ബോളിവുഡില്‍ ബയോപിക്കുകളുടെ കാലമാണിത്. മുന്‍ നിരയിലെ നടന്മാരില്‍ പലരും ജീവിതകഥകള്‍ തേടി നടക്കുകയാണ്. എന്നാല്‍ സ്വന്തം ജീവിതം സ്‌ക്രീനില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് സണ്ണി ലിയോണ്‍. കരണ്‍ജീത് കൗര്‍ എന്ന് പേരിട്ടിരിക്കുന്ന വെബ്ബ് സീരിസാണ് സണ്ണിയുടെ ജീവിതയാത്ര പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുന്നത്. അമേരിക്കന്‍ പോണ്‍ സിനിമാ രംഗത്തു നിന്നും ബോളിവുഡിന്റെ ലോകത്തേക്കുള്ള സണ്ണിയുടെ യാത്രയാണ് സീരിസിലൂടെ അനാവൃതമാകുന്നത്.

സണ്ണി തന്നെ സ്വന്തം ജീവിതം അവതരിപ്പിക്കുന്നു എന്നതാണ് സീരിസിന്റെ സവിശേഷത. പരമ്പരയിലൂടെ തന്റെ ജീവിതത്തിലെ പല അനുഭവങ്ങളിലൂടേയും വീണ്ടും കടന്നു പോകേണ്ടി വന്നുവെന്നു സണ്ണി പറയുന്നു. സീരിസിനായി അതിന്റെ അണിയറ പ്രവര്‍ത്തകര്‍ തന്നെ സമീപിച്ചപ്പോള്‍ എളുപ്പമുള്ള കാര്യമായിരിക്കുമെന്നാണ് കരുതിയിരുന്നതെന്നും എന്നാല്‍ അങ്ങനെയല്ല സംഭവിച്ചതെന്നും താരം പറയുന്നു.

ചിത്രീകരണം ആരംഭിച്ചതോടെ താന്‍ വികാരഭരിതയായെന്നും ജീവിതത്തില്‍ മറക്കാന്‍ ആഗ്രഹിക്കുന്ന പലതും വീണ്ടും അവതരിപ്പിക്കുമ്പോള്‍ ആ അനുഭവങ്ങളിലൂടെ ഒരിക്കല്‍ കൂടി കടന്നു പോകേണ്ടി വരുമെന്നും സണ്ണി പറയുന്നു. അത്തരത്തിലൊരു രംഗത്തില്‍ താന്‍ പൊട്ടിക്കരഞ്ഞു പോയെന്നും താരം പറഞ്ഞു.

തന്റെ മുന്നില്‍ നിന്ന് കൊണ്ട് അച്ഛന്‍ പൊട്ടിക്കരയുന്ന രംഗമായിരുന്നു അത്. ആ രംഗം വീണ്ടും ആവര്‍ത്തിച്ചപ്പോള്‍ തന്റെ നിയന്ത്രണം നഷ്ടമായെന്നും പൊട്ടിക്കരഞ്ഞു പോയ തന്നെ ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറാണ് സമാധാനിപ്പിച്ചതെന്നും സണ്ണി പറയുന്നു. തന്റെ മാതാപിതാക്കള്‍ മരിച്ചു പോയതാണ്. അതുകൊണ്ട് വളരെയധികം വേദനയോടെയാണ് ആ രംഗം ചിത്രീകരിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ