പ്രശസ്ത ബംഗാളി ടെലിവിഷന്‍ നടിയും അവതരാകയുമായ മൗമിത സാഹയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊല്‍ക്കത്തയിലെ റെജന്റ് പാര്‍ക്കില്‍ സ്വന്തം ഫ്ലാറ്റിലെ ഫാനില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

അയല്‍ക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി വാതില്‍ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് മൗമിതയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് മാത്രമാണ് നടി ഇവിടെ ഫ്ലാറ്റ് വാടകയ്ക്ക് വാങ്ങിയിരുന്നത്. നടി ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. ഇവിടെ നിന്നും ഒരു ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തു. പ്രശസ്തമായ ബംഗാളി സീരിയലായ ‘സ്വപ്നോ ഉഡാനില്‍’ അഭിനയിച്ച് വരികയായിരുന്നു.

വിഷാദരോഗത്തിന് അടിമയായിരുന്നു നടിയെന്നാണ് പൊലീസ് ഭാഷ്യം. ചലച്ചിത്ര രംഗത്തേക്കുളള പ്രവേശനത്തിന് സാധിക്കാത്തതില്‍ നടി നിരാശയിലായിരുന്നവെന്നും പൊലീസ് പറയുന്നു. ഒരുപാട് പ്രതീക്ഷകളുമായി സീരിയല്‍ രംഗത്ത് വരുന്ന നടിമാര്‍ക്ക് ഇത്തരത്തില്‍ നിരാശ തന്നെയാണ് ബാക്കി ആവാറുളളതെന്ന് മനോരോഗവിദഗ്ധന്മാര്‍ പറയുന്നു. കൂടാതെ കുറഞ്ഞ ശമ്പളവും കാസ്റ്റിംഗ് കൗച്ചും കാര്യങ്ങള്‍ വഷളാക്കുന്നു.

2015ല്‍ ഇത്തരത്തില്‍ ബംഗാളി നടിയായ ദിഷ ഗാംഗുലി ആത്മഹത്യ ചെയ്തിരുന്നു. എല്ലാ ജോലിയിലും സമ്മര്‍ദ്ദവും നിരാശയുമുണ്ടാവുമെങ്കിലും സിനിമാ രംഗത്ത് നിരാശ ഇല്ലാതാക്കാന്‍ ലഹരി ഉപയോഗം വര്‍ധിക്കുന്നതായും പൊലീസ് പറയുന്നു. മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നതും വിഷാദത്തിന് ആക്കംകൂട്ടുമെന്നും പൊലീസ് വ്യക്തമാക്കി. 14ാം വയസിലാണ് മൗമിത അഭിനയരംഗത്തേക്ക് വന്നത്.

പഠനത്തോടൊപ്പം തന്നെ അഭിനയിക്കുകയും ചെയ്തെങ്കിലും പിന്നീട് സീരിയല്‍ പ്രൊഫഷനായി തിരഞ്ഞെടുത്തു. ആദ്യം ചെയ്ത സീരിയല്‍ മികവ് പുലര്‍ത്തിയില്ലെങ്കിലും പിന്നീടും പല സീരിയലുകളുടേയും ഭാഗമായി. നടിയുടെ ആത്മഹത്യയില്‍ ഞെട്ടിയിരിക്കുകയാണ് കുടുംബവും സഹതാരങ്ങളും ആരാധകരും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ