സാരിയോട് ഏറെ പ്രണയം സൂക്ഷിക്കുന്ന അഭിനേത്രികളിൽ ഒരാളാണ് സുഹാസിനി. വിശേഷാവസരങ്ങളിലും പൊതുപരിപാടികളിലുമെല്ലാം സാരിയണിഞ്ഞ് എത്താനിഷ്ടപ്പെടുന്ന ഒരാൾ. സാരി ഏറ്റവും നന്നായി ഇണങ്ങുന്ന താരം എന്നുകൂടി സുഹാസിനിയെ വിശേഷിപ്പിക്കുന്നതിൽ തെറ്റില്ല. കാരണം അത്രയേറെ പ്രൗഢിയോടെയാണ് ഓരോ സാരിയും സുഹാസിനി ധരിക്കുന്നത്.
ഇടയ്ക്കിടയ്ക്ക് സാരി ചിത്രങ്ങളും സുഹാസിനി സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്യാറുണ്ട്. മധുരെ സുങ്കുടി സാരിയെ കുറിച്ച് സുഹാസിനി പങ്കുവച്ച കുറിപ്പും ശ്രദ്ധ നേടുകയാണ്.
“മധുരൈ കൈക്കാട്ട് സുങ്കുടി സാരി ആണ് ഞാൻ ഉടുത്തിരിക്കുന്നത്. 1000 ഡോട്ടുകളുള്ള വളരെ സവിശേഷമായ സാരിയാണ് ഇതെന്ന് ശ്രീമതി പറയുന്നു. പരമക്കുടിയിൽ റോഡിനിരുവശവും നെയ്ത്തുകാർ ഈ സാരി നെയ്യുന്നത് കണ്ടാണ് ഞാൻ വളർന്നത്. ആഗസ്റ്റ് 7 ദേശീയ കൈത്തറി ദിനം. നമുക്ക് കൈത്തറി ആഘോഷിക്കാം,” സുഹാസിനി കുറിക്കുന്നു.
സമകാലിക ഇന്ത്യന്‍ സിനിമയില്‍ ഒരു സംവിധായിക എന്ന നിലയില്‍ ദക്ഷിണേന്ത്യയില്‍ നിന്നും ഉയര്‍ന്നു കേട്ട ആദ്യ പേരുകളില്‍ ഒന്ന് സുഹാസിനിയുടേതാണ്. സിനിമാപാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നും സിനിമയുടെ സാങ്കേതിക മേഖലയില്‍ എത്തി, അവിടെ നിന്നും അഭിനയത്തിലേക്കും, മണിരത്നവുമായുള്ള വിവാഹത്തിനു ശേഷം തിരക്കഥ-സംവിധാന രംഗത്തേക്കും ചുവടു വയ്ക്കുകയായിരുന്നു സുഹാസിനി.