Sulaikha Manzil OTT:അഷ്റഫ് ഹംസയുടെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രമാണ് ‘സുലൈഖ മൻസിൽ.’ ലുക്കമാൻ അവറാൻ, അനാർക്കലി മരയ്ക്കാർ, ചെമ്പൻ വിനോദ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഏപ്രിൽ 21 നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്.
ഹന പർവീൺ എന്ന പെൺകുട്ടിയുടെ വിവാഹമുറപ്പിക്കൽ മുതൽ വിവാഹംവരെയുള്ള രണ്ടാഴ്ചത്തെ കഥ… ഒരു രീതിയിൽ നോക്കിയാൽ ‘സുലൈഖ മൻസിൽ’ ബന്ധങ്ങളെ, വിവാഹത്തെ അതിനിടയിലുള്ള ആശയക്കുഴപ്പങ്ങളെ ഒക്കെ സൂക്ഷ്മ വിശകലനം ചെയ്യുന്ന സിനിമയാണ്.
മലപ്പുറത്തെ പല വീടുകളെയും പോലെ ആ വീടിന്റെയും പേര് ‘സുലൈഖ മൻസിൽ’ എന്നാണ്. വിവാഹത്തോടനുബന്ധിച്ചു നടക്കുന്ന ആഘോഷങ്ങൾ, ആ വീട്ടിലെ എല്ലാവരുടെയും ഒരുക്കങ്ങൾ, ആശങ്കകൾ, നിരാശകൾ ഒക്കെയാണ് സിനിമയുടെ ആകെത്തുക. ദൂരെ മാറി നിന്ന് ഈ അവസ്ഥകളെയൊക്കെ കാണുകയും പകർത്തുകയുമാണ് സംവിധായകൻ ചെയ്യുന്നത്. അങ്ങനെയൊരു മാറി നിൽക്കലായത് കൊണ്ട് തന്നെ നേരത്തെ പറഞ്ഞ ഡോക്യുമെന്റെഷൻ സ്വഭാവമാണ് സിനിമക്കുള്ളത്. വൈകാരികതകളിൽ, സംഘർഷങ്ങളിൽഒക്കെ കഥാപാത്രങ്ങളിൽ നിന്ന് സിനിമയെടുത്തവർ അകലം പാലിക്കുന്നു. അത് കൊണ്ട് തന്നെ ആ അകലം പ്രേക്ഷകരിലേക്കും എത്തിപ്പെടുന്നു.
ചെമ്പൻ വിനോദ്, സുബീഷ് കണ്ണഞ്ചേരി, സമീർ കാരാട്ട് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്.
വിഷ്ണു വിജയ് ആണ് സംഗീത സംവിധാനം. ഛായാഗ്രഹണം കണ്ണൻ പട്ടേരി, എഡിറ്റിങ്ങ് നൗഫൽ അബ്ദുള്ള എന്നിവർ നിർവഹിക്കുന്നു. റിലീസിനെത്തി ഒരു മാസം കഴിയുമ്പോൾ ചിത്രം ഒടിടിയിലെത്തുകയാണ്. മെയ് 30 മുതൽ ചിത്രം ഹോട്ട്സ്റ്റാറിൽ സ്ട്രീം ചെയ്യാൻ ആരംഭിക്കും.