ബോളിവുഡ് താരം സണ്ണി ലിയോണിന്റെ ജീവിത കഥ പറയുന്ന ‘കരണ്‍ജിത് കൗര്‍-ദി അണ്‍ടോള്‍ഡ് സ്‌റ്റോറി ഓഫ് സണ്ണി ലിയോണ്‍’ എന്ന ചിത്രത്തെക്കുറിച്ച് കൂടുതല്‍ വിശദീകരണവുമായി സംവിധായകന്‍ ആദിത്യ ദത്ത്. ചിത്രത്തിലൂടെ സണ്ണി ലിയോണിന്റെ ഇമേജിനെ വെള്ളപൂശാന്‍ താന്‍ ശ്രമിച്ചിട്ടില്ലെന്ന് ആദിത്യ ദത്ത് ഇന്ത്യന്‍ എക്‌സ്‌പ്രസിനോട് പറഞ്ഞു.

‘സണ്ണി ലിയോണിന്റെ ഇമേജിനെ വെള്ളപൂശാനുള്ള ഒരു ശ്രമവും ചിത്രത്തില്‍ ഉണ്ടാകില്ലെന്ന് തുടക്കം മുതലേ ഞങ്ങള്‍ തീരുമാനിച്ചിരുന്നു. സ്വന്തം ജീവിതം എങ്ങനെ വേണമെന്ന് തീരുമാനിച്ച്, ആ തീരുമാനങ്ങളില്‍ ഒരു കുറ്റബോധവും തോന്നാതെ ഉറച്ചുനിന്നിട്ടുള്ള ആളാണ് സണ്ണി എന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. അവരുടെ കുടുംബത്തോടും അവനവനോടും മാത്രമേ അവര്‍ക്ക് ഉത്തരം പറയേണ്ടതുള്ളൂ. ഈ ബയോപിക്കില്‍ ഉള്‍പ്പെടുത്തേണ്ട ഭാഗങ്ങളെക്കുറിച്ച് ഞങ്ങള്‍ക്കിടയില്‍ നിരവധി ചര്‍ച്ചകള്‍ നടന്നിരുന്നു. ഭാഗ്യവശാല്‍ അതെല്ലാം വെബ് സീരീസിലുണ്ട്. സെന്‍സര്‍ബോര്‍ഡ് അതിനൊന്നും കത്തിവച്ചിട്ടില്ല. അവരുടെ ജീവിതത്തിലെ വസ്തുതകളും സാഹചര്യങ്ങളും മാത്രമേ ചിത്രീകരിക്കാന്‍ ഞങ്ങള്‍ ശ്രമിച്ചിട്ടുള്ളൂ,’ സംവിധായകന്‍ വ്യക്തമാക്കി.

ഇന്നുമുതലാണ് വെബ് സീരീയല്‍ സീ5 സൈറ്റില്‍ ആരംഭിക്കുന്നത്. റൈസയാണ് സണ്ണിയുടെ ചെറുപ്പകാലം അവതരിപ്പിക്കുന്നത്. അതേസമയം ചിത്രത്തിന്റെ പേരിനെതിരെ സിഖ് സംഘടനകള്‍ രംഗത്തെത്തിയിരുന്നു.

പേരിനൊപ്പമുള്ള ‘കൗര്‍’ ആണ് വിവാദങ്ങള്‍ക്ക് കാരണം. സിഖ് മതവിശ്വാസം പിന്തുടരാത്ത താരത്തിന് കൗര്‍ എന്ന പ്രയോഗം ഉപയോഗിക്കാന്‍ യോഗ്യതയില്ലെന്നാണ് എസ്ജിപിസി ഉന്നയിക്കുന്ന വാദം. ഇത് മതവിശ്വാസം വ്രണപ്പെടുത്തുന്നതിനു തുല്യമാണെന്നും സണ്ണി പരസ്യമായി മാപ്പു പറയണമെന്നും എസ്ജിപിസി അഡീഷണല്‍ സെക്രട്ടറി ദില്‍ജിത് സിങ് ബോദി പറഞ്ഞിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook