മധുരമനോഹരമായ പാട്ടുകളാലും സ്വരമാധുരിയാലും തെന്നിന്ത്യൻ സംഗീത പ്രേമികളുടെ ഇഷ്ടം കവർന്ന, മലയാളത്തിന്റെ അഭിമാനതാരങ്ങളാണ് കെ.എസ്.ചിത്രയും സുജാത മോഹനും. സംഗീതത്തിന്റെ ലോകത്ത് തങ്ങളുടേതായ കയ്യൊപ്പു പതിപ്പിച്ചവർ, പാട്ടിനായി ജീവിക്കുന്ന രണ്ടുപേർ. പതിറ്റാണ്ടുകൾ പഴക്കമുള്ള സൗഹൃദം അമൂല്യമായി കാത്തുസൂക്ഷിക്കുന്നവരാണ് ഇരുവരും.
ഇപ്പോഴിതാ, തന്റെ പ്രിയപ്പെട്ട സുജുവിന് ജന്മദിനാശംസകൾ നേരുകയാണ് കെ.എസ്.ചിത്ര. ആരാധകർക്കായി ഇനിയും കൂടുതൽ കൂടുതൽ പാട്ടുകൾ സമ്മാനിക്കാൻ കഴിയട്ടെ എന്നാണ് കെ.എസ്.ചിത്രയുടെ ആശംസ.
Happy Birthday Dearest Suju @sujathamohan Birthdays are feathers in the broad wing of time. The only thing better than singing is more singing. Keep singing for all your fans. God Bless You. Enjoy your Birthday Dear. #KSChithra #SujathaMohan pic.twitter.com/lnR0KDqwW3
— K S Chithra (@KSChithra) March 31, 2021
പന്ത്രണ്ട് വയസ്സ് മുതൽ മലയാള സിനിമയിൽ പാടി തുടങ്ങിയ സുജാത പിന്നീട് തമിഴ്, കന്നഡ, തെലുങ്ക് തുടങ്ങിയ ദക്ഷിണേന്ത്യൻ ഭാഷകളിലെല്ലാം തന്റെ സാന്നിധ്യം അറിയിച്ചു. ജന്മനാ സംഗീത വാസന പ്രകടമാക്കിയിരുന്ന സുജാത എട്ടാം വയസ്സിൽ കലാഭവനിൽ ചേർന്നതാണ് ജീവിതത്തിൽ വഴിത്തിരിവായത്. കലാഭവൻ സ്ഥാപകൻ ആബേലച്ചൻ രചിച്ച് പുറത്തിറക്കിയ ക്രിസ്തീയ ഭക്തി ഗാനങ്ങളിലാണ് സുജാതയുടെ മധുരശബ്ദം ആദ്യം മലയാളി കേട്ടത്. പത്താം വയസ്സിൽ ശാസ്ത്രീയ സംഗീതം അഭ്യസിച്ചു തുടങ്ങിയ സുജാത, ഒൻപത് വയസ്സു മുതൽ യേശുദാസിനൊപ്പം ഗാനമേളകളിൽ പാടി തുടങ്ങി. രണ്ടായിരത്തോളം ഗാനമേളകളിൽ യേശുദാസിനൊപ്പം പാടിയ സുജാത അക്കാലത്ത് കൊച്ചു വാനമ്പാടി എന്ന പേരിലായിരുന്നു അറിയപ്പെട്ടത്.
View this post on Instagram
‘ടൂറിസ്റ്റ് ബംഗ്ലാവ്’ (1975) എന്ന ചിത്രത്തിനു പിന്നണി പാടിയാണ് സുജാത ചലച്ചിത്ര രംഗത്തേക്കു വന്നത്. ഒഎൻവി കുറുപ്പ് എഴുതി എം.കെ. അർജുനൻ മാസ്റ്റർ ഈണമിട്ട ‘കണ്ണെഴുതി പൊട്ടു തൊട്ട്’ എന്ന ഗാനമാണ് സുജാത ആദ്യമായി പാടിയ സിനിമാഗാനം. പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനായി കുറച്ചുനാൾ സിനിമാപിന്നണി ഗാനമേഖലയിൽ നിന്നും വിട്ടുനിന്ന സുജാത വിവാഹ ശേഷമാണ് പിന്നീട് സജീവമായത്.
കേരള, തമിഴ്നാട് സർക്കാരുകൾ മികച്ച ചലച്ചിത്ര പിന്നണി ഗായികയ്ക്കുള്ള പുരസ്കാരം നിരവധി തവണ നൽകി ഈ ഭാവ ഗായികയെ ആദരിച്ചിട്ടുണ്ട്. അമ്മയുടെ വഴിയെ മകൾ ശ്വേത മോഹനും സംഗീതലോകത്തേക്ക് എത്തിയതോടെ മലയാളികളുടെ പ്രിയപ്പെട്ട സംഗീതകുടുംബമാണ് സുജാതയുടേത്.
Read more: പേരക്കുട്ടിക്ക് പാട്ട് പാടിക്കൊടുത്ത് സുജാതയുടെ മോഹനേട്ടൻ; ശ്വേത പങ്കുവച്ച വീഡിയോ