scorecardresearch
Latest News

ജീവിതം കൊണ്ടു ജാമ്യം; 72-ാം വയസ്സിലും വേറിട്ട വഴി നടന്നു സുഹാസിനി മുലായ്

ഭീമാ കൊറേഗാവ് പ്രതിയായ ഗൗതം നവ്‌ലാഖയ്ക്ക് വേണ്ടി ജാമ്യം നിന്ന് വാർത്തകളിൽ നിറയുന്ന നടിയും ഡോക്യുമെന്ററി ഫിലിം മേക്കറുമായ സുഹാസിനി മുലായെ കുറിച്ച് കൂടുതലറിയാം

ജീവിതം കൊണ്ടു ജാമ്യം; 72-ാം വയസ്സിലും വേറിട്ട വഴി നടന്നു സുഹാസിനി മുലായ്

പ്രേക്ഷകരുടെ ഇഷ്ടവും പ്രീതിയുമാണ് ഓരോ അഭിനേതാവിന്റെയും സമ്പാദ്യം. ആ പ്രീതി നിലനിർത്തികൊണ്ടുപോവുക എന്നത് ഏറെ ശ്രമകരമാണ്. വിനോദ വ്യവസായത്തിന്റെ ഭാഗവാക്കായ ഭൂരിഭാഗം ആളുകളും രാഷ്ട്രീയ നിലപാടുകളും തുറന്ന അഭിപ്രായങ്ങളും പ്രകടിപ്പിക്കാൻ മടിക്കുന്നതും ഇക്കാരണം കൊണ്ടുതന്നെയാവാം. അവിടെയാണ്, സുഹാസിനി മുലായ് വ്യത്യസ്തയാവുന്നത്. ഭയമേതുമില്ലാതെ, ഭീമാ കൊറേഗാവ് പ്രതിയും മനുഷ്യാവകാശ പ്രവർത്തകനുമായ ഗൗതം നവ്‌ലാഖയ്ക്ക് വേണ്ടി ജാമ്യം നിന്നിരിക്കുകയാണ് എഴുപത്തിരണ്ടുകാരിയായ സുഹാസിനി മുലായ്.

നവംബർ 16ന്, സുഹാസിനി മുലായ് പ്രത്യേക ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ജഡ്ജിക്ക് മുമ്പാകെ ഹാജരാകുകയും ഗൗതം നവ്‌ലാഖയ്ക്ക് വേണ്ടി ജാമ്യം നിൽക്കുകയും ചെയ്തു. ഡൽഹിയിൽ താമസിക്കുന്ന ഗൗതം നവ്ലാഖയെ 30 വർഷമായി തനിക്ക് അറിയാമെന്നാണ് സുഹാസിനി കോടതിയിൽ പറഞ്ഞത്.

വിനോദ വ്യവസായവുമായി ബന്ധപ്പെട്ടു നിൽക്കുന്ന മിക്ക ആളുകളും തിരിച്ചടി ഭയന്ന് രാഷ്ട്രീയ നിലപാട് സ്വീകരിക്കാൻ മടിക്കുന്ന ഇത്തരമൊരു സാഹചര്യത്തിൽ സുഹാസിനിയെടുത്ത തീരുമാനം വേറിട്ടൊരു കഥയായി ചിലർക്കെങ്കിലും തോന്നാം. എന്നാൽ, ആ ജീവിതവും കരിയറും പരിശോധിക്കുമ്പോൾ, എന്നും നിർഭയമായിരുന്നു സുഹാസിനിയെന്നു ബോധ്യമാവും.

മൃണാൾ സെന്നിന്റെ ശ്രദ്ധേയ ചിത്രം ഭുവൻ ഷോമിലൂടെയായിരുന്നു (1969) സുഹാസിനി അരങ്ങേറ്റം കുറിച്ചത്. പ്രശസ്ത ഡോക്യുമെന്ററി സംവിധായകനും സിനിമ ചരിത്രകാരനുമായ വിജയ മുലെയുടെ മകളായ സുഹാസിനി പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിയായിരിക്കെയാണ് മൃണാൾ സെൻ സിനിമയുടെ ലോകത്തേക്ക് ആ പെൺകുട്ടിയെ ക്ഷണിക്കുന്നത്. ഉത്പൽ ദത്തയ്ക്ക് ഒപ്പം അഭിനയിക്കുമ്പോൾ സുഹാസിനിയ്ക്ക് പ്രായം 15 വയസ്സ്.

എന്നാൽ മികച്ച അരങ്ങേറ്റം ലഭിച്ചിട്ടും മൂന്നു പതിറ്റാണ്ടോളം സുഹാസിനി അഭിനയത്തിൽ നിന്നും വിട്ടുനിന്നു. 1999ൽ ഗുൽസാറിന്റെ ‘ഹു ടു ടു’ എന്ന ചിത്രത്തിൽ മാൾട്ടി ബാർവെയെന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടായിരുന്നു സുഹാസിനിയുടെ തിരിച്ചുവരവ്. ആ ചിത്രത്തിലെ അഭിനയം സുഹാസിനിയ്ക്ക് മികച്ച സഹനടിക്കുള്ള ദേശീയ അവാർഡ് നേടികൊടുത്തു. അതൊരു തുടക്കമായിരുന്നു, നാലു തവണയാണ് ദേശീയ പുരസ്കാരം സുഹാസിനിയെ തേടിയെത്തിയത്.

‘ഹു തു ടു’വിന് ലഭിച്ച അംഗീകാരങ്ങൾക്ക് പിന്നാലെ ലഗാൻ (2001), ദിൽ ചാഹ്താ ഹേ (2001), ജോധാ അക്ബർ (2008), പ്രേം രത്തൻ ധൻ പായോ (2015) തുടങ്ങിയ ചിത്രങ്ങളിലും വിരാസാത് (2006), ദേശ് കി ബേട്ടി നന്ദിനി (2016), ഉദാൻ (2014), എവറസ്റ്റ് (2014) ഉൾപ്പെടെയുള്ള നിരവധി ജനപ്രിയ ടെലിവിഷൻ സീരിയലുകളിലും സുഹാസിനി അഭിനയിച്ചു. ഈ വർഷം റിലീസിനെത്തിയ നെറ്റ്ഫ്ളിക്സ് സീരീസ് ‘ദി ഫെയിം ഗെയിമി’ൽ മാധുരി ദീക്ഷിതിന്റെ അമ്മയായെത്തിയതും സുഹാസിനിയാണ്. 2020ൽ റിലീസ് ചെയ്ത ‘മിസ്‌മാച്ച്ഡ്’ എന്ന നെറ്റ്ഫ്ലിക്സ് സീരിസിലും സുഹാസിനി അഭിനയിച്ചിരുന്നു.

വ്യക്തിജീവിതത്തിലും പരമ്പരാഗതമായ രീതികളെ മറികടന്നുകൊണ്ടുള്ള നിരവധി തീരുമാനങ്ങൾ സുഹാസിനി എടുത്തിട്ടുണ്ട്. 2011ൽ ഭൗതികശാസ്ത്രജ്ഞനായ അതുൽ ഗുർതുവിനെ ആര്യസമാജ ക്ഷേത്രത്തിൽ വച്ച് സുഹാസിനി വിവാഹം ചെയ്തത് പലരെയും അത്ഭുതപ്പെടുത്തി. സോഷ്യൽ മീഡിയയിലൂടെയായിരുന്നു സുഹാസിനിയും അതുൽ ഗുർതും പരിചയപ്പെടുന്നതും പ്രണയത്തിലാവുന്നതും, വിവാഹസമയത്ത് സുഹാസിനിയ്ക്ക് 60 വയസ്സും അതുൽ ഗുർതുവിന് 65 വയസ്സുമായിരുന്നു പ്രായം. 2011ൽ മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിൽ (TIFR)നിന്ന് സീനിയർ പ്രൊഫസറായി ഗുർതു വിരമിച്ചു.

ആദ്യചിത്രമായ ‘ഭുവൻ ഷോമി’ന്റെ റിലീസിന് ശേഷം സിനിമയിൽ നിന്ന് വിട്ടുനിന്ന സുഹാസിനി നേരേ പോയത് കനേഡിയൻ യൂണിവേഴ്‌സിറ്റിയിൽ കാർഷിക സാങ്കേതികവിദ്യ പഠിക്കാനാണ്. സോയിൽ കെമിസ്ട്രിയിലും മൈക്രോബയോളജിയിലും പ്രത്യേക ബിരുദം നേടി. പിന്നീട്, മോൺട്രിയലിലെ മക്ഗിൽ യൂണിവേഴ്സിറ്റിയിൽ മാസ് കമ്മ്യൂണിക്കേഷൻ കോഴ്സിനു ചേർന്നു. ദൂരദർശനിലും പൂനെയിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിലും ഹ്രസ്വകാല ജോലികൾ ചെയ്തു. ഒടുവിൽ ഡോക്യുമെന്ററി ഫിലിം മേക്കർ എന്ന നിലയിലേക്ക് കൂടുമാറുന്ന സുഹാസിനിയെ ആണ് കണ്ടത്.

ഡോക്യുമെന്ററികളുടെ ലോകത്തേക്ക് കടക്കുന്നതിന് മുമ്പ്, സത്യജിത് റേയുടെയും മൃണാൾ സെന്നിന്റെയും അസിസ്റ്റന്റായും സുഹാസിനി ജോലി ചെയ്തിരുന്നു. സത്യജിത് റേയുടെ ‘ജന ആരണ്യ’, മൃണാൾ സെന്നിന്റെ ‘മൃഗയ’ എന്നിവയായിരുന്നു ആ ചിത്രങ്ങൾ. രണ്ട് ചിത്രങ്ങളും 1976-ൽ പുറത്തിറങ്ങി. നിരൂപക പ്രശംസ നേടിയ ഈ രണ്ട് ചിത്രങ്ങളുടെയും ഭാഗമായതിനു ശേഷം സുഹാസിനി കൊൽക്കത്തയിൽ നിന്ന് ഡൽഹിയിലേക്ക് മടങ്ങി. സാമൂഹിക വിഷയങ്ങളെക്കുറിച്ചുള്ള ഡോക്യുമെന്ററികൾ നിർമ്മിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനിടയിലാണ് ഗുൽസാർ സുഹാസിനിയെ അഭിനയത്തിലേക്ക് തിരികെ കൊണ്ടുവരുന്നത്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Suhasini mulay life and career bhima koregaon accused gautam navlakha surety