2011 ൽ ബിഗ് ബോസിലേക്കുള്ള വരവോടെയാണ് കരൺജിത് കൗർ വോഹ്റ എന്ന സണ്ണി ലിയോണിന്റെ ജീവിതം മാറിമറിയുന്നത്. നീലച്ചിത്ര നായികയിൽനിന്നും ബോളിവുഡ് സിനിമയിലേക്കുള്ള സണ്ണിയുടെ എൻട്രി അത്ര എളുപ്പമുളളതായിരുന്നില്ല. തിരസ്കാരങ്ങളിൽനിന്നും തിരിച്ചടികളിൽനിന്നും സധൈര്യം മുന്നോട്ടുവന്ന് സണ്ണി ലിയോൺ ഹിന്ദി സിനിമാ ലോകത്ത് ചുവടുറപ്പിച്ചു. കൃത്യമായ നിലപാടുകളും കഠിനാധ്വാനം ചെയ്യാനുള്ള മനസും സിനിമയോടുള്ള സണ്ണിയുടെ പാഷനും ഇൻഡസ്ട്രിയിലെ പലരും താരത്തെ അഭിനന്ദിച്ചു.
ഇന്ത്യൻ എക്‌സ്‍പ്രസുമായുള്ള അഭിമുഖത്തിൽ തന്റെ ജീവിത യാത്രയെക്കുറിച്ചും സെക്ഷ്വൽ റോളുകളിൽ ടൈപ്പ്കാസ്റ്റ് ചെയ്യപ്പെട്ടത് അവസാനിപ്പിച്ചതിനെക്കുറിച്ചും നാൽപ്പതുകാരിയായ സണ്ണി ലിയോൺ സംസാരിക്കുന്നു.
കരൺജിത് കൗർ- ദി അൺറ്റോൾഡ് സ്റ്റോറി ഓഫ് സണ്ണി ലിയോൺ എന്ന നിങ്ങളുടെ ബയോപിക്കിനുശേഷം രണ്ടാമത്തെ ബെസ് സീരിസ് അനാമികയെക്കുറിച്ച്?
അനാമികയുടെ സെറ്റിൽ ചെലവിട്ട ഓരോ നിമിഷവും എന്നെ സന്തോഷിപ്പിച്ചു. കാരണം ആക്ഷൻ എന്നത് ഞാൻ ചെയ്യാൻ ഇഷ്ടപ്പെട്ടിരുന്ന ഒന്നാണ്. ഇതെന്റെ ഓൾട്ടർ ഈഗോ പോലെയാണ്. യഥാർത്ഥ ജീവിതത്തിൽ ഞാൻ ഒരിക്കലും വഴക്കുണ്ടാക്കില്ല, അതിനാൽ തന്നെ വ്യത്യസ്തമായ കാര്യങ്ങൾ പഠിക്കുന്നത് വളരെ രസകരമായിരുന്നു.
സത്യമെന്തെന്നാൽ, അനാമിക എന്നു വിളിക്കുന്നത് എന്നെ വളരെ സന്തോഷിപ്പിക്കുന്നു. വിക്രം സാറിൽനിന്ന് ഒരുപാട് കാര്യങ്ങൾ പഠിച്ചു. ഞാനിതുവരെ ചെയ്തിട്ടില്ലാത്ത വളരെ വ്യത്യസ്തമായ കഥാപാത്രമാണിത്. ആരെങ്കിലും അവരുടെ എല്ലാ പ്രയത്നവും വിശ്വാസവും എന്നിൽ വയ്ക്കുന്നത് എനിക്ക് വളരെ വൈകാരികമാണ്. ഇതുപോലെ എല്ലായ്‌പ്പോഴും നല്ല പ്രോജക്ടുകൾ ലഭിക്കണമെന്നില്ല.
കോവിഡിനു മുൻപ് അനാമികയ്ക്കു പുറമേ മറ്റു ചില പ്രോജക്ടുകളിലും ഞാൻ കരാർ ഒപ്പുവച്ചു. എന്റെ സ്ഥിരം റോളുകളിൽനിന്നു വളരെ വ്യത്യസ്തമായിട്ടായിരിക്കും ഇതിൽ എന്നെ ആളുകൾ കാണുക. ഇത് പൂർത്തിയാകാൻ കുറച്ച് സമയമെടുത്തെങ്കിലും ആളുകളുടെ പ്രതികരണം അറിയാൻ ഞാൻ ആവേശത്തിലാണ്. കാരണം ഇതവർ പ്രതീക്ഷിക്കുന്ന ഒന്നല്ല. ഒരുപക്ഷേ അത് ഞാൻ സ്വയം ടൈപ്പ്‌കാസ്‌റ്റ് ചെയ്യുന്നതാകാം (ചിരിക്കുന്നു), അല്ലെങ്കിൽ ഞാൻ ചെയ്യുന്നത് അവർ കാണുന്ന ഒന്നല്ലായിരിക്കാം.
എന്തുകൊണ്ടാണ് നിങ്ങൾ അങ്ങനെ പറയുന്നത്? സ്വയം ടൈപ്പ്കാസ്റ്റ് ചെയ്യുന്നുവെന്ന് പറയുമ്പോൾ എന്താണ് അർത്ഥമാക്കുന്നത്?
ഞാൻ ഗ്ലാമറസ് കഥാപാത്രങ്ങൾ ചെയ്യണമെന്ന് ആളുകൾ പ്രതീക്ഷിക്കുന്നു. അതിൽ കുറച്ച് സെക്സ് സീനുകൾ ഉണ്ടാവണം. കഥാപാത്രത്തിന് ആവശ്യമെങ്കിൽ അങ്ങനെ ചെയ്യുന്നതിൽ എനിക്ക് യാതൊരുവിധ പ്രശ്നവും ഇല്ല. പക്ഷേ, ഇപ്പോഴും എന്റെ പക്കലെത്തി ഇങ്ങനെ ആവശ്യപ്പെടുന്നവരുണ്ട്, ‘നിങ്ങൾ സണ്ണിയാണ്, ഞങ്ങൾ ഇതാണ് ചെയ്യാൻ ഉദ്ദേശിക്കുന്നത് (ലൈംഗികതയുമായി ബന്ധപ്പെട്ട)’, അതൊന്നും എന്നെ ബാധിക്കാറില്ല. എന്നിൽനിന്ന് ആളുകൾ പ്രതീക്ഷിക്കുന്നതിന് വിരുദ്ധമായി ഇതൊരു സന്തുലിതമായ കഥാപാത്രമാണ്, അവിടെ പ്രണയമുണ്ട്, അടുപ്പമുള്ള നിമിഷങ്ങളുണ്ട്, പക്ഷേ ആളുകൾ എന്നിൽ നിന്ന് പ്രതീക്ഷിക്കുന്ന ഒന്നായിരിക്കില്ല.
ആളുകൾ നിങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നതിൽനിന്ന് വ്യത്യസ്തമായ കാര്യങ്ങൾ ചെയ്യുമ്പോൾ എന്ത് തോന്നുന്നു?
ഞാൻ എന്റെ ആരാധകരെ സ്നേഹിക്കുന്നു, അവരെന്നെ പൂർണമനസോടെ സ്വീകരിച്ചുകഴിഞ്ഞു. നിങ്ങളുടെ ആദ്യത്തെ അല്ലെങ്കിൽ രണ്ടാമത്തെ സിനിമ കണ്ടുകഴിയുന്നതോടെ അവർ നിങ്ങളോടൊപ്പം നിങ്ങളുടെ യാത്രയിലാണെന്ന് ഞാൻ കരുതുന്നു. ഞാൻ വളരുകയും മുന്നേറുകയും ചെയ്യുന്നുവെന്ന് ഞാൻ കരുതുന്നു, അവരും അങ്ങനെ തന്നെ. അവർ നിങ്ങളെ നിരീക്ഷിക്കുന്നു, നിങ്ങൾ വളരുമ്പോൾ അവർ നിങ്ങളെ സ്വീകരിക്കുന്നു. ഓരോ സിനിമയും വ്യത്യസ്തമായിരിക്കണമെന്ന് ഞാൻ കരുതുന്നു. എന്തിനാണ് ഒരാൾ ഒരേ റോളുകൾ വീണ്ടും വീണ്ടും ചെയ്യുന്നത്?. ചില സമയത്ത് ജനങ്ങൾ അതിനെ ഇഷ്ടപ്പെടാം, പക്ഷേ ചിലപ്പോൾ അങ്ങനെയാവില്ല. ഒരു നടിയെന്ന നിലയിൽ എപ്പോഴും വ്യത്യസ്ത റോളുകൾ ചെയ്യാനാണ് എനിക്ക് ആഗ്രഹം. ഒരു പ്രോജക്ട് കൊണ്ട് അതിനു കഴിയില്ല, നിങ്ങൾ പ്രയത്നിക്കുക, വ്യത്യസ്ത കാര്യങ്ങൾ ചെയ്യുക.
ഇന്ത്യയിൽ എത്തിയപ്പോൾ ജീവിതത്തിലും കരിയറിലെയും വഴിത്തിരിവായത് എന്താണ്?
എനിക്ക് ഒരു കാര്യം കൃത്യമായി ചൂണ്ടിക്കാണിക്കാൻ കഴിയുമോ എന്ന് ഉറപ്പില്ല. ലൈല (റയീസിലെ ഐറ്റം സോങ്) വളരെ നല്ലൊരു അനുഭവമാണ്, എനിക്ക് ഷാരൂഖ് ഖാനോടൊപ്പം അഭിനയിക്കാൻ സാധിച്ചു. വളരെ മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. പിന്നീട് പല കാര്യങ്ങളും മെച്ചപ്പെട്ടതായി മാറി. എന്റെ ബയോപിക്കിന്റെ ഷൂട്ടിങ് ജീവിതത്തിലെ മനോഹര നിമിഷമായിരുന്നു. കാരണം എന്റെ കാഴ്ചപ്പാടിൽനിന്ന് ജനങ്ങൾ എന്റെ ജീവിത കഥ കണ്ടു.
നിങ്ങളുടെ ഇതുവരെയുള്ള യാത്ര, നേരിട്ട ദുരനുഭവങ്ങൾ, വിശ്വസ്തരായ ഒരു കൂട്ടം ആരാധകർ, ഇപ്പോൾ എന്തു തോന്നുന്നു?
ഇന്ത്യയിൽ ജോലി സാധ്യതകൾ തേടി വിമാനം കയറുന്ന നിമിഷത്തിൽ മുംബൈയിൽ ഒരു വീട് വാങ്ങുമെന്ന് ഒരിക്കലും കരുതിയില്ല, പക്ഷേ ഞാനത് സാധിച്ചു. ഇവിടെനിന്നും ഒരു പെൺകുട്ടിയെ ദത്തെടുത്തു, ഞാനെന്റെ രണ്ടു ആൺമക്കളെ ഇവിടെ വളർത്തുന്നു. എന്റെ ഹൃദയം നിറഞ്ഞു. എനിക്കൊരു മേക്കപ്പ് ബ്രാൻഡ് ഉണ്ട്, ഈ മനോഹരമായ ഓഫീസ്, സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കുന്നതിനുള്ള ഒരു യാത്രയാണിത്. ഒരുപാട് മോശം കാര്യങ്ങൾ ഈ യാത്രയിൽ സംഭവിച്ചു, പക്ഷേ അതൊക്കെ നിങ്ങളെ ശക്തനായ വ്യക്തിയാക്കും. എല്ലാ മോശം നിമിഷങ്ങളും കടന്ന് ഒരു മഹത്തായ നിമിഷത്തിലാണ് ഞാൻ ഇന്ന് ജീവിക്കുന്നത്. സംഭവിച്ച മോശം കാര്യങ്ങളെ ഓർത്ത് വിഷമിക്കാതെ നമ്മൾ അങ്ങനെ ജീവിക്കണം. നല്ല കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.
Also Read: ഇന്നിന്റെ യാഥാർത്ഥ്യമാവുന്ന ഒരോർമ്മപ്പെടുത്തൽ; ‘പട’ സംവിധായകൻ കമൽ അഭിമുഖം