പ്രിയദർശൻ ചിത്രം ‘മരക്കാർ: അറബിക്കടലിന്റെ സിംഹ’ത്തിലൂടെ സുനിൽ ഷെട്ടിയും മലയാളസിനിമയിലേക്ക് തിരിച്ചുവരുന്നു. ‘മരക്കാറി’ലെ സുനിൽ ഷെട്ടിയുടെ ഫസ്റ്റ് ലുക്ക് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുകയാണ്. ‘ട്രോയ്’ എന്ന ഹോളിവുഡ് ചിത്രത്തിലെ വേഷവിതാനങ്ങളെ ഓർമ്മിപ്പിക്കുന്നുണ്ട് സുനിൽ​ ഷെട്ടിയുടെ ‘മരക്കാർ’ ലുക്ക്. പതിനാറാം നൂറ്റാണ്ടിന്റെ ചരിത്രപശ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രത്തിൽ ഒരു യോദ്ധാവായാണ് 57 കാരനായ സുനിൽ ഷെട്ടിയെത്തുന്നത്. ചിത്രത്തിൽ വാൾപയറ്റും ആയോധനമുറകളുമൊക്കെയായി നിരവധി ആക്ഷൻ സ്വീകൻസുകൾ സുനിൽ ഷെട്ടിയ്ക്ക് ഉണ്ടെന്നാണ് റിപ്പോർട്ട്.

ആദ്യകാലത്ത് ഒരു ആക്ഷൻ നായകനായി ശ്രദ്ധിക്കപ്പെട്ട സുനിൽ ഷെട്ടിയ്ക്ക് കരിയറിൽ ബ്രേക്ക് നൽകിയ ചിത്രമായിരുന്നു പ്രിയദർശൻ സംവിധാനം ചെയ്ത ‘ഹേര ഫേരി’. മലയാളചിത്രമായ ‘റാംജിറാവു സ്പീക്കിംഗി’ന്റെ ഹിന്ദി റിമേക്കായ ഈ ചിത്രം ഒരു ആക്ഷൻ നായകൻ എന്ന സുനിൽ ഷെട്ടിയുടെ പ്രതിച്ഛായ മാറ്റിയ ചിത്രമായിരുന്നു. തുടർന്ന് നിരവധി പ്രിയദർശൻ ചിത്രങ്ങളിൽ സുനിൽ ഷെട്ടി അഭിനയിച്ചു. പ്രിയദർശന്റെ മലയാളചിത്രമായ ‘കാക്കക്കുയിലി’ലും അതിഥി വേഷത്തിൽ സുനിൽ ഷെട്ടിയെത്തിയിരുന്നു. ‘ദേ ദനാ ദൻ’ എന്ന ചിത്രത്തിലാണ് ഇരുവരും അവസാനം ഒന്നിച്ചത്. പത്തു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ‘മരക്കാറി’ലൂടെ ഇരുവരും വീണ്ടുമൊന്നിക്കുന്നത്. ബ്ലെസിയുടെ ‘കളിമണ്ണി’ലെ ഒരു ഗാനരംഗത്തിലും മുൻപ് സുനിൽ ഷെട്ടി അഭിനയിച്ചിരുന്നു.

സാമൂതിരി രാജവംശത്തിന്റെ നാവികമേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ കഥയാണ് ചിത്രം പറയുന്നത്. മോഹൻലാൽ ടൈറ്റിൽ റോളിലെത്തുന്ന ചിത്രത്തിൽ സുനിൽ ഷെട്ടിയെ കൂടാതെ മഞ്ജു വാര്യർ, കീർത്തി സുരേഷ്, മധു, അർജുൻ സാർജ, പ്രഭു, പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, സംവിധായകൻ ഫാസിൽ എന്നിവരും അഭിനയിക്കുന്നുണ്ട്. കൂടാതെ സൗത്ത് ഇന്ത്യയിലെയും ബോളിവുഡിലെയും താരങ്ങളും ബ്രിട്ടീഷ്, ചൈനീസ് നടീനടന്മാരും ചിത്രത്തിലുണ്ടാവുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

150 കോടി ബഡ്ജറ്റിലാണ് ചിത്രം ഒരുക്കുന്നത്. സിനിമയുടെ ചിത്രീകരണം ഏപ്രിൽ അവസാനത്തോടെ പൂർത്തിയാക്കാനാണ്​ അണിയറക്കാരുടെ ശ്രമം. പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾക്ക് ശേഷം 2020 ഒാടെ ചിത്രം റിലീസിനെത്തിക്കാനാണ് അണിയറപ്രവർത്തകരുടെ ശ്രമം. വിഷ്വൽ ഇഫക്റ്റുകൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ വർക്കുകൾ ഒരു ഇന്റർനാഷണൽ സ്റ്റുഡിയോയെ ആണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്,ഹിന്ദി ഭാഷകളിലും ചിത്രം റിലീസിനെത്തും. ചൈനയിലും ചിത്രത്തിന് റിലീസ് ഉണ്ടായിരിക്കും.

Read more: ക്യാമറയ്ക്ക് മുന്‍പില്‍ മകള്‍ കല്യാണി: ഒരിക്കലും പ്രതീക്ഷിക്കാത്ത അവസരം എന്ന് പ്രിയദര്‍ശന്‍

തിരു ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. ബാഹുബലിയുടെ കലാസംവിധാനം നിർവ്വഹിച്ച സാബു സിറിൽ ആണ്ക മരക്കാറിന്റെ സെറ്റും ഒരുക്കുന്നത്. ചിത്രത്തിനു വേണ്ടി വലിയ കപ്പലുകളാണ് സാബു സിറിൽ ഒരുക്കിയത്. മരക്കാറിന്റെ ചിത്രീകരണം ഹൈദരാബാദ് റാമോജി ഫിലിം സിറ്റിയിൽ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. സിനിമയുടെ 75 ശതമാനം ഭാഗങ്ങളും റാമോജി ഫിലിം സിറ്റിയിൽ തന്നെയാണ് ചിത്രീകരിക്കുക. ഊട്ടി, രാമേശ്വരം എന്നിവിടങ്ങളാണ് ചിത്രത്തിന്റെ മറ്റു ലൊക്കേഷനുകൾ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook