ദുൽഖർ സൽമാനെ നായകനാക്കി ആർ ബാൽകി സംവിധാനം ചെയ്ത ബോളിവുഡ് ചിത്രം ‘ചുപ്: റിവഞ്ച് ഓഫ് ദി ആര്‍ട്ടിസ്റ്റ്’ ഇന്ന് തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. സംസ്ഥാനത്ത് ദേശീയ-സംസ്ഥാന നേതാക്കളുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് പോപ്പുലർ ഫ്രണ്ട് നടത്തുന്ന ഹര്‍ത്താല്‍ ആയതിനാൽ കേരളത്തിലെ തിയേറ്ററുകളിൽ ചുപിന് ആദ്യഷോകൾ ഇല്ല.
ആർ ബൽകി സംവിധാനം ചെയ്യുന്ന ‘ചുപ്’ ഒരു ത്രില്ലർ ചിത്രമാണ്. ദുൽഖറിനൊപ്പം സണ്ണി ഡിയോൾ, പൂജ ഭട്ട് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ഒരിടവേളയ്ക്ക് ശേഷം സണ്ണി ഡിയോൾ ശ്രദ്ധേയമായ വേഷത്തിൽ തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് ചുപ്. ഒരു പൊലീസ് ഓഫീസറായാണ് സണ്ണി ഡിയോൾ ചിത്രത്തിലെത്തുന്നത്.
ചുപിന്റെ പ്രിവ്യൂ കണ്ടിറങ്ങിയതിനു ശേഷം ഈറനണിഞ്ഞ കണ്ണുകളോടെ മക്കളെ ആലിംഗനം ചെയ്യുന്ന സണ്ണി ഡിയോളിന്റെ ഒരു വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്. മക്കളായ കരൺ, രാജ്‌വീർ എന്നിവരെ ആലിംഗനം ചെയ്യുകയാണ് സണ്ണി ഡിയോൾ.
സണ്ണി ഡിയോളിന്റെയും മകൻ കരണും സിനിമരംഗത്തു തന്നെയാണ് പ്രവർത്തിക്കുന്നത്. അസിസ്റ്റന്റ് ഡയറക്ടറായി സിനിമയിലെത്തിയ കരൺ സണ്ണി ഡിയോൾ സംവിധാനം ചെയ്ത ‘പൽ പൽ ദിൽ കെ പാസ്’ എന്ന ചിത്രത്തിലൂടെ നായകനായും അരങ്ങേറ്റം കുറിച്ചിരുന്നു.
ദുൽഖർ നായകനാവുന്ന മൂന്നാമത്തെ ഹിന്ദി ചിത്രമാണ് ‘ചുപ്’. ദുൽഖറിന്റെ മുൻ ബോളിവുഡ് ചിത്രങ്ങളായ കാർവാൻ, ദ സോയ ഫാക്ടർ എന്നീ ചിത്രങ്ങൾക്ക് വലിയ ഓളം ഉണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ചിത്രം തിയേറ്ററിൽ എത്തും മുൻപു തന്നെ കാണാൻ അവസരം കിട്ടിയ പ്രേക്ഷകർക്ക് മികച്ച അഭിപ്രായമാണ് ചിത്രത്തെ കുറിച്ചുള്ളത്. ഇതേ രീതിയിൽ തിയേറ്റർ റെസ്പോൺസും ലഭിച്ചാൽ, ഹിന്ദിയിലെ ദുൽഖറിന്റെ ആദ്യ ഹിറ്റാവാനും മുൻനിര നായകന്മാർക്കൊപ്പം തന്നെ ദുൽഖറിന്റെ പേര് ശ്രദ്ധിക്കപ്പെടാനും ചുപ് കാരണമാവും. ദുൽഖറിന്റെ ബോളിവുഡ് ഭാവി നിർണയിക്കുമോ ചുപ് എന്നറിയാനുള്ള കാത്തിരിപ്പിലാണ് താരത്തിന്റെ ആരാധകർ.