ഇന്ന് 39-ാം ജന്മദിനം ആഘോഷിക്കുന്ന പോൺ താരവും അഭിനേത്രിയുമായ സണ്ണി ലിയോണിന് ജന്മദിനാശംസകൾ നേർന്ന് ഭർത്താവ് ഡാനിയേൽ വെബർ. ദശലക്ഷകണക്കിനു ആളുകൾക്ക് സണ്ണി ലിയോൺ പ്രചോദനവും മാതൃകയുമാണെന്ന് ഡാനിയേൽ വെബർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. സണ്ണി ലിയോണിന്റെ ചിത്രം പങ്കുവച്ചാണ് ഡാനിയേൽ വെബർ പ്രിയതമയ്‌ക്ക് ജന്മദിനാശംസകൾ നേർന്നിരിക്കുന്നത്.
“ജന്മദിനാശംസകൾ ബേബി !!! നീ എനിക്ക് ജീവിതത്തിൽ എല്ലാമാണ്. എന്റെ മനസിൽ വരുന്ന എല്ലാ കാര്യങ്ങളും നിന്നോട് പറയാൻ ഞാൻ ആഗ്രഹിക്കുന്നുണ്ട് !!! നീ വളരെ നല്ല ഭാര്യയും, അമ്മയും, കാമുകിയുമാണ് !!! ദശലക്ഷകണക്കിനു ആളുകൾക്ക് നീയൊരു മാതൃകയാണ്, പ്രചോദനമാണ്. അധികം ആരും സഞ്ചരിക്കാത്ത വഴികളിലൂടെയെല്ലാം നീ സഞ്ചരിച്ചു. നിനക്ക് ഇഷ്ടമുള്ള പാതയിലൂടെ നീ യാത്ര ചെയ്‌തു. ഇതേ കുറിച്ച് മറ്റുള്ളവർ എന്ത് വിചാരിക്കുമെന്നൊന്നും നീ ആശങ്കപ്പെട്ടില്ല. നീ സ്വന്തമാക്കിയ നേട്ടങ്ങളെ കുറിച്ച് അഭിമാനിക്കുക. ഞാൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നു. ലവ് യു ബേബി !!” ഡാനിയേൽ വെബർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ജന്മദിനാശംസകൾ നേർന്നവർക്കെല്ലാം സണ്ണി ലിയോൺ സാമൂഹ്യമാധ്യമങ്ങളിലൂടെ നന്ദി അറിയിച്ചു. ലൊസാഞ്ചൽസിലാണ് താരമിപ്പോൾ ഉള്ളത്. “ജന്മദിനാശംസകൾ നേർന്ന എല്ലാവർക്കും ഒത്തിരി നന്ദി, എല്ലാവരോടും സ്‌നേഹം..നിങ്ങളെല്ലാം എന്റെ ജീവിതത്തിന്റെ ഭാഗമായതിൽ ഞാൻ വളരെ ഭാഗ്യവതിയാണ്” സണ്ണി ഇൻസ്റ്റഗ്രാം വീഡിയോയിൽ പറഞ്ഞു.
ഏറെ ആരാധകരുള്ള താരമാണ് സണ്ണി ലിയോൺ. ഇന്നലെ മുതൽ തന്നെ സണ്ണി ലിയോണിനു ആശംസകൾ നേർന്ന് സാമൂഹ്യമാധ്യമങ്ങളിൽ നിരവധി പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. മലയാള സിനിമയിലും സണ്ണി തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. മമ്മൂട്ടി നായകനായ ‘മധുരരാജ’യിൽ സണ്ണി ലിയോണിന്റെ തട്ടുപൊളിപ്പൻ ഡാൻസ് ഉണ്ടായിരുന്നു.