ബോളിവുഡ് താരം സണ്ണി ലിയോണ്‍ ആദ്യമായി മലയാളത്തില്‍ എത്തുന്നു എന്നതാണ് വൈശാഖ് സംവിധാനം ചെയ്യുന്ന ‘മധുരരാജ’യുടെ ഹൈലൈറ്റ്. ചിത്രത്തില്‍ മമ്മൂട്ടിയും സണ്ണി ലിയോണും ചേര്‍ന്ന് അഭിനയിക്കുന്ന ഒരു ഗാനരംഗത്തിന്റെ സ്റ്റില്‍ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ആഘോഷിക്കുന്നത്. ആരാധകരുടെ കൂട്ടത്തില്‍ നടന്‍ അജു വര്‍ഗീസുമുണ്ട്. “അക്ക വിത്ത് ഇക്ക” എന്ന ടാഗ്ലൈന്‍ ചേര്‍ത്താണ് അജു ആ ചിത്രം പങ്കു വച്ചത്. എന്നാല്‍ അതിനു താഴെ താരങ്ങളെ ആക്ഷേപിക്കുന്ന തരത്തിലുള്ള, അപഹാസ്യമായ കമന്റുകള്‍ വന്നു തുടങ്ങിയപ്പോള്‍ ആ കുറിപ്പ് അജു പിന്നീട് ഫേസ്ബുക്കില്‍ നിന്നും മാറ്റുകയായിരുന്നു.
ഇതാദ്യമായല്ല അജു വര്‍ഗീസ് സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെ പുലിവാല് പിടിക്കുന്നത്. നടി ആക്രമിക്കപ്പെട്ട സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ അവരുടെ പേര് വെളിപ്പെടുത്തിക്കൊണ്ട് അജു വര്‍ഗീസ് ഇട്ട കുറിപ്പ് നിയമലംഘനമായി കണക്കിലെടുത്ത് അജുവിനെതിരെ പരാതികള്‍ ഉണ്ടായിരുന്നു. ഒടുവില്‍ പോസ്റ്റ് തിരുത്തി നിരുപാധികം മാപ്പ് പറയുകയായിരുന്നു താരം.
സൂപ്പര്‍ ഹിറ്റായ ‘പുലിമുരുഗ’ന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മധുരരാജ’. ചിത്രം വിഷുവിനു റിലീസ് ചെയ്യും. വൈശാഖിന്റെ തന്നെ ‘പൊക്കിരിരാജ’ എന്ന ചിത്രത്തിന്റെ തുടര്‍ച്ചയാണ് ‘മധുരരാജ’. ‘പോക്കിരിരാജ’യ്ക്ക് ശേഷം എട്ടു വര്‍ഷങ്ങൾ കഴിഞ്ഞാണ് വൈശാഖും മമ്മൂട്ടിയും ഒരുമിക്കുന്നതെന്നതും പ്രത്യേകതയാണ്. ‘പുലിമുരുകനു’ ശേഷം വൈശാഖ്-ഉദയകൃഷ്ണ-പീറ്റര്‍ ഹെയ്ന്‍ ടീം ഒരിക്കല്‍കൂടി ഒന്നിക്കുന്നുവെന്ന പ്രത്യേകതയും മധുരരാജയ്ക്ക് ഉണ്ട്.
പോക്കിരിരാജയിൽ ഉണ്ടായിരുന്ന പൃഥ്വിരാജ് ഈ ചിത്രത്തില്‍ ഉണ്ടാകില്ല എന്നാണ് വിവരം. പകരം തമിഴ് നടന്‍ ജയ് ഒരു മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇതിനെ പുറമെയാണ് സണ്ണി ലിയോണിന്റെ രംഗപ്രവേശവും. മലയാളത്തിൽ തരംഗം സൃഷ്ടിക്കാനുളള ചേരുവകളുമായാണ് ചിത്രം അണിയറയിൽ ഒരുങ്ങുന്നത്.
Read More: മമ്മൂട്ടിച്ചിത്രത്തിൽ അഭിനയിക്കാൻ സണ്ണി ലിയോൺ കൊച്ചിയില്‍
കഴിഞ്ഞ ആഴ്ച ‘മധുരരാജ’യിലെ ഒരു ഗാനരംഗത്തിന്റെ ഷൂട്ടിംഗ് ആവശ്യങ്ങള്‍ക്കായി സണ്ണി ലിയോണ്‍ കൊച്ചിയില്‍ എത്തിയിരുന്നു. കൊച്ചി വിമാനത്താവളത്തില്‍ അവര്‍ എത്തിയത് മുതലുള്ള ചിത്രങ്ങള്‍ വൈറലായിരുന്നു. സണ്ണി ലിയോണിനു മൂന്ന് ദിവസത്തെ ഷൂട്ടിങ് ഉണ്ടായിരുന്നു. കൊച്ചി നഗരത്തിൽ തമ്മനത്തുളള സ്വകാര്യ ഗോഡൗണിലാണ് ഷൂട്ടിങ് നടന്നത്. ചിത്രത്തിൽ ഐറ്റം നമ്പറാണ് സണ്ണി ലിയോൺ അവതരിപ്പിക്കുന്നത്.
ഇത് കൂടാതെ ‘രംഗീല’ എന്ന മലയാള ചിത്രത്തിലും സണ്ണി ലിയോണ്‍ എത്തും. ‘രംഗീല’യില്‍ നായികയായാണ് അവര്‍ എത്തുന്നത്. ചിത്രം ഫെബ്രുവരിയില്‍ ചിത്രീകരണം ആരംഭിക്കും. സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ജയലാല്‍ മേനോന്‍ ആണ്. സണ്ണി ലിയോണ്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ മലയാള ചിത്രത്തിന്റെ വിശേഷം പങ്കു വച്ചത്.