scorecardresearch

അരങ്ങേറ്റം അച്ഛനൊപ്പം; സുകുമാരനൊപ്പം അഭിനയിക്കാൻ ഭാഗ്യം ലഭിച്ച മകൻ, വീഡിയോ

ഈ ഗാനരംഗത്തിൽ സുകുമാരനൊപ്പമുള്ള മകൻ ഇന്ദ്രജിത്താണോ പൃഥ്വിരാജാണോ എന്ന സംശയവും പലരും സാമൂഹ്യമാധ്യമങ്ങളിൽ ഉന്നയിച്ചു

Sukumaran Indrajith Prithviraj

മലയാളികളുടെ പ്രിയനടൻ സുകുമാരൻ വിടപറഞ്ഞിട്ട് ഇന്നേക്ക് 23 വർഷം പിന്നിട്ടു. മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും അച്ഛന്റെ ഓർമകൾക്ക് മുന്നിൽ പ്രണാമർപ്പിച്ചു. അച്ഛന്റെ പാതയിലൂടെ സിനിമാരംഗത്തേക്ക് ചേക്കേറിയ ഇരുവരും ഇന്ന് മലയാള സിനിമയിലെ മുൻനിര താരങ്ങളാണ്. സുകുമാരൻ വിടപറഞ്ഞ് വർഷങ്ങൾക്ക് ശേഷമാണ് ഇന്ദ്രജിത്തും പൃഥ്വിരാജും സിനിമയിലെത്തുന്നത്. എന്നാൽ, ഇവരിൽ ഒരാൾ സുകുമാരനൊപ്പം അഭിനയിച്ചിട്ടുണ്ട്.

Sukumaran with sons Indrajith and Prithviraj
സുകുമാരന്‍, മക്കള്‍ ഇന്ദ്രജിത്ത്, പ്രിഥ്വിരാജ്

സുകുമാരൻ നിർമിച്ച സിനിമയിലാണ് ബാലതാരമായി മൂത്തമകൻ ഇന്ദ്രജിത്ത് അഭിനയിക്കുന്നത്. ഇന്ദ്രജിത്ത് വെള്ളിത്തിരയിൽ ആദ്യമായി മുഖം കാണിക്കുന്നതും ഈ ചിത്രത്തിലൂടെയാണ്. 1986 ൽ റിലീസായ ‘പടയണി’ എന്ന ചിത്രത്തിൽ അതിന്റെ നിർമാതാവ് കൂടിയായ സുകുമാരനും അഭിനയിച്ചിട്ടുണ്ട്. ഒരു രംഗത്തിൽ സുകുമാരനും ഇന്ദ്രജിത്തും ഒന്നിച്ചഭിനയിക്കുകയും ചെയ്യുന്നുണ്ട്. സുകുമാരന്റെ ഓർമയിൽ മലയാള സിനിമാലോകം നിൽക്കുമ്പോൾ സാമൂഹ്യമാധ്യമങ്ങളിലെല്ലാം ഈ അച്ഛൻ, മകൻ കോമ്പിനേഷനാണ് ചർച്ച. ‘പടയണി’യിൽ സുകുമാരനൊപ്പമുള്ള മകൻ ഇന്ദ്രജിത്താണോ പൃഥ്വിരാജാണോ എന്ന സംശയവും പലരും സാമൂഹ്യമാധ്യമങ്ങളിൽ ഉന്നയിച്ചു.

Read Also: അച്ഛന്റെ ദേഷ്യം പോലും അതുപോലെ കിട്ടിയിട്ടുണ്ട് പൃഥ്വിക്ക്: സുപ്രിയ

സുകുമാരൻ, മല്ലിക സുകുമാരൻ, മക്കളായ ഇന്ദ്രജിത്ത്, പൃഥ്വിരാജ്

മമ്മൂട്ടി, മോഹൻലാൽ, ദേവൻ എന്നിവരാണ് ‘പടയണി’യിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇതിൽ മോഹൻലാലിന്റെ കുട്ടിക്കാലമാണ് ഇന്ദ്രജിത്ത് അവതരിപ്പിച്ചത്. രമേശ് എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. ടി.എസ്.മോഹൻ സംവിധാനം ചെയ്‌ത സിനിമ ‘ഇന്ദ്രരാജ് ക്രിയേഷൻസിന്റെ ബാനറിലാണ് തിയറ്ററുകളിലെത്തിയത്. ഇന്ദ്രജിത്ത്-പൃഥ്വിരാജ് എന്നീ പേരുകളിൽ നിന്നാണ് ‘ഇന്ദ്രരാജ് ക്രിയേഷൻസ്’ രൂപംകൊണ്ടത്. ചുരുക്കിപറഞ്ഞാൽ അച്ഛൻ നിർമിച്ച സിനിമയുടെ പിന്നണിയിൽ മക്കൾ രണ്ടുപേരും പങ്കാളികളാണ് എന്നർത്ഥം. എന്നാൽ, സിനിമയിൽ അച്ഛനൊപ്പം അഭിനയിക്കാനുള്ള ഭാഗ്യം ലഭിച്ചത് ഇന്ദ്രജിത്തിനു മാത്രം. ‘പടയണി’യിൽ സഹദേവൻ എന്നായിരുന്നു സുകുമാരന്റെ കഥാപാത്രത്തിന്റെ പേര്. ‘പടയണി’യിലെ ‘ഹൃദയം ഒരു വല്ലകി’ എന്ന ഗാനരംഗത്തിലാണ് ഇന്ദ്രജിത്തും സുകുമാരനും ഒന്നിച്ചെത്തുന്നത്.

സുകുമാരന്റെ 23-ാം ചരമവാർഷികദിനത്തിൽ തങ്ങളുടെ പ്രിയപ്പെട്ട അച്ഛനെ ഓർക്കുകയാണ് മക്കളും മരുമക്കളും. നിർമ്മാതാവും പൃഥ്വിരാജിന്റെ ഭാര്യയുമായ സുപ്രിയ എഴുതിയ വാചകങ്ങളാണ് ഇതിൽ ശ്രദ്ധേയം. “അച്ഛൻ, കൂടെ ജീവിക്കുന്ന മനുഷ്യനിൽ ഞാനെപ്പോഴും നിങ്ങളുടെ ഒരംശം കാണുന്നുണ്ട്. അവർ എന്നോട് പറയാറുണ്ട്, അദ്ദേഹത്തെ കാണാൻ അച്ഛനെ പോലെയാണ്, സ്വഭാവം അച്ഛന്റേതാണ്. അച്ഛന്റെ പ്രസിദ്ധമായ ദേഷ്യം പോലും കിട്ടിയിട്ടുണ്ട് എന്ന്. ആ സമാനതകളെല്ലാം അല്ലിക്കും എനിക്കും നേരിൽ കണ്ടറിയാൻ സാധിച്ചിരുന്നെങ്കിൽ എന്ന് ഞാൻ എന്തുമാത്രം ആഗ്രഹിക്കുന്നുണ്ടെന്നോ. അച്ഛനെ ഞങ്ങൾ എന്നും സ്നേഹത്തോടെ ഓർക്കും.”

അച്ഛന് അഭിമാനമാവാൻ കഴിഞ്ഞുവെന്ന് വിശ്വസിക്കുന്നു. അച്ഛനെ ഒരുപാട് മിസ് ചെയ്യുന്നു എന്നാണ് പൃഥ്വിരാജ് സാമൂഹ്യമാധ്യമങ്ങളിൽ കുറിച്ചത്. എല്ലാക്കാലത്തും മിസ് ചെയ്യുന്നു എന്ന് തന്നെയായിരുന്നു ഇന്ദ്രജിത്തിനും പറയാനുണ്ടായിരുന്നത്.

 

View this post on Instagram

 

23 years tomorrow. I hope I make you proud. Achan. Forever missed.

A post shared by Prithviraj Sukumaran (@therealprithvi) on

 

View this post on Instagram

 

23 yrs.. Forever missed!

A post shared by Indrajith Sukumaran (@indrajith_s) on

സ്കോട്ട് ക്രിസ്ത്യൻ കോളേജിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചുവരുന്നതിനിടയിലാണ് സുകുമാരന് ‘നിർമ്മാല്യം’ എന്ന ചിത്രത്തിൽ അഭിനയിക്കാൻ ക്ഷണം വന്നത്. എം.ടി.വാസുദേവൻ നായർ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ധിക്കാരിയായ ഒരു ചെറുപ്പക്കാരന്റെ വേഷമാണ് അദ്ദേഹം അവതരിപ്പിച്ചത്. മലയാളത്തിലേക്ക് ആദ്യമായി ഭരത് അവാർഡ് കൊണ്ടുവന്ന ഈ ചിത്രത്തിനുശേഷം സുകുമാരന് കാര്യമായ വേഷങ്ങളൊന്നും ലഭിച്ചിരുന്നില്ല. അഭിനയം വിട്ട് അധ്യാപനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചാലോ എന്നുവരെ അദ്ദേഹം ആലോചിച്ചിരുന്നു. അതിനിടയിലാണ് 1977-ൽ പുറത്തുവന്ന ‘ശംഖുപുഷ്പം’ ചിത്രത്തിൽ വളരെ പ്രധാനപ്പെട്ട ഒരു വേഷം അദ്ദേഹത്തിന് ലഭിച്ചത്. ഈ ചിത്രത്തോടെ സുകുമാരൻ താരങ്ങളിൽ മുൻനിരയിലേയ്ക്ക് കടന്നുവന്നു. പിന്നീട് ഒരുപാടുകാലം മലയാളസിനിമയിൽ അദ്ദേഹം തിളങ്ങിനിന്നു. നിരവധി വേഷങ്ങൾ അദ്ദേഹം ചെയ്തു.

Read Also: സൽമാൻ ഖാന്റെ കുടുംബം എന്റെ കരിയറും ജീവിതവും ഇല്ലാതാക്കുന്നു: സംവിധായകൻ

1997 ജൂൺ മാസത്തിൽ മൂന്നാറിലെ വേനൽക്കാല വസതിയിലേക്ക് യാത്ര പോയ സുകുമാരന് അവിടെ വച്ച് പെട്ടെന്ന് ഒരു നെഞ്ചുവേദന വന്നു. ആദ്യം സമീപത്തുള്ള ഒരു ആശുപത്രിയിലും പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മൂന്നുദിവസം ആശുപത്രിയിൽ കഴിഞ്ഞ അദ്ദേഹം 1997 ജൂൺ 16-ന് ഈ ലോകത്തോട് വിടപറഞ്ഞു. 49 വയസ്സേ അപ്പോൾ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Sukumaran family indrajith prithviraj padayani film