/indian-express-malayalam/media/media_files/uploads/2020/01/suhasini-.jpg)
സമകാലിക ഇന്ത്യന്‍ സിനിമയില്‍ ഒരു സംവിധായിക എന്ന നിലയില്‍ ദക്ഷിണേന്ത്യയില്‍ നിന്നും ഉയര്‍ന്നു കേട്ട ആദ്യ പേരുകളില്‍ ഒന്നായിരുന്നു സുഹാസിനിയുടേത്. സിനിമാപാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നും സിനിമയുടെ സാങ്കേതിക മേഖലയില്‍ എത്തി, അവിടെ നിന്നും അഭിനയത്തിലേക്കും, മണിരത്നവുമായുള്ള വിവാഹത്തിനു ശേഷം തിരക്കഥ-സംവിധാന രംഗത്തേക്കും ചുവടു വച്ച സുഹാസിനിയുടെ ആദ്യ സംവിധാനസംരംഭമാണ് 'പെണ്‍' എന്ന തമിഴ് ടെലിസീരീസ്. തൊണ്ണൂറുകളുടെ തുടക്കത്തില്‍, സാറ്റലൈറ്റ് ടെലിവിഷന്‍ പ്രചാരത്തില്‍ വന്ന കാലത്ത്, സണ്‍ ടിവിയാണ് ഈ പരമ്പര സംപ്രേക്ഷണം ചെയ്തത്. ഏഴോളം കഥകൾ അടങ്ങുന്ന ഈ സീരീസ്, അതു വരെ ടെലിവിഷന്‍ കണ്ട സ്ത്രീ ജീവിതങ്ങളെ പുതിയൊരു കാലത്തിൽ, പുതിയ രീതിയിൽ, അടയാളപ്പെടുത്തപ്പെടുത്തി.
'ഹേമാവുക്ക് കല്യാണം,' അപ്പാ അപ്പടി താന്‍,' അപ്പാ ഇരുക്കേന്‍,' 'മിസ്സിസ് രംഗനാഥ്,' 'കുട്ടി ആനന്ദ്,' 'ലവ് സ്റ്റോറി,' 'രാജി മാതിരി പൊണ്ണ്,' 'വാര്‍ത്തൈ തവറി വിട്ടായ്' എന്ന് പേരുകളുള്ള, എട്ടു ഭാഗങ്ങളുള്ള ടെലിസീരീസാണ് 'പെണ്‍'. യാഥാസ്ഥിതികതയില്‍ നിന്നും പുറത്തേക്കു കാലെടുത്തു വയ്ക്കാന്‍ ശ്രമിക്കുന്ന, അതില്‍ വിജയിക്കുകയും ചിലപ്പോള്‍ പരാജയപ്പെടുകയും ചെയ്യുന്ന നായികമാര്‍. അവരെ, അവരുടെ കുടുംബങ്ങളെ, ബന്ധങ്ങളെ, ആഗ്രഹങ്ങളെ, പ്രണയത്തെ ഒക്കെ ചുറ്റിപറ്റിയാണ് ഓരോ കഥയും സഞ്ചരിക്കുന്നത്. അമ്മ-മകള്‍, അച്ഛന്‍-മകള്‍ ബന്ധങ്ങളിലെ സങ്കീര്‍ണ്ണതകള്‍ ആവിഷ്‌കരിക്കുന്നതാണ് ആദ്യത്തെ രണ്ടു കഥാചിത്രങ്ങളായ 'ഹേമാവുക്ക് കല്യാണം,' അപ്പാ അപ്പടി താന്‍,' എന്നിവ.
തൊണ്ണൂറുകളിലെ ചെന്നൈ നഗരത്തിലെ ഒരിടത്തരം കുടുംബത്തിന്റെ ജീവിത സാഹചര്യങ്ങളിൽ ഒരമ്മയും മകളും ജീവിക്കുകയാണ്. പിണങ്ങിയും തർക്കിച്ചും മകളുടെ വിവാഹ ദിവസം വരെ അവരതു തുടരുന്നു... പക്ഷേ യഥാർത്ഥത്തിൽ അവർ അങ്ങനെ തന്നെയായിരുന്നോ?... അമ്മയായി ശ്രീവിദ്യയും മകളായി രേവതിയും അച്ഛനായി ചാരുഹാസനും അഭിനയിച്ചിരിക്കുന്നു, 'ഹേമാവുക്ക് കല്യാണം,' എന്ന ചെറുചിത്രത്തില്‍.
ശാരദയും അവളുടെ സഹോദരി ഡോ.സുജാതയും, അവരാണ് 'അപ്പാ അപ്പിടിത്താന്‍' എന്ന ടെലിഫിലിമിലെ പ്രധാനകഥാപാത്രങ്ങള്‍. മൂന്നു പെണ്‍കുട്ടികളുള്ള സാധാരണ കുടുംബം. ആ കുടുംബത്തിലെ ആദ്യ പ്രണയവിവാഹമാണ് ചിത്രത്തിന്റെ പ്രമേയം. ഡോക്‌ടർ ചന്ദ്രശേഖർ എന്ന തന്റെ സീനിയറിനെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്ന സുജാതയ്ക്ക് വേണ്ടി യാഥാസ്ഥിതികനായ അച്ഛനോട് വാദിക്കുകയാണ് ശാരദ. ജെമിനി ഗണേശൻ, ഭാനുപ്രിയ, എന്നിവർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.
വിവാഹമോചനം, വൈധ്യവ്യം എന്നിവ ഒരു സ്ത്രീയുടെ ജീവിതത്തില്‍ ഉണ്ടാക്കുന്ന ഒറ്റപ്പെടല്‍, കുടുംബത്തിന്റെയും സമൂഹത്തിന്റെയും മുഖം തിരിക്കല്‍ എന്നിവ പ്രതിപാദിക്കുന്നവയാണ് തുടര്‍ന്നുള്ള രണ്ടു ടെലിഫിലിമുകളായ 'അപ്പാ ഇരുക്കേന്‍,' 'മിസ്സിസ് രംഗനാഥ്' എന്നിവ. അതില്‍ ആദ്യത്തേത്തില്‍ല്‍, വിവാഹബന്ധം തകർന്ന് മകൾ സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തുന്നു. ആ കാരണം കൊണ്ട് തന്നെ കുടുംബം തകർച്ചയിലേക്ക് നീങ്ങുമ്പോഴും അച്ഛൻ, അച്ഛന്‍ മാത്രം മകളെ ചേർത്തു പിടിക്കുകയാണ്, ഞാനുണ്ട് എന്ന് പറഞ്ഞ്... ഗീത ,ചന്ദ്രഹാസൻ,av രമണൻ എന്നിവർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.
ചെന്നൈ നഗരത്തില്‍ ഭര്‍ത്താവും രണ്ടു മക്കളുമായി സന്തോഷ ജീവിതം നയിക്കുകയാണ് മിസ്സിസ് രംഗനാഥ്. ഭര്‍ത്താവ് സ്വന്തം ബിസിനസ് നടത്തുമ്പോള്‍ അവര്‍ കുടുംബകാര്യങ്ങള്‍ നോക്കി നടത്തുന്നു. വിവാഹ വാർഷികത്തിൽ. അപകടമരണത്തില്‍ ഭര്‍ത്താവിന്റെ വേർപാട് സംഭവിക്കുന്നതോടെ അവര്‍ ഒറ്റയ്ക്കാകുന്നു .വലിയൊരു നഗരത്തിൽ മക്കളുമായി എന്ത് ചെയ്യും എന്നോര്‍ത്തിരിക്കുമ്പോള്‍, അവര്‍ ഇത് വരെ പരിചയിക്കാത്ത, ഭര്‍ത്താവിന്റെ ബിസിനസ് ഏറ്റെടുക്കാന്‍ നിര്‍ബന്ധിതരാകുന്നു. അവര്‍ക്കൊപ്പം തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കാന്‍ തയ്യാറായ ജീവനക്കാരും ചേരുമ്പോള്‍ പുതിയൊരു 'മിസ്സിസ് രംഗനാഥ്' ജനിക്കുകയാണ്. രാധിക, ശരത് ബാബു, മധു ബാലാജി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.
തീര്‍ത്തും വ്യത്യസ്തമായ നാല് കഥകള്‍ പറയുന്ന ടെലിഫിലിമുകളാണ് തുടര്‍ന്നുള്ള 'കുട്ടി ആനന്ദ്,' 'ലവ് സ്റ്റോറി,' 'രാജി മാതിരി പൊണ്ണ്,' 'വാര്‍ത്തൈ തവറി വിട്ടായ്' എന്നീ ചിത്രങ്ങള്‍. മെഡിസിന്‍ പഠിക്കാന്‍ താത്പര്യമില്ലാതെ ഡോക്ടര്‍ ആയിത്തീര്‍ന്ന അനു. സുഹൃത്തിന്റെ വാർഡിൽ താൽക്കാലിക പരിശോധനക്കിടയിൽ അവൾക്ക് ഒരു ചെറിയ കുട്ടിയെ പരിചരിക്കേണ്ടി വരുന്നു. അവർ തമ്മിൽ ഗാഢമായ ഒരു ബന്ധം ഉടലെടുക്കുകയാണ്. അവളുടെ വിവാഹനിശ്ചയദിനത്തില്‍ അവന്‍ മരിക്കുന്നു. ആ വിയോഗം അവള്‍ക്ക് താങ്ങാനാകുന്നില്ല. അമല, നിഴല്‍കള്‍ രവി, കുട്ടി പഴനി എന്നിവർ അഭിനയിച്ചിരിക്കുന്നു, 'കുട്ടി ആനന്ദ്' എന്ന കഥാചിത്രത്തില്‍.
'പെണ്‍' എന്ന സീരീസിലെ തന്നെ ഏറ്റവും 'ലൈറ്റ്-ഹാര്‍ട്ടമഡ്' ആയ കഥയാണ് 'ലവ് സ്റ്റോറി.' പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഒരു പ്രണയകഥയാണിത്. ശോഭനയാണ് ഇതിലെ കേന്ദ്രകഥാപാത്രമായ ശോഭയെ അവതരിപ്പിക്കുന്നത്. വിവാഹത്തോട് താല്പര്യം തീരെയില്ലാത്ത ഒരു പെണ്‍കുട്ടി. ചെന്നൈയിലെ ഒരു ആര്‍ട്ട് ഗാലറിയില്‍ ജോലി ചെയ്യുന്ന അവള്‍ നാട്ടിൽ മുത്തശ്ശിയുടെ അടുത്തേക്ക് എത്തുമ്പോഴൊക്കെ ഓരോ പുതിയ വിവാഹാലോചനകൾ അവൾക്കായി മുത്തശ്ശി റെഡിയാക്കി വയ്ക്കും. ഇത്തവണ അവൾ പെണ്ണുകണ്ട ആളെ പെട്ടന്ന് മറന്നു കളയാൻ അവൾക്ക് തീരെ കഴിയാതെ വന്നിരിക്കുന്നു. യഥാർത്ഥത്തിൽ പ്രേമം ഉണ്ടാകാൻ തുടങ്ങുകയാണോ.. ? അവൾ അന്വേഷിക്കുകയാണ്. ശോഭന അഭിനയം കൊണ്ട് മനോഹരമാക്കിയിരിക്കുന്ന ചിത്രം.
Read Here: ശോഭന നായികയായ ഹ്രസ്വചിത്രം:ലൗ സ്റ്റോറി
ഭാര്യയെ തല്ലുന്ന ഭര്‍ത്താവ്. അയാള്‍ക്ക് അവളോട് സ്നേഹമില്ലാഞ്ഞിട്ടല്ല, നിയന്ത്രിക്കാനാവാത്ത ദേഷ്യം അയാളെ അങ്ങനെ ആക്കുന്നതാണ്. ഭാര്യ അയാളെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിക്കുന്നു. കൂട്ടത്തില്‍ അയാളുടെ അമ്മയും അയാള്‍ ഇത് വരെ അറിയാത്ത ഒരു രഹസ്യം അറിയിക്കുന്നു. അയാളുടെ അച്ഛനും ഇത് പോലെ തന്നെയായിരുന്നു എന്ന്. അച്ഛന്റെ അടി കൊള്ളുന്ന അമ്മ, മകന്‍ കാണാതെ കരയുമായിരുന്നു എന്ന്. ആ അറിവ്, അയാളെ മാറ്റിമറിയ്ക്കുകയാണ്. രഘുവരന്‍, ശരണ്യ, ഷൌക്കാര്‍ ജാനകി എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്നു 'രാജി ,മാതിരി പൊണ്ണ്' എന്ന കഥാചിത്രത്തില്‍.
സുബ്രമണ്യ ഭാരതിയുടെ 'ചിന്നഞ്ചിരുക്കിളിയേ' എന്ന പ്രശസ്തമായ കവിതയില്‍ നിന്നുമുള്ള വരികളാണ് 'വാര്‍ത്തൈ തവറി വിട്ടായ് കണ്ണമ്മ' എന്നത്. വിവാഹാനന്തരം മദ്രാസ് നഗരത്തിലേക്ക് താമസത്തിനെത്തുന്ന ദമ്പതിമാരുടെ കഥയാണ് ഇത് പറയുന്നത്. ഗ്രാമീണ ജീവിതം നയിച്ചിരുന്ന ഗംഗക്ക് നഗരത്തിലെ ശീലങ്ങൾ തീരെ അറിയില്ല. പതുക്കെ അവൾ മഹാനഗരത്തെയും തന്റെ ഭർത്താവിനെയും പഠിക്കുകയാണ്. സുഹാസിനി തന്നെയാണ് ഇതിലെ പ്രധാന വേഷം കൈകാര്യം ചെയ്തിരിക്കുന്നത്.
'പെണ്‍' എന്ന സീരീസ് പുറത്തു വരുന്നത് 1991ലാണ്. ഇന്ന് 'ക്ളീഷേ' ആണെന്നു തോന്നിപ്പിക്കാവുന്ന കഥകളാണ് പലതും എങ്കിലും, ആ കാലത്തെ ഡിജിറ്റല്‍ വീഡിയോ രംഗത്തെ പുതിയൊരു വഴിത്തിരിവ് തന്നെയായിരുന്നു ഈ കഥാചിത്രങ്ങള്‍. അക്കാലം സിനിമാ രംഗം അടക്കി വാണിരുന്ന പലരും ഈ സീരീസില്‍ അഭിനയിച്ചു എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. അഭിനേതാക്കളുടെ മികവ് തന്നെയാണ് 'പെണ്ണി'നെ, അതിന്റെ കഥകള്‍ക്കപ്പുറത്ത്, കാലാതീതമായി നിര്‍ത്തുന്നത്.
കുടുംബം, സമൂഹം - അതിനെ സ്ത്രീയുമായി ബന്ധിപ്പിക്കുന്ന അല്ലെങ്കിൽ തളച്ചിടുന്ന അനേകം ഘടകങ്ങളുടെ കുരുക്ക്- അവയെ പതുക്കെ അഴിക്കാൻ ശ്രമിക്കുന്ന നായികമാരെയാണ് ഈ കഥാചിത്രങ്ങള്‍ രേഖപ്പെടുത്തുന്നത്. കുടുംബത്തിനും സമൂഹത്തിനും അപ്പുറം പോകാൻ ശ്രമിക്കുന്ന ഒരു സ്ത്രീബോധം ഇതിലെ ഓരോ കഥാപാത്രങ്ങളിലും ബോധപൂർവമോ അബോധ പൂർവമോ ചേർന്നിരിക്കുന്നുണ്ട്.
പാരമ്പര്യത്തെ വെല്ലുവിളിക്കുന്ന ഡയലോഗുകൾ അവരുടെ മൗലികതയെ ഉയര്‍ത്തിക്കാട്ടുന്നുമുണ്ട്. തൊണ്ണൂറുകളിൽ നിലനിന്നിരുന്ന, ചിലപ്പോൾ ഇക്കാലത്തും നിലനിൽക്കുന്ന യാഥാസ്ഥിതിക നിലപാടുകളോടുള്ള, ഒരു ഒറ്റയാൾ പ്രതിക്ഷേധമായും സുഹാസിനിയുടെ 'പെണ്ണി'നെ വായിച്ചെടുക്കാം.
സ്മാള്‍ സ്ക്രീനിന്റെ ബാനറില്‍ നിര്‍മ്മിക്കപ്പെട്ട 'പെണ്‍' സീരീസിന്റെ സംഗീതം. ഇളയരാജ, കലാസംവിധാനം തൊട്ടാധരണി, ക്യാമറ. ജി വി കൃഷ്ണന്‍, എഡിറ്റിംഗ്. ലെനിന്‍, ഗോപാല്‍, കഥ-തിരക്കഥ. സുഹാസിനി.
Read Here: വെബ് സീരീസ് ലോകത്തെ ദക്ഷിണേന്ത്യൻ കൈയ്യൊപ്പ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.