സമകാലിക ഇന്ത്യന്‍ സിനിമയില്‍ ഒരു സംവിധായിക എന്ന നിലയില്‍ ദക്ഷിണേന്ത്യയില്‍ നിന്നും ഉയര്‍ന്നു കേട്ട ആദ്യ പേരുകളില്‍ ഒന്നാണ് സുഹാസിനി. സിനിമാപാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നും സിനിമയുടെ സാങ്കേതിക മേഖലയില്‍ എത്തി, അവിടെ നിന്നും അഭിനയത്തിലേക്കും, മണിരത്നവുമായുള്ള വിവാഹത്തിനു ശേഷം തിരക്കഥ-സംവിധാന രംഗത്തേക്കും ചുവടു വയ്ക്കുകയായിരുന്നു സുഹാസിനി. മലയാളികൾ സ്വന്തം വീട്ടിലെ ഒരംഗത്തെ പോലെ സ്നേഹവായ്പയോടെ ചേർത്തുവയ്ക്കുന്ന മുഖങ്ങളിൽ ഒന്നുകൂടിയാണ് സുഹാസിനിയുടേത്.
കൗതുകമുണർത്തുന്ന ഒരു ചിത്രം പങ്കുവയ്ക്കുകയാണ് സുഹാസിനി ഇപ്പോൾ. “നിങ്ങൾക്ക് വിശ്വസിക്കാനാകുമോ! 13 വർഷത്തെ ഇടവേളയിൽ എടുത്തതാണ് ഈ ചിത്രങ്ങൾ. ആദ്യത്തേത് ബാംഗ്ലൂരിൽ ‘എരട്നെ മധുവേ’ എന്ന ചിത്രത്തിന്റെ ഷൂട്ടിനിടെയെടുത്തതാണ്. ഇന്ന് ഞങ്ങൾ അതേ സാരി ഒരു ഷൂട്ടിന് വേണ്ടി ഉണ്ടാക്കി. സാരിയ്ക്കോ മോഡലിനോ ഫോട്ടോഗ്രാഫർക്കോ ഒർജിനലുമായി സാമ്യം തോന്നിപ്പിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല, പക്ഷേ ഷൂട്ട് ചെയ്തത് രസകരമായ അനുഭവമായിരുന്നു,” സുഹാസിനി കുറിച്ചു.
“വർഷങ്ങൾ കടന്നുപോയി, പക്ഷേ ഇപ്പോഴും നിങ്ങൾക്ക് അതേ ഭംഗിയാണ്, അന്നും ഇന്നും എന്നും സുന്ദരമാണ് നിങ്ങളുടെ അഴകേറിയ ചിരി,” എന്നാണ് ആരാധകർ ചിത്രത്തിന് കമന്റ് നൽകിയിരിക്കുന്നത്.
‘നെഞ്ചത്തെ കിള്ളാതെ’ എന്ന ചിത്രത്തിലൂടെയാണ് സുഹാസിനി ആദ്യമായി അഭിനയരംഗത്ത് എത്തുന്നത്. ചെന്നൈ അഡയാര്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ആദ്യ ക്യാമറ വിദ്യാര്‍ഥിനിയായിരുന്നു സുഹാസിനി ഹാസന്, പഠനത്തിനു ശേഷം ഛായാഗ്രാഹകൻ അശോക് കുമാറിന്റെ സഹായിയായി നിരവധി ചിത്രങ്ങളിൽ പ്രവർത്തിച്ചു. ജെ മഹേന്ദ്രന്റെ ‘ഉതിരിപൂക്കൾ’, ഐവി ശശിയുടെ ‘കാളി’, ജെ മഹേന്ദ്രന്റെ ജോണി തുടങ്ങിയ ചിത്രങ്ങളിലെല്ലാം ഛായാഗ്രാഹകൻ അശോക് കുമാറിന്റെ സഹായിയായി സുഹാസിനി പ്രവർത്തിച്ചു. അതിനിടയിലാണ് സംവിധായകൻ ജെ.മഹേന്ദ്രൻ ‘നെഞ്ചത്തെ കിള്ളാതെ’ എന്ന തന്റെ ചിത്രത്തിലേക്ക് സുഹാസിനിയെ കാസ്റ്റ് ചെയ്തത്.
അഭിനയത്തിനോട് തനിക്ക് തീരെ താത്പര്യം ഉണ്ടായിരുന്നില്ല എന്നും ‘ലോകം കീഴടക്കാന്‍ നടക്കുന്ന എന്നെ നിങ്ങള്‍ ക്യാമറയ്ക്ക് മുന്നില്‍ വന്നു കരയാനും ചിരിക്കാനും ഒക്കെ പറയുന്നോ?’ എന്ന് ചോദിച്ചു താന്‍ എതിര്‍ത്തിരുന്നു എന്നും സുഹാസിനി ഒരു അഭിമുഖത്തില്‍ പറഞ്ഞിരിന്നു. അച്ഛന് ചാരുഹസന്റെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് കുടുംബസുഹൃത്ത് കൂടിയായ മഹേന്ദ്രന്റെ ചിത്രത്തില്‍ അവര്‍ നായികയായി എത്തുന്നത്. ആദ്യ ചിത്രത്തിലെ അഭിനയത്തെ തുടര്‍ന്ന് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ക്ലാസ്സുകളിലേക്ക് മടങ്ങിയതായും സുഹാസിനി ഓര്‍ത്തു.
പക്ഷേ അഭിനയം സുഹാസിനിയെ വിടുന്ന മട്ടില്ലായിരുന്നു. ക്യാമറയ്ക്ക് പിന്നില്‍ നില്കാന് കൊതിച്ച പെണ്‍കുട്ടിയെ കാത്തിരുന്നത് ക്യാമറയ്ക്ക് മുന്നിലെ ലോകവും അംഗീകാരങ്ങളും ആയിരുന്നു. പിന്നീട് അനേകം സിനിമകളില്‍ നായികായി വേഷമിട്ട സുഹാസിനി തെന്നിന്ത്യന്‍ സിനിമയിലെ എണ്ണം പറഞ്ഞ നായികമാരില്‍ ഒരാളായി. മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്കാരം ഉള്‍പ്പടെ നേടി. (സിന്ധു ഭൈരവി/കെ ബാലചന്ദര്‍)
പത്മരാജന്റെ ‘കൂടെവിടെ’ ആയിരുന്നു സുഹാസിനി അഭിനയിച്ച ആദ്യമലയാളചിത്രം. പിന്നീട് ‘രാക്കുയിലിൻ രാജസദസ്സിൽ,’ ‘എഴുതാപുറങ്ങൾ,’ ‘മണിവത്തൂരിലെ ആയിരം ശിവരാത്രികൾ,’ ‘ആദാമിന്റെ വാരിയെല്ല്,’ ‘സമൂഹം,’ ‘വാനപ്രസ്ഥം,’ ‘തീർത്ഥാടനം,’ ‘നമ്മൾ,’ ‘മകന്റെ അച്ഛൻ,’ ‘കളിമണ്ണ്,’ ‘ലവ് 24×7,’ ‘സാൾട്ട് മാംഗോ ട്രീ’ തുടങ്ങി റിലീസിനൊരുങ്ങുന്ന ‘മരക്കാർ: അറബിക്കടലിന്റെ സിംഹം’ വരെ മുപ്പതിലേറെ മലയാളസിനിമകളിലും സുഹാസിനി അഭിനയിച്ചു. തമിഴ്, മലയാളം, കന്നട, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷാചിത്രങ്ങളിലെല്ലാം സുഹാസിനി അഭിനയിച്ചിട്ടുണ്ട്.
പെൺ, പുത്തൻ പുതു കാലൈ എന്ന ആന്തോളജി ഫിലിമിലെ കോഫി, എനിവൺ? എന്നിവയെല്ലാം സുഹാസിനി സംവിധാനം ചെയ്ത ചിത്രങ്ങളാണ്. സുഹാസിനിയുടെ ആദ്യ സംവിധാനസംരംഭമായ ‘പെണ്’ എന്ന തമിഴ് ടെലിസീരീസ് തൊണ്ണൂറുകളുടെ തുടക്കത്തില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.