മലയാളക്കരയിലെ യുവാക്കളെ ഇളക്കി മറിച്ച് സണ്ണി ലിയോൺ കൊച്ചിയിലെത്തിയത് ഇന്നലെയായിരുന്നു. ആയിരക്കണക്കിനാളുകളാണ് സണ്ണി ലിയോണിനെ കാണാൻ എംജി റോഡിൽ തടിച്ചു കൂടിയത്. സണ്ണി ലിയോണെ കാണാൻ ആളുകൾ തടിച്ചുകൂടിയതിനെതിരെ ചില കോണുകളിൽ നിന്ന് വിമർശനം ഉയർന്നിരുന്നു.

ഈ വിഷയത്തിൽ സണ്ണി ലിയോണിന് ഇനുകൂലമായ നിലപാടുമായി രംഗത്തെത്തിയിരിക്കുകയാണ് നടിയും ആക്ടിവിസ്റ്റുമായ ബി അരുന്ധതി. പോണ്‍ ഇന്‍ഡസ്ട്രിയില്‍ അനുഭവിക്കാത്ത സ്ത്രീവിരുദ്ധത ബോളിവുഡില്‍ ഉണ്ടെന്ന് തുറന്നുപറഞ്ഞ, നിറം നോക്കാതെ കുഞ്ഞിനെ ദത്തെടുത്ത, കോണ്ടം പരസ്യത്തില്‍ അഭിനയിക്കുന്നത് മനുഷ്യരുടെ നന്മയ്ക്കാണെന്ന് പറഞ്ഞ സണ്ണി ലിയോണി സൂപ്പറാണെന്ന് അരുന്ധതി ഫെയ്സ്ബുക്കിൽ കുറിച്ചു. പ്രവര്‍ത്തിയില്‍ ഫെമിനിസമുള്ള സ്ത്രീയാണ് സണ്ണി ലിയോണെന്നും അവരെ കാണാൻ ജനങ്ങൾ തടിച്ചു കൂടുക തന്നെ വേണമെന്നും അരുന്ധതി അഭിപ്രായപ്പെടുന്നു.

അരുന്ധതിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം കാണാം:

പോണ്‍ ഇന്‍ഡസ്ട്രിയില്‍ അനുഭവിക്കാത്ത സ്ത്രീവിരുദ്ധത ബോളിവുഡില്‍ ഉണ്ടെന്ന് തുറന്നുപറഞ്ഞ, നിറം നോക്കാതെ കുഞ്ഞിനെ ദത്തെടുത്ത, കോണ്ടം പരസ്യത്തില്‍ അഭിനയിക്കുന്നത് മനുഷ്യരുടെ നന്മയ്ക്കാണെന്ന് പറഞ്ഞ സണ്ണി ലിയോണി സൂപ്പറാണ്.
കുത്തകകള്‍ക്ക് വേണ്ടി സ്ത്രീശാക്തീകരണ പരസ്യങ്ങളില്‍ നിന്നുകൊടുക്കാത്ത, പ്രവര്‍ത്തിയില്‍ ഫെമിനിസമുള്ള സ്ത്രീ.
അവരെ കാണാന്‍ ആളുകള്‍ തടിച്ചുകൂടുകതന്നെ വേണം. പക്ഷെ കൊച്ചിയില്‍ ഇന്നുകണ്ട ആണ്‍കൂട്ടം 2014 നവംബര്‍ 2 ന് ഉമ്മ കാണാന്‍ വന്നവരുടെ പുനഃസമാഗമമല്ലേ എന്ന് വര്‍ണ്ണ്യത്തിലാശങ്ക!
സണ്ണി ലിയോണിയെന്ന, സുന്ദരിയും ധീരയുമായ സൂപ്പര്‍സ്റ്റാറിന്‍റെ ആരാധകരെക്കൊണ്ട് കൊച്ചി സ്തംഭിക്കുന്ന ഒരു ദിവസമുണ്ടാകട്ടെ!

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook