ങനെ.
ദുൽഖർ സൽമാന് ഒപ്പം ‘സെക്കന്റ് ഷോ’ എന്ന ചിത്രത്തിലൂടെയായിരുന്നു സണ്ണി വെയ്നിന്റെയും അരങ്ങേറ്റം. ആദ്യചിത്രം മുതലുള്ള സൗഹൃദം ഇപ്പോഴും തുടരുന്നവരാണ് ഇരുവരും. ദുൽഖറിന് സണ്ണി വെയ്ൻ സണ്ണിച്ചനാണ്. സിനിമകളുടെ തിരിക്കിനിടയിലും പരസ്പരമുള്ള സൗഹൃദം പങ്കിടാൻ സമയം കണ്ടെത്താറുള്ള സുഹൃത്തുക്കളാണ് ഇരുവരും.
ചതുർമുഖം, അനുഗ്രഹീതൻ ആന്റണി’ എന്നിവയായിരുന്നു അടുത്തിടെ റിലീസിനെത്തിയ സണ്ണി വെയ്നിന്റെ ചിത്രങ്ങൾ. ഇരുചിത്രങ്ങളും പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.
Read more: തേങ്ങ ഒടയ്ക്ക് സ്വാമി; മഞ്ജുവിനോട് സണ്ണി വെയ്ൻ