ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകരുടെ പ്രിയ താരമാണ് ടീം നായകന്‍ സുനില്‍ ഛേത്രി. കളിയുടെ മികവുകൊണ്ടു മാത്രമല്ല, പെരുമാറ്റത്തിലെ എളിമകൊണ്ടു കൂടിയാണ് ഛേത്രി ആരാധക ഹൃദയങ്ങള്‍ കീഴടക്കിയത്. കഴിഞ്ഞദിവസം ഛേത്രിയുടെ 34-ാം പിറന്നാളായിരുന്നു.

ഇന്ത്യയുടെ നായകന് മലയാളത്തിന്റെ നായകന്‍ പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരുന്നു. മറ്റാരുമല്ല, മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലാണ് സുനില്‍ ഛേത്രിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. ഛേത്രിയുടെ തിരിച്ചുള്ള മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ആഘോഷിക്കപ്പെടുന്നത്. ‘ലാലേട്ടാ’ എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് ഛേത്രി മോഹന്‍ലാലിനോട് നന്ദി പറഞ്ഞത്.
‘ഒരുപാട് നന്ദി, ലാലേട്ടാ’ എന്നായിരുന്നു ഛേത്രിയുടെ മറുപടി.

മലയാളികള്‍ മാത്രമല്ല, കേരളത്തിനു പുറത്തുള്ളവരും മോഹന്‍ലാലിനെ സ്‌നേഹത്തോടെ ‘ലാലേട്ടാ’ എന്നു വിളിക്കുന്നത് അഭിമാനമായാണ് കേരളത്തിലെ ആരാധകര്‍ കണക്കാക്കുന്നത്. ഇപ്പോള്‍ മലയാളികളുള്‍പ്പെടെ ഉള്ളവരുടെ ആശംസകള്‍ കൊണ്ട് ഛേത്രിയുടെ ട്വിറ്റര്‍ ഹാന്‍ഡില്‍ നിറഞ്ഞിരിക്കുകയാണ്. മലയാളത്തിലും ഇംഗ്ലീഷിലുമെല്ലാം ആശംസകള്‍ എത്തിയിട്ടുണ്ട്.

കൂടാതെ 34-ാം പിറന്നാള്‍ ദിനത്തില്‍ വളരെ വിശേഷപ്പെട്ടൊരു സമ്മാനമാണ് ഛേത്രിക്ക് ലഭിച്ചിരിക്കുന്നത്. ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്റെ ‘ഐക്കണ്‍’ പദവിയാണ് അദ്ദേഹത്തെ തേടിയെത്തിയിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook