ബോളിവുഡ് താരം സണ്ണി ലിയോണ്‍ നായികയായി എത്തുന്ന ആദ്യ മലയാള ചിത്രം ‘രംഗീല’ ഫെബ്രുവരിയില്‍ ചിത്രീകരണം ആരംഭിക്കും. സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ജയലാല്‍ മേനോന് ആണ്. സണ്ണി ലിയോണ്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ മലയാള ചിത്രത്തിന്റെ വിശേഷം പങ്കു വച്ചത്.
ഇപ്പോള്‍ മമ്മൂട്ടി ചിത്രമായ ‘മധുരരാജ’യിലെ ഒരു ഗാനരംഗത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് സണ്ണി ലിയോണ്‍. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അതിഥി വേഷത്തിലാണ് സണ്ണി എത്തുന്നത്. ഇതിന്റെ ഷൂട്ടിംഗിനായി അവര്‍ രണ്ടു ദിവസം മുന്‍പ് കൊച്ചിയില്‍ എത്തിയിട്ടുണ്ട്. കൊച്ചി നഗരത്തിൽ തമ്മനത്തുളള സ്വകാര്യ ഗോഡൗണിലാണ് ഷൂട്ടിങ് നടക്കുന്നത്.
Read More: മമ്മൂട്ടിച്ചിത്രത്തിൽ അഭിനയിക്കാൻ സണ്ണി ലിയോൺ കൊച്ചിയില്‍: വീഡിയോ
സൂപ്പര്‍ ഹിറ്റായ ‘പുലിമുരുഗ’ന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മധുരരാജ’. ചിത്രം വിഷുവിനു റിലീസ് ചെയ്യും. വൈശാഖിന്റെ തന്നെ ‘പൊക്കിരിരാജ’ എന്ന ചിത്രത്തിന്റെ തുടര്‍ച്ചയാണ് ‘മധുരരാജ’. ‘പോക്കിരിരാജ’യ്ക്ക് ശേഷം എട്ടു വര്‍ഷങ്ങൾ കഴിഞ്ഞാണ് വൈശാഖും മമ്മൂട്ടിയും ഒരുമിക്കുന്നതെന്നതും പ്രത്യേകതയാണ്. ‘പുലിമുരുകനു’ ശേഷം വൈശാഖ്-ഉദയകൃഷ്ണ-പീറ്റര്‍ ഹെയ്ന് ടീം ഒരിക്കല്‍കൂടി ഒന്നിക്കുന്നുവെന്ന പ്രത്യേകതയും മധുരരാജയ്ക്ക് ഉണ്ട്.
പോക്കിരിരാജയിൽ ഉണ്ടായിരുന്ന പൃഥ്വിരാജ് ഈ ചിത്രത്തില്‍ ഉണ്ടാകില്ല എന്നാണ് വിവരം. പകരം തമിഴ് നടന് ജയ് ഒരു മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇതിനെ പുറമെയാണ് സണ്ണി ലിയോണിന്റെ രംഗപ്രവേശവും. മലയാളത്തിൽ തരംഗം സൃഷ്ടിക്കാനുളള ചേരുവകളുമായാണ് ചിത്രം അണിയറയിൽ ഒരുങ്ങുന്നത്.