മറ്റ് ദേശങ്ങളിലും നാടുകളിലും വിവിധ ഭാഷകളിലുമുളളവരെ എന്നും മലയാള സിനിമ നെഞ്ചേറ്റിയിട്ടുണ്ട്. മലയാളത്തിന്റെ സ്വന്തമാക്കിയിട്ടുമുണ്ട്. പലരും മലയാളത്തിന്റെ പ്രിയ നായികാ-നായകന്മാരുമായിട്ടുണ്ട്. എന്നാല്‍ അവരില്‍ നിന്നെല്ലാം വ്യത്യസ്തമായൊരു മുഖമുണ്ട്. പല സിനിമകളിലും നമ്മള്‍ കണ്ടുപോയ ആ മുഖം കാണുമ്പോഴെല്ലാം ഇവന്‍ കൊളളാമല്ലോ എന്നും ചിന്തിച്ചിട്ടുണ്ടാകും.

സുമംഗള്‍ എന്ന അസം സ്വദേശി മലയാളിക്ക് ബിഗ് സ്‌ക്രീനില്‍ പരിചിതമായിട്ട് കുറച്ച് വര്‍ഷങ്ങളേ ആയിട്ടുളളൂ. ജീവിതത്തിന്റെ പുതിയ തീരങ്ങള്‍ തേടി അസമിലെ ഉദാല്‍ബുരി ജില്ലയിലെ സ്വന്തം വീട്ടില്‍ നിന്ന് സുമംഗള്‍ ജോലി തേടി കേരളത്തില്‍ വണ്ടി ഇറങ്ങിയപ്പോള്‍ ഒരിക്കലും വിചാരിച്ചിരുന്നില്ല, തന്റെ തലേവര തിരുത്തുന്ന ഇടമായി ഇവിടം മാറുമെന്ന്.

ആറു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സുമംഗള്‍ ജോലി തേടി കേരളത്തിലെത്തുന്നത്. കൊച്ചി ഇടപ്പളളിയിലെ ഒരു ബേക്കറിയില്‍ ജോലി ചെയ്യുന്നതിനിടയ്ക്കാണ് ആദ്യമായി സിനിമയിലേക്കുളള അവസരം കിട്ടുന്നത്. 2014ല്‍ മസാല റിപ്പബ്ലിക്കില്‍ തുടങ്ങി ഇപ്പോള്‍ ഒന്‍പത് ചിത്രങ്ങളില്‍ സുമംഗള്‍ അഭിനയിച്ചു കഴിഞ്ഞു.

sumangal

ഒരു ഞായറാഴ്ച റോഡിലൂടെ നടന്നു പോകുകയായിരുന്ന സുമംഗളിന്റെ അടുത്ത് അപ്രതീക്ഷിതമായാണ് ആ ചോദ്യം വന്നത്. ബൈക്കില്‍ വന്നയാള്‍ നിങ്ങളുടെ കൂട്ടത്തില്‍ അഭിനയിക്കാന്‍ അറിയുന്ന ആരെങ്കിലുമുണ്ടോയെന്ന് ചോദിച്ചു. തന്റെ പക്കല്‍ അങ്ങനെയാരുമില്ലെന്നും എന്നെ മാത്രമേ അറിയൂവെന്നും തമാശയ്ക്ക് സുമംഗള്‍ പറഞ്ഞു. മസാല റിപ്പബ്ലിക്കിന്റെ സഹസംവിധായകനായിരുന്നു അത്. സ്‌ക്രീന്‍ ടെസ്റ്റിന് എത്താന്‍ പറഞ്ഞ് പിന്നാലെ വിളിയുമെത്തി. സുമംഗളിന്റെ കഴിവ് സംവിധായകന്‍ വിശാഖ് ജി.എസ് അന്നേ തിരിച്ചറിഞ്ഞു. അങ്ങനെയാണ് മസാല റിപ്പബ്ലിക്കിലെ സഞ്ജു ഭായ് ആകുന്നത്.

‘കേരളത്തിലെത്തുന്ന സമയത്ത് സിനിമയെന്താണെന്നോ എങ്ങനെയാണെന്നോ ഒന്നും അറിയില്ലായിരുന്നു. പക്ഷേ ആദ്യ ചിത്രത്തിനു ശേഷം വീണ്ടും പലരും വിളിച്ചു. അങ്ങനെ അത് തുടര്‍ന്നു. ഇപ്പോഴും സിനിമയിലേക്ക് വിളിക്കുമ്പോള്‍ ഇവിടെ നിന്ന് അവധിയെടുത്ത് പോകും, തിരിച്ചുവരും,’ ഇപ്പോഴും എല്ലാം സ്വപ്‌നം പോലെ തോന്നുന്ന സുമംഗളിന് സിനിമ കൂടി ജീവിതത്തിലേക്ക് വന്നതല്ലാതെ തന്റെ ജീവിതത്തിന് മാറ്റമൊന്നും ഉണ്ടായിട്ടില്ലെന്നും പറയുന്നു.

sumangal

പളളിമുക്കിലെ ബേക്കറിയിലേക്ക് സാധനങ്ങള്‍ എത്തിക്കുന്ന ഓട്ടോ ഓടിക്കുന്നതാണ് സുമംഗളിന്റെ പ്രധാന വരുമാന മാര്‍ഗം. അതുകൊണ്ടുതന്നെ സിനിമ സുമംഗളിനെ ഭ്രമിപ്പിച്ചിട്ടുമില്ല. മസാല റിപ്പബ്ലിക്കിലേക്ക് അഭിനയിക്കാന്‍ വിളിച്ചപ്പോള്‍ തനിക്ക് ബേക്കറിയില്‍ കിട്ടുന്ന ശമ്പളം മാത്രം തന്നാല്‍ മതിയെന്നാണ് സുമംഗള്‍ പറഞ്ഞതെന്ന് സംവിധായകന്‍ വിശാഖ് ജി.എസ് ഓര്‍ക്കുന്നു. സിനിമയില്‍ കൂടുതല്‍ കിട്ടുമെന്ന് പറഞ്ഞപ്പോഴും തനിക്ക് ലഭിക്കുന്ന ശമ്പളം മാത്രം മതിയെന്നാണ് സുമംഗള്‍ വീണ്ടും പറഞ്ഞത്. സുമംഗളിനെ നിര്‍ബന്ധിച്ചാണ് കൂടുതല്‍ തുക നല്‍കിയതെന്നും വിശാഖ് പറയുന്നു. അഭിനയിപ്പിക്കാന്‍ ഏറ്റവും റിസ്‌ക് കുറഞ്ഞ ആളാണ് സുമംഗളെന്നും വിശാഖിന്റെ അഭിപ്രായം.

ഷൂട്ടിങ്ങിനായി ബേക്കറിയില്‍ നിന്ന് അവധിയെടുത്ത് പോകുന്ന സുമംഗള്‍ പക്ഷേ തന്റെ സിനിമകള്‍ പോലും തിയേറ്ററില്‍ പോയി കാണാനുളള സമയം ലഭിക്കാറില്ലെന്ന് പറയുന്നു. കൂടുതല്‍ നീണ്ട സീനുകളില്‍ അഭിനയിച്ച സിനിമകള്‍ മാത്രമേ തിയേറ്ററില്‍ പോയി കണ്ടിട്ടുളളൂ. ആദ്യ ചിത്രമായ ‘മസാല റിപ്പബ്ലിക്’ തിയേറ്ററില്‍ പോയി കണ്ടു. ചിത്രത്തില്‍ തന്റെ മുഖം സ്‌ക്രീനില്‍ തെളിഞ്ഞപ്പോള്‍ അത്ഭുതപ്പെട്ടുപോയെന്നും സന്തോഷം തോന്നിയെന്നും സുമംഗള്‍ ഓര്‍ക്കുന്നു. കിസ്മത്തും തിയേറ്ററില്‍ പോയാണ് കണ്ടത്. അതിലെ എന്റെ കഥാപാത്രം വളരെ ഇഷ്ടപ്പെട്ടെന്ന് പലരും പറഞ്ഞു. വേറെ സിനിമകള്‍ തിയേറ്ററില്‍ പോയി കാണാന്‍ സമയമില്ലാത്തതുകൊണ്ട് പിന്നീട് കാണുകയാണ് പതിവ്, സുമംഗള്‍ പറയുന്നു.

മോഹന്‍ലാലിനെ പോലെയൊരു നടനെ അടുത്ത് കാണാന്‍ കഴിയുമെന്ന് പോലും സുമംഗള്‍ കരുതിയിരുന്നില്ല. മോഹന്‍ലാലിന്റെ കൂടെ ‘കനല്‍’ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞത് ജീവിതത്തിലെ ഒരു വലിയ ഭാഗ്യമായാണ് സുമംഗള്‍ കാണുന്നത്. ഹൈദരാബാദില്‍ നാല് ദിവസമായിരുന്നു കനലിന്റെ ഷൂട്ടിങ്ങിനായി വിളിച്ചത്. ആ ദിവസങ്ങള്‍ വളരെ രസകരമായിരുന്നുവെന്ന് സുമംഗള്‍ ഓര്‍മിച്ചു.

sumangal

വീട്ടില്‍ ആരെല്ലാമുണ്ടെന്നും തന്റെ മറ്റു വിവരങ്ങളും വിശേഷങ്ങളും മോഹന്‍ലാല്‍ ചോദിച്ചതും സ്വപ്‌നം പോലെയാണ് സുമംഗളിന് തോന്നുന്നത്. മോഹന്‍ലാല്‍ തന്നോട് സംസാരിക്കുമ്പോള്‍ സന്തോഷംകൊണ്ട് നെഞ്ചില്‍ വല്ലാത്തൊരു വീര്‍പ്പുമുട്ടല്‍ പോലെ തോന്നിയെന്ന് പറയുമ്പോള്‍ സുമംഗള്‍ ഒന്നു ചിരിച്ചു. മോഹന്‍ലാലിനെയാണോ ഏറ്റവും ഇഷ്ടമെന്ന ചോദ്യത്തിന് ഇഷ്ടമാണ്, പക്ഷേ ഇന്ദ്രജിത്തിനെയാണ് കൂടുതല്‍ തനിക്കിഷ്ടമെന്നും സുമംഗള്‍ പറഞ്ഞു.

ഇപ്പോള്‍ പലയിടത്തും ചെല്ലുമ്പോള്‍ ആളുകള്‍ തിരിച്ചറിയാറുണ്ട്. ചിലര്‍ കൂടെ നിന്ന് സെല്‍ഫിയെടുക്കാന്‍ വരാറുണ്ടെന്നും പറഞ്ഞ സുമംഗള്‍ അവിടെ നിന്നെല്ലാം ഒഴിഞ്ഞ് രക്ഷപ്പെടുകയാണ് പതിവെന്നും പറയുന്നു. മലയാള സിനിമകള്‍ ഇഷ്ടപ്പെടുന്ന സുമംഗള്‍ തന്റെ സിനിമകളെല്ലാം സുഹൃത്തിന്റെ ലാപ്‌ടോപ്പില്‍ സൂക്ഷിച്ചിരിക്കുകയാണ്. സിനിമകള്‍ ഇഷ്ടമാണെങ്കിലും തിയേറ്ററില്‍ പോയി കാണുന്ന പതിവില്ല. പിന്നീട് മൊബൈലില്‍ കാണും.

ആദ്യമെല്ലാം സിനിമയില്‍ അഭിനയിക്കുന്ന കാര്യം വീട്ടുകാരോട് മാത്രമേ സുമംഗള്‍ പറഞ്ഞിരുന്നുളളൂ. പിന്നീട് ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രത്തില്‍ വന്ന ഒരു വാര്‍ത്തയോടെ ഗ്രാമത്തിലുളളവരും അറിയുകയായിരുന്നു. അഭിനയം വീട്ടില്‍ എല്ലാവര്‍ക്കും വളരെയധികം സന്തോഷമാണെങ്കിലും തനിക്ക് അതും തന്റെ ജോലിയാണെന്നാണ് സുമംഗള്‍ കരുതുന്നത്.

ഒരു വര്‍ഷം മുന്‍പ് അച്ഛന്‍ മരിച്ച സുമംഗളിന് വീട്ടില്‍ അമ്മയും അഞ്ച് സഹോദരന്മാരുമാണുളളത്. സുമംഗളിന്റെ മൂത്ത ഒരു സഹോദരനും കൊച്ചിയില്‍ ജോലി ചെയ്യുന്നുണ്ട്. സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങിയതില്‍ പിന്നെ കൂടുതല്‍ ബഹുമാനവും ആദരവും തനിക്ക് ലഭിക്കാന്‍ തുടങ്ങിയെന്ന് അഭിമാനത്തോടെ സുമംഗള്‍ പറഞ്ഞു. ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ‘ബംഗാളികളുടെ’ ജോലി മാത്രമല്ല, അഭിനയവും വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് ഈ അസം സ്വദേശി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ