ബോളിവുഡ് നടനും ബിജെപി സ്ഥാനാർത്ഥിയുമായ സണ്ണി ഡിയോളിന്റെ കാർ ഇലക്ഷൻ പ്രചാരണത്തിനിടെ അപകടത്തിൽപ്പെട്ടു. ഗുർദാസ്‌പൂർ ദേശീയപാതയിലെ സൊഹാൽ ഗ്രാമത്തിലെ ഗുരുദ്വാരയ്ക്ക് സമീപത്തുവെച്ചാണ് സണ്ണിയുടെ വാഹനം അപകടത്തിൽപ്പെട്ടത്.

തെറ്റായ ദിശയിൽ കൂടി വന്ന ഒരു കാർ സണ്ണി ഡിയോളിന്റെ കാറിൽ ഇടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. പെട്ടെന്നുള്ള അപകടത്തിൽ സമീപത്തുണ്ടായിരുന്ന രണ്ടു കാറുകളിൽ കൂടി കൂട്ടിയിടിക്കുകയും ഇടിയുടെ ആഘാതത്തിൽ സണ്ണി സഞ്ചരിച്ചിരുന്ന കാറിന്റെ ടയർ പൊട്ടുകയും നിയന്ത്രണം വിട്ട് ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയുമായിരുന്നു എന്ന് ഗുർദാസ്‌പൂർ ഡി എസ് പി മഞ്ജിത് സിംഗ് പറയുന്നു.

അപകടത്തിൽ പെട്ട മൂന്നു കാറുകൾ സണ്ണിയുടെ സംഘത്തിലേതായിരുന്നു. ഇലക്ഷൻ ക്യാമ്പെയ്ൻ നടക്കുന്ന ഫത്തേഗഡ് ചുരിയാനിലേക്കുള്ള യാത്രാമധ്യേ ആയിരുന്നു സണ്ണി ഡിയോളും സംഘവും. അപകടത്തിൽ ആർക്കും പരിക്കില്ലെന്നും പോലീസ് വൃത്തങ്ങൾ അറിയിക്കുന്നു.

ഗുർദാസ്‌പൂർ ലോക്സഭാ മണ്ഡലത്തിൽ നിന്നാണ് സണ്ണി ഡിയോൾ മത്സരിക്കുന്നത്. സണ്ണി ഡിയോളിന്റെ പ്രധാന എതിരാളി കോണ്‍ഗ്രസിലെ സുനിൽ ജാഖർ ആണ്.

Read more: നടന്‍ സണ്ണി ഡിയോള്‍ ബിജെപിയില്‍ ചേര്‍ന്നു

2004ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സണ്ണി ഡിയോളിന്റെ പിതാവ് ധര്‍മേന്ദ്ര രാജസ്ഥാനിലെ ബിക്കാനീറില്‍ നിന്നും മത്സരിച്ച് വിജയിച്ചിരുന്നു. മധുരയില്‍ നിന്നും മത്സരിക്കുന്ന ഭാര്യ ഹേമമാലിനിക്ക് വേണ്ടി ധര്‍മേന്ദ്ര തിരഞ്ഞെടുപ്പ് പ്രചാരണത്തിലും പങ്കെടുത്തിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തില്‍ മേയ് 19നാണ് പഞ്ചാബിൽ വോട്ടെടുപ്പ് നടക്കുന്നത്. മേയ് 23 നാണ് വോട്ടെണ്ണല്‍.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook