‘ഈ നവരാത്രി ആഘോഷിക്കൂ, സ്നേഹത്തോടെ’ എന്ന് ആരെങ്കിലും ആശംസിച്ചാൽ വിവാദമാകേണ്ട ഒരു കാര്യവുമില്ല. എന്നാൽ ലോകത്ത് ഏറെ ആരാധകരുള്ള മുൻ പോൺ താരം സണ്ണി ലിയോണാണ് ആശംസിക്കുന്നതെങ്കിലോ? അതും ഗർഭനിരോധന ഉറയുടെ പരസ്യത്തിൽ? എന്തായാലും പരസ്യം പലരുടേയും വികാരങ്ങളെ വ്രണപ്പെടുത്തിയിരിക്കുന്നു എന്നാണ് പുതിയ വാർത്തകൾ സൂചിപ്പിക്കുന്നത്.

‘നവരാത്രി ഹിന്ദുക്കളെ സംബന്ധിടത്തോളം പുണ്യകാലമാണ്. ആ സമയത്ത് ഗര്‍ഭനിരോധന ഉറകള്‍ക്ക് എന്താണ് പ്രസക്തി?’ നീലച്ചിത്ര നായിക സണ്ണി ലിയോണിന്റെ ചിത്രത്തോടെ കോണ്ടം കമ്പനി പുറത്തിറക്കിയ പരസ്യബോര്‍ഡുകളെ കുറിച്ച് പ്രതിഷേധക്കാർ ചോദിക്കുന്നത് ഇതാണ്. ‘ഈ നവരാത്രി ആഘോഷിക്കൂ, സ്‌നേഹത്തോടെ’യെന്ന ശീര്‍ഷകത്തോടെയുള്ള പരസ്യം ഉത്തരേന്ത്യയില്‍ ഇതിനകം വലിയ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

വിവാദമായ പരസ്യബോർഡുകളിലൊന്ന്

പരസ്യം സോഷ്യല്‍ മീഡിയയില്‍ വ്യാപിച്ചതോടെ, വിവാദവും കത്തിപ്പടര്‍ന്നു. വഡോദരയിലാണ് പരസ്യബോര്‍ഡുകള്‍ ആദ്യം പ്രതിഷേധത്തിനിടയാക്കിയത്. ഹിന്ദു സംസ്‌കാരത്തെ അധിക്ഷേപിക്കുന്നതാണ് കോണ്ടത്തിന്റെ ഈ പരസ്യമെന്ന് ആരോപണമുയര്‍ന്നു. ഇതേത്തുടര്‍ന്ന് പരസ്യം ഇന്ത്യന്‍ സംസ്‌കാരത്തിന് നിരക്കുന്നതല്ലെന്ന് കാണിച്ച് കോണ്‍ഫെഡറേഷന്‍ ഓഫ് ആള്‍ ഇന്ത്യ ട്രേഡേഴ്സ് കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രി രാം വിലാസ് പാസ്വാന് പരാതി നല്‍കി.

നവരാത്രിയെ കോണ്ടം വില്‍പനയിലേക്ക് വലിച്ചിഴക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് അവരുടെ പരാതിയില്‍ പറയുന്നു. പരസ്യം നിരോധിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. നിര്‍മ്മാതാക്കൾക്കും അതിന്റെ ബ്രാന്‍ഡ് അംബാസഡറായ സണ്ണി ലിയോണിനും എതിരെ നടപടി വേണമെന്നും അവര്‍ ആവശ്യപ്പെട്ടു. വിവാദം ശക്തമായതോടെ, ഗുജറാത്തില്‍ പലയിടത്തും സ്ഥാപിച്ചിരുന്ന ബോര്‍ഡുകള്‍ എടുത്തുമാറ്റി.

സണ്ണി ലിയോണിന്റെ ചിത്രങ്ങളോടെ നവരാത്രിക്ക് കോണ്ടം പരസ്യങ്ങളിറക്കിയത് വെറുതെയല്ലെന്ന് വിപണി രംഗത്തുള്ളവര്‍ പറയുന്നു. നവരാത്രി പ്രാര്‍ത്ഥനയുടെ കാലമാണെങ്കിലും, ഇക്കാലയളവില്‍ ഗുജറാത്തില്‍ ഗര്‍ഭ നിരോധന ഉറകളുടെ കച്ചവടത്തില്‍ കാര്യമായ വര്‍ധനയുണ്ടെന്ന് ഒരു സര്‍വേയില്‍ തെളിഞ്ഞിട്ടുണ്ടത്രെ. 25 ശതമാനം മുതല്‍ 50 ശതമാനം വരെയാണ് ഇക്കാലയളവില്‍ ഉറകളുടെ വില്‍പന കൂടുന്നത്. കോണ്ടത്തിന് മാത്രമല്ല, മറ്റ് ലൈംഗിക ഉപകരണങ്ങള്‍ക്കും ഈ കാലത്ത് കച്ചവടം കൂടുതലാണ്. അഡല്‍റ്റ് ഗെയിമുകള്‍, നിശാവസ്ത്രങ്ങള്‍ തുടങ്ങിയവയ്ക്കും ആവശ്യക്കാരേറുന്നുണ്ടെന്ന് ദാറ്റ്സ് പേഴ്സണല്‍ ഡോട്ട് കോം നടത്തിയ സര്‍വേയില്‍ പറയുന്നു. ഇതുകൊണ്ട് തന്നെയാകാം കന്പനി സണ്ണി ലിയോണിനെ വച്ച് നവരാത്രി പ്രത്യേക പരസ്യം ഇറക്കിയതെന്നാണ് പരസ്യത്തെ അനുകൂലിക്കുന്നവരുടെ വാദം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ