സണ്ണി ലിയോണിന് ഇന്ത്യയിലൊട്ടാകെ യുവാക്കളുടെ വൻ ആരാധക കൂട്ടം തന്നെയുണ്ട്. പൂജാ ഭട് സംവിധാനം ചെയ്ത ജിസം 2 എന്ന ചിത്രത്തിലൂടെയാണ് സണ്ണി ലിയോൺ ബോളിവുഡിലെത്തുന്നത്. തുടർന്നിങ്ങോട്ട് നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. സോഷ്യൽ മീഡിയയിലും സജീവയാണ് താരം. പക്ഷേ സോഷ്യൽ മീഡിയ വഴി സണ്ണിക്ക് പല മോശം അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ തന്നെ പിന്തുടരുന്ന ഒരു ആരാധകൻ മുഖേന തനിക്കുണ്ടായ മോശം അനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് താരം. മിഡ് ഡേയോട് ആണ് തന്നെ ഇപ്പോഴും ഭയപ്പെടുത്തുന്ന ആ ഓർമകൾ സണ്ണി പങ്കുവച്ചത്.
”എന്റെ വീട്ടിൽ വരുമെന്നും വീട് നശിപ്പിക്കുമെന്നും അയാൾ എന്നെ ഭീഷണിപ്പെടുത്തി. ആ സമയത്ത് ഡാനിയേൽ (സണ്ണിയുടെ ഭർത്താവ്) ഇന്ത്യയിൽ ഇല്ലായിരുന്നു. ഞാൻ ശരിക്കും പേടിച്ചു. കാരണം ഞാൻ തനിച്ചാണ് താമസിക്കുന്നത്. ഒരു ദിവസം എന്റെ വീടിനു പുറത്ത് ചില ശബ്ദങ്ങൾ കേട്ടു. കയ്യിൽ കത്തിയുമായി ഞാൻ വാതിലിന്റെ അടുത്തേക്ക് പോയി. അയാൾ വാതിലിൽ ഉറക്കെ അടിക്കാൻ തുടങ്ങി. അയാളുടെ ട്വിറ്റർ അനുയായികളും എന്നെ ഭീഷണിപ്പെടുത്തി. ഒരു ജനക്കൂട്ടം എന്റെ വീട് തകർക്കാനായി തയാറായി നിൽക്കുന്നു. ഇതെന്നെ ഭയപ്പെടുത്തി. പിന്നീട് ഞങ്ങൾ ആ വീട് മാറി. പക്ഷേ ഇപ്പോഴും ആ സംഭവം എന്നെ ഭയപ്പെടുത്തുന്നുണ്ട്”- സണ്ണി പറഞ്ഞു. ഈ സംഭവത്തിനുശേഷം പുതിയ വീടിനു ചുറ്റും സിസിടിവി ക്യാമറകൾ സ്ഥാപിച്ചതായും സണ്ണി പറഞ്ഞു.
Read More: സൽമാൻ ഖാൻ ചിത്രത്തിൽ സണ്ണിയും, സന്തോഷത്താൽ മതിമറന്ന് താരം ചെയ്തത്!
‘തേരാ ഇന്തസാർ’ ആണ് സണ്ണി ലിയോണിന്റെ പുതിയ ബോളിവുഡ് ചിത്രം. അർബാസ് ഖാൻ ആണ് ചിത്രത്തിലെ നായകൻ. നവംബർ 24 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. അർബാസ് ഖാൻ നിർമാതാക്കളിലൊരാലായ ചിത്രം ‘ദബാംഗ് 3’ യിലും സണ്ണി ലിയോൺ അഭിനയിക്കുന്നുണ്ടെന്നാണ് വിവരം. പക്ഷേ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. സൽമാൻ ഖാൻ ആണ് ‘ദബാംഗ് 3’ യിലെ നായകൻ.