‘കെന്നഡി’ എന്ന ചിത്രത്തിന്റെ പ്രദർശനത്തിന്റെ ഭാഗമായി വ്യാഴായ്ച്ചയാണ് ബോളിവുഡ് താരം സണ്ണി ലിയോൺ കാൻസ് ചലച്ചിത്ര മേളയിലെത്തിയത്. അടൾട്ട് എന്റർടെയിൻമെന്റ് മേഖലയിൽ നിന്ന് ബോളിവുഡിലെത്തിയ കഥ സണ്ണി പറഞ്ഞു. തന്നെ ഒരുപാട് ആളുകൾ വെറുത്തപ്പോഴും ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ സ്നേഹം പ്രകടിപ്പിച്ചവരുമുണ്ടെന്ന് അവർ പറയുന്നു.
ബിഗ് ബോസ് അഞ്ചാം സീസണിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് സണ്ണി ഇന്ത്യയിൽ തന്നെ താമസമാക്കിയത്. “ഞാൻ അടൾഡ് ഇൻഡസ്ട്രിയിൽ ഉണ്ടായിരുന്ന വ്യക്തിയാണ്. ഞങ്ങളുടെ ഷോയിലേക്ക് നിങ്ങൾ വരണമെന്ന് പറഞ്ഞ് എന്നെ വിളിച്ചത് ബിഗ് ബോസ് ടീമാണ്. ഞാൻ അന്ന് എന്റെ ഭർത്താവിനോട് പറഞ്ഞത് എനിക്ക് ഇന്ത്യയിലേക്ക് തിരിച്ചു പോകണ്ട, കാരണം അവർ എന്നെ വെറുക്കുന്നു എന്നാണ്. ആ സമയം സമൂഹത്തിൽ നിന്ന് എനിക്കെതിരെ ഒരുപാട് പ്രതിഷേധങ്ങളുണ്ടായിരുന്നു. തിരിച്ചു പോകില്ലെന്നു തന്നെയായിരുന്നു എന്റെ തീരുമാനം.”
“ബിഗ് ബോസ് ടീം എന്നെ നിരന്തരം വിളിച്ചു കൊണ്ടേയിരുന്നു. അവരുടെ വ്യൂവർഷിപ്പ് അടങ്ങിയ പവർപോയിന്റ് വരെ എനിക്ക് അയച്ചു തന്നു.” തുടർച്ചയായി ടീമംഗങ്ങൾ സമീപിക്കുന്നതു മൂലം ഷോ ചെയ്യാനായി സണ്ണി സമ്മതിക്കുകയായിരുന്നു. “ഷോയിൽ പങ്കെടുക്കുന്നതിനു മുൻപു തന്നെ ഒരുപാട് പ്രതിസന്ധികളുണ്ടായിരുന്നു. കൊല ചെയ്യുമെന്ന് ഭീഷണി, ബോംബ് ഭീഷണി. ഒടുവിൽ വയകോം സിഇഓയ്ക്ക് ഈ പ്രശ്നങ്ങൾ മൂലം ജോലി ഉപേക്ഷിക്കേണ്ടി വന്നെന്നാണ് എനിക്ക് തോന്നുന്നത്. പിന്നീട് മറ്റൊരാൾ എത്തി. അവർ കരാറിൽ ഒപ്പു വച്ചതല്ലേ ഇനിയെന്താണ് തടസ്സമെന്ന് അദ്ദേഹമാണ് പറഞ്ഞ്” സണ്ണിയുടെ വാക്കുകളിങ്ങനെ.
“ഞാൻ അവിടെ ചെയ്ത കാര്യങ്ങൾ ആളുകൾക്ക് കൂടുതലായി റിലേറ്റ് ചെയ്യാൻ കഴിഞ്ഞു. അടുക്കളയിൽ പാകം ചെയ്യുന്നു, വീട് വൃത്തിയാക്കുന്നു. അങ്ങനെ അടൾട്ട് മേഖലയിൽ നിന്ന് മാറി സണ്ണി ലിയോൺ എന്ന പെൺകുട്ടിയെ അവർ മനസ്സിലാക്കി. ഞാൻ സിനിമാമേഖലയെ കുറിച്ചല്ല പറയുന്നത്, ബിഗ് ബോസിലൂടെ മാത്രം എന്നെ കണ്ട് പിന്നീട് എന്റെ പശ്ചാത്തലം അറിഞ്ഞവരെ കുറിച്ചാണ്. അങ്ങനെ നോക്കുകയാണെങ്കിൽ എന്നെ ഒരുപാട് പേർ പിന്തുണച്ചിട്ടുണ്ട്. ഇതിനിടയിൽ ഞാൻ എന്റെ ആദ്യ ചിത്രം ചെയ്തു, എന്നെകുറിച്ച് മോശമായ ലേഖനങ്ങൾ എഴുതപ്പെട്ടു, വെറുക്കുന്നവരുമുണ്ടായി,” സണ്ണി കൂട്ടിച്ചേർത്തു.
ഔദ്യോഗിക തിരഞ്ഞെടുപ്പിന്റെ ഭാഗമായി അനുരാഗ് കശ്യപിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ‘കെന്നഡി’ കാൻസിൽ പ്രദർശിക്കപ്പെട്ടു. രാഹുൽ ഭട്ട് ആണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.