പോൺ സ്റ്റാറായി കരിയർ തുടങ്ങി പിന്നീട് ബോളിവുഡിലെ മുൻനിര താരമായി ഉയർന്ന അഭിനേത്രിയാണ് സണ്ണി ലിയോൺ. 19-ാം വയസ്സിലാണ് പോൺ ഫിലിം ഇൻഡസ്ട്രിയിൽ സണ്ണി ലിയോൺ എത്തുന്നത്. കരിയർ ആരംഭിച്ച നാളുകളിൽ ഇന്ത്യയിൽ നിന്നും തനിക്കെതിരെ വിദ്വേഷ സന്ദേശങ്ങളും വധഭീഷണിയും ലഭിച്ചിരുന്നുവെന്നും സണ്ണി ലിയോൺ വെളിപ്പെടുത്തുന്നു.
കരിയറിന്റെ തുടക്കത്തിൽ നേരിടേണ്ടി വന്ന ഇത്തരം അനുഭവങ്ങൾ കൊണ്ടുതന്നെ, ബിഗ് ബോസിൽ നിന്നും അവസരം തേടിയെത്തിയപ്പോൾ ആദ്യം നോ പറഞ്ഞുവെന്നും സണ്ണി ലിയോൺ പറയുന്നു. കാരണം ഇന്ത്യയിലെ ആളുകൾ തന്നെ അങ്ങേയറ്റം വെറുക്കുന്നുവെന്നായിരുന്നു തന്റെ വിശ്വാസമെന്നും സണ്ണി പറഞ്ഞു.
“എന്റെ ജീവിതത്തിലെ ആ ഘട്ടത്തിൽ ഞാൻ ആഗ്രഹിച്ചത്, എന്നെ ആരും വിധിക്കരുതെന്നാണ്. പക്ഷെ യഥാർത്ഥത്തിൽ ഞാനുമതുതന്നെയാണ് ചെയ്തത്. ഇന്ത്യയിൽ ആളുകൾ എന്നെ സ്വീകരിക്കാൻ പോകുന്നില്ല എന്ന് ഞാൻ മനസ്സിൽ കരുതി. എന്നോട് മോശമായി പെരുമാറാൻ സാധ്യതയുള്ള ഒരിടത്തേക്ക് പോകാൻ ഞാൻ തയ്യാറായിരുന്നില്ല, പോകാൻ വിമുഖത കാണിച്ചു.”
ഇത്തരമൊരു മുൻധാരണയുണ്ടാവാൻ കാരണം ഇന്ത്യയിൽ നിന്നു തനിക്കു ധാരാളമായി ലഭിച്ചുകൊണ്ടിരുന്ന വിദ്വേഷ സന്ദേശങ്ങൾ കാരണമാണെന്നും സണ്ണി വ്യക്തമാക്കി. “എന്റെ കരിയറിന്റെ തുടക്കത്തിൽ, അഡൽറ്റ് എന്റർടെയ്ൻമെന്റ് ഇൻഡസ്ട്രിയിലേക്ക് ആദ്യമായി വന്നപ്പോൾ എനിക്ക് വളരെയധികം വിദ്വേഷ സന്ദേശങ്ങളും വധഭീഷണികളും മോശമായ പ്രതികരണങ്ങളും ലഭിച്ചു. ആ കത്തുകൾ ലഭിക്കുമ്പോൾ, എനിക്ക് 19-20 വയസ്സ് പ്രായം വരും. ആ പ്രായത്തിൽ ചില കാര്യങ്ങളൊക്കെ നമ്മളെ വല്ലാതെ ബാധിക്കുമല്ലോ. അതൊന്നും ഇപ്പോഴെന്നെ ബാധിക്കില്ലെങ്കിലും അന്നെന്നെ കുഴക്കിയിരുന്നു. ഞാൻ തനിച്ചായതിനാൽ എന്നെ ഗൈഡ് ചെയ്യാനും ‘ഇത് കുഴപ്പമില്ല, വിശ്രമിക്കൂ, വെറുക്കുന്നവരെക്കുറിച്ച് വിഷമിക്കേണ്ടതില്ല, നിങ്ങളെ ഇഷ്ടപ്പെടുന്നവരുമുണ്ട്’ എന്നൊന്നും സംസാരിക്കാനും ആ സമയത്ത് ആരുമില്ലായിരുന്നു. ട്രോളുകളോടുള്ള എന്റെ ആദ്യ ഏറ്റുമുട്ടലായിരുന്നു അത്, എല്ലാത്തരം മോശം കാര്യങ്ങളും ആളുകൾ എന്നെ കുറിച്ച് അന്നു സംസാരിച്ചു. ഒരു തരത്തിലും സണ്ണി ലിയോണായി ഇന്ത്യയിലേക്ക് പോകാൻ കഴിയില്ല, കാരണം ഇവിടുള്ളവർക്ക് എന്നോട് വളരെ ദേഷ്യമുണ്ട്. ഞാനിവിടെ എത്തിയാൽ ഇവിടുള്ളവർ എന്നോട് ദേഷ്യത്തോടെ പെരുമാറും എന്നൊക്കെയായിരുന്നു എന്റെ വിചാരം. “
എന്നാൽ ഇന്ത്യയിലെത്തിയപ്പോൾ തന്റെ മുൻധാരണയ്ക്ക് നേരെ വിപരീതമായ കാര്യങ്ങളാണ് സംഭവിച്ചതെന്നും തനിക്ക് തെറ്റിപ്പോയെന്നും സണ്ണി ലിയോൺ സമ്മതിക്കുന്നു. “ഞാൻ ചിന്തിച്ചത് തെറ്റായിരുന്നു. ഞാൻ ആളുകളെ മുൻധാരണയോടെ വിധിക്കുകയായിരുന്നു. ഇവിടെ വന്നപ്പോൾ, ഭൂരിപക്ഷം പേരും (തൊണ്ണൂറു ശതമാനത്തോളം ആളുകളും) എന്നെ വിധിക്കാൻ നിന്നില്ല, അവരെന്നെ പിന്തുണച്ചു. ശേഷിക്കുന്ന 10 ശതമാനം എനിക്ക് പ്രശ്നമല്ല,” സണ്ണി പറഞ്ഞു. പുതിയ ചിത്രമായ ‘ ഓ മൈ ഗോസ്റ്റി’ന്റെ പ്രമോഷനിടയിലാണ് സണ്ണി ലിയോൺ ഇക്കാര്യം പറഞ്ഞത്.