നടൻ സുകുമാരന്റെ 23-ാം ചരമവാർഷികമാണിന്ന്. ഈ ദിനത്തിൽ തങ്ങളുടെ പ്രിയപ്പെട്ട അച്ഛനെ ഓർക്കുകയാണ് മക്കളും മരുമക്കളും. നിർമ്മാതാവും പൃഥ്വിരാജിന്റെ ഭാര്യയുമായ സുപ്രിയ എഴുതിയ വാചകങ്ങളാണ് ഇതിൽ ശ്രദ്ധേയം.
Read More: ‘ജിം ബോഡി വിത്തൗട്ട് താടി’; പൃഥ്വിരാജിന്റെ പുതിയ ലുക്ക് പങ്കുവച്ച് സുപ്രിയ
“അച്ഛൻ, കൂടെ ജീവിക്കുന്ന മനുഷ്യനിൽ ഞാനെപ്പോഴും നിങ്ങളുടെ ഒരംശം കാണുന്നുണ്ട്. അവർ എന്നോട് പറയാറുണ്ട്, അദ്ദേഹത്തെ കാണാൻ അച്ഛനെ പോലെയാണ്, സ്വഭാവം അച്ഛന്റേതാണ്. അച്ഛന്റെ പ്രസിദ്ധമായ ദേഷ്യം പോലും കിട്ടിയിട്ടുണ്ട് എന്ന്. ആ സമാനതകളെല്ലാം അല്ലിക്കും എനിക്കും നേരിൽ കണ്ടറിയാൻ സാധിച്ചിരുന്നെങ്കിൽ എന്ന് ഞാൻ എന്തുമാത്രം ആഗ്രഹിക്കുന്നുണ്ടെന്നോ. അച്ഛനെ ഞങ്ങൾ എന്നും സ്നേഹത്തോടെ ഓർക്കും.”
അച്ഛന് അഭിമാനമാവാൻ കഴിഞ്ഞുവെന്ന് വിശ്വസിക്കുന്നു. അച്ഛനെ ഒരുപാട് മിസ് ചെയ്യുന്നു എന്നാണ് പൃഥ്വിരാജ് കുറിക്കുന്നത്.
എല്ലാക്കാലത്തും മിസ് ചെയ്യുന്നു എന്ന് തന്നെയായിരുന്നു ഇന്ദ്രജിത്തിനും പറയാനുണ്ടായിരുന്നത്.
സ്കോട്ട് ക്രിസ്ത്യൻ കോളേജിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചുവരുന്നതിനിടയിലാണ് സുകുമാരന് ‘നിർമ്മാല്യം’ എന്ന ചിത്രത്തിൽ അഭിനയിക്കാൻ ക്ഷണം വന്നത്. എം.ടി.വാസുദേവൻ നായർ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ധിക്കാരിയായ ഒരു ചെറുപ്പക്കാരന്റെ വേഷമാണ് അദ്ദേഹം അവതരിപ്പിച്ചത്. മലയാളത്തിലേക്ക് ആദ്യമായി ഭരത് അവാർഡ് കൊണ്ടുവന്ന ഈ ചിത്രത്തിനുശേഷം സുകുമാരന് കാര്യമായ വേഷങ്ങളൊന്നും ലഭിച്ചിരുന്നില്ല. അഭിനയം വിട്ട് അധ്യാപനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചാലോ എന്നുവരെ അദ്ദേഹം ആലോചിച്ചിരുന്നു. അതിനിടയിലാണ് 1977-ൽ പുറത്തുവന്ന ‘ശംഖുപുഷ്പം’ ചിത്രത്തിൽ വളരെ പ്രധാനപ്പെട്ട ഒരു വേഷം അദ്ദേഹത്തിന് ലഭിച്ചത്. ഈ ചിത്രത്തോടെ സുകുമാരൻ താരങ്ങളിൽ മുൻനിരയിലേയ്ക്ക് കടന്നുവന്നു. പിന്നീട് ഒരുപാടുകാലം മലയാളസിനിമയിൽ അദ്ദേഹം തിളങ്ങിനിന്നു. നിരവധി വേഷങ്ങൾ അദ്ദേഹം ചെയ്തു.
1997 ജൂൺ മാസത്തിൽ മൂന്നാറിലെ വേനൽക്കാല വസതിയിലേക്ക് യാത്ര പോയ സുകുമാരന് അവിടെ വച്ച് പെട്ടെന്ന് ഒരു നെഞ്ചുവേദന വന്നു. ആദ്യം സമീപത്തുള്ള ഒരു ആശുപത്രിയിലും പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മൂന്നുദിവസം ആശുപത്രിയിൽ കഴിഞ്ഞ അദ്ദേഹം 1997 ജൂൺ 16-ന് ഈ ലോകത്തോട് വിടപറഞ്ഞു. 49 വയസ്സേ അപ്പോൾ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ.