സണ്ണി ലിയോണിന്റെയും ഡാനിയൽ വെബ്ബറിന്റെയും പതിനൊന്നാം വിവാഹവാർഷികമാണ് ഇന്ന്. വിവാഹ വാർഷിക ദിനത്തിൽ സണ്ണി ലിയോൺ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ കവരുന്നത്. ഇല്ലായ്മയുടെ കാലത്തായിരുന്നു തങ്ങളുടെ വിവാഹമെന്നും തിരിഞ്ഞുനോക്കുമ്പോൾ ഇന്നെത്തി നിൽക്കുന്നയിടത്തെ കുറിച്ചോർത്ത് അഭിമാനം തോന്നുന്നുവെന്നും സണ്ണി കുറിക്കുന്നു.
“ഞങ്ങൾക്ക് പണമില്ലാതിരുന്ന കാലം, 50-ൽ താഴെ അതിഥികൾ, റിസപ്ഷന്റെ പണമടയ്ക്കാൻ വിവാഹസമ്മാനമായി ലഭിച്ച ഗിഫ്റ്റ് കവർ തുറക്കൽ, അലങ്കോലമായ ഫ്ലവർ ഡെക്കറേഷൻ, മദ്യപിച്ച് മോശം പ്രസംഗങ്ങൾ നടത്തിയവർ….. നമ്മൾ ഒരുമിച്ച് എത്രത്തോളം എത്തി എന്നതിന്റെ ഓർമ്മപ്പെടുത്തൽ.. നമ്മൾ പങ്കിട്ട സ്നേഹം കൂടാതെ ഇതൊന്നും സാധ്യമായിരുന്നില്ല. ഞങ്ങളുടെ വിവാഹ കഥ എനിക്ക് ഇഷ്‌ടമാണ്, കാരണം ഇത് ഞങ്ങളുടെ യാത്രയാണ്. ഹാപ്പി ആനിവേഴ്സറി ബേബി!,” സണ്ണി കുറിക്കുന്നു.
മൂന്ന് കുട്ടികളാണ് സണ്ണി ലിയോണ്‍-ഡാനിയല്‍ വെബ്ബര്‍ ദമ്പതിമാര്‍ക്കുള്ളത്. നിഷയാണ് മൂത്തത്. നിഷയെ സണ്ണിയും വെബ്ബറും ചേര്‍ന്ന് ദത്തെടുക്കുകയായിരുന്നു. 2017 ലാണ് സണ്ണി ലിയോണും ഭർത്താവ് ഡാനിയൽ വെബ്ബറും ചേർന്ന് ഒന്നര വയസ്സു പ്രായമുള്ള നിഷയെ ദത്തെടുക്കുന്നത്. ഒരു അനാഥാലയത്തിൽ സണ്ണി ലിയോൺ സന്ദർശനം നടത്തിയപ്പോഴാണ് കുഞ്ഞിനെ ദത്തെടുക്കാനുള്ള അപേക്ഷ നൽകിയത്.
പിന്നാലെ സരോഗസിയിലൂടെ നോഹ്, അഷര്‍ എന്നി ഇരട്ടക്കുട്ടികളുടേയും അമ്മയും അച്ഛനുമായി ഇരുവരും. ഇരട്ടക്കുട്ടികളായ നോഹയ്ക്കും ആഷറിനും മൂന്നു വയസ്സ് തികഞ്ഞു.
ഒരു അഭിമുഖത്തില്‍ നിഷയെ വളര്‍ത്തുന്നതിനെ കുറിച്ച് സണ്ണി ലിയോണ്‍ പറഞ്ഞത് ഇങ്ങനെയാണ്. ”അവള്‍ രാവിലെ ഏഴുന്നേല്‍ക്കുമ്പോള്‍ ആദ്യം കാണുന്നതും രാത്രി ഉറങ്ങും മുമ്പ് അവസാനമായി കാണുന്നതും ഞങ്ങളെയാണ്. അവളുടെ ഡയപ്പര്‍ മാറ്റുന്നത് ഞങ്ങളാണ്. ഒന്നിരിച്ചിരുന്ന് ടിവി കാണും. ഒരുദിവസം തന്നെ പല തവണയാണ് വെബ്ബര്‍ അവളെ പാര്‍ക്കിലേക്ക് കൊണ്ടു പോകുന്നത്”. താരമെന്ന പ്രവിലേജിനിടയിലും തന്റെ മകളുടെ കാര്യങ്ങള്‍ കണ്ടറിഞ്ഞ് അവളെ വളര്‍ത്തുന്ന അമ്മയായി മാറുകയാണ് സണ്ണി.
സ്വാതന്ത്ര്യമുള്ള വ്യക്തികളായി തന്റെ മക്കള്‍ വളരണമെന്ന് ആഗ്രഹിക്കുന്ന അമ്മയാണ് സണ്ണി ലിയോണ്‍. ”അമേരിക്കയില്‍ എങ്ങനെയാണെന്ന് അറിയാമല്ലോ? നമ്മള്‍ സ്വയം ഭക്ഷണമുണ്ടാക്കും. തുണിയലക്കുന്നതും വീട് നോക്കുന്നതും എല്ലാം സ്വയമാണ്. സഹായത്തിന് ആളുണ്ടെങ്കിലും ഇന്ത്യയിലും ഞങ്ങള്‍ അങ്ങനെയാണ് ജീവിക്കുന്നത്. ഞങ്ങളുടെ മക്കളേയും അങ്ങനെയാണ് വളര്‍ത്തുന്നത്. നിഷയ്ക്ക് സ്വന്തം മുറിയുണ്ട്. അവളുടെ ആ സ്‌പെയ്‌സ് നിഷ ഇഷ്ടപ്പെടുന്നു” സണ്ണി പറയുന്നു.
മക്കള്‍ക്ക് അവരവരുടേതായ വ്യക്തി സ്വാതന്ത്ര്യമുണ്ടെന്ന് വിശ്വസിക്കുന്ന സണ്ണിയും വെബ്ബറും തങ്ങളുടെ മകള്‍ നിഷയെ ദത്തെടുത്തിനെ കുറിച്ച് അവളോട് മറച്ച് വെക്കാന്‍ ആഗ്രഹിക്കുന്നവരല്ല.
”ഈ വസ്തുത അവളോട് പറഞ്ഞേ തീരു. ദത്തെടുക്കലിന്റെ പേപ്പറുകള്‍ മുതല്‍ എല്ലാം അവളെ കാണിക്കും. അവളുടെ അമ്മ അവളെ ഉപേക്ഷിച്ചതല്ലെന്ന് നിഷ അറിയണം. അവരവളെ ഒമ്പത് മാസം വയറ്റില്‍ ചുമന്നതാണ്. ഞാനവളുടെ യഥാര്‍ത്ഥ അമ്മയല്ല. പക്ഷെ അവളുടെ ആത്മാവുമായാണ് ഞാന്‍ ബന്ധപ്പെട്ടിരിക്കുന്നത്.” ഒരു അഭിമുഖത്തില്‍ സണ്ണി പറഞ്ഞത് ഇങ്ങനെയായിരുന്നു.
Read more: എത്രയോ പേർക്ക് നീ റോൾ മോഡലാണ്; സണ്ണി ലിയോണിന് പ്രിയതമന്റെ ജന്മദിനാശംസകൾ