നടി സുഹാസിനിയുടേയും സംവിധായകൻ മണിരത്നത്തിന്റേയും മകൻ നന്ദൻ ഐസൊലേഷനിൽ. മാർച്ച് 18ന് ലണ്ടനിൽ നിന്നും മടങ്ങിയെത്തിയ മകന് പ്രത്യേകിച്ച് രോഗലക്ഷണങ്ങളൊന്നും തന്നെ ഇല്ലെന്നും, എന്നാൽ സർക്കാരിന്റേയും ആരോഗ്യ പ്രവർത്തകരുടേയും നിർദേശങ്ങൾ പാലിക്കുകയാണ് തങ്ങളെന്നും സുഹാസിനി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.
“ഞങ്ങളുടെ മകൻ നന്ദൻ 18 ന് രാവിലെ ലണ്ടനിൽ നിന്ന് മടങ്ങിയെത്തി. രോഗലക്ഷണങ്ങളൊന്നുമില്ല, പക്ഷേ സ്വയം ഐസൊലേഷനിലാകാൻ തീരുമാനിച്ചു. ഇന്ന് അഞ്ചാം ദിവസം ആണ്. ഞാൻ അവനെ ഒരു ഗ്ലാസ് വിൻഡോയിലൂടെ കാണുകയും ഫോണിൽ സംസാരിക്കുകയും ചെയ്യുന്നു. ഭക്ഷണവും വസ്ത്രവും അകലെ നിന്ന് വയ്ക്കുന്നു. അവൻ ഉപയോഗിച്ച വസ്ത്രങ്ങൾ ഞങ്ങൾ തിളച്ച വെള്ളവും ഡെറ്റോളും ഉപയോഗിച്ച് വൃത്തിയായി കഴുകുന്നു. അവന് വൈറസ് ഇല്ലെന്ന് ഓർക്കുക, പക്ഷേ അവൻ യൂറോപ്പിൽ യാത്ര ചെയ്തിട്ടുണ്ട്. നമുക്കെല്ലാവർക്കും വൈറസ് ഉള്ളതുപോലെ പെരുമാറേണ്ടതുണ്ട്. ആരോഗ്യത്തോടെയും സുരക്ഷിതമായും തുടരാൻ അത് ആവശ്യമാണ്,” മകനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് സുഹാസിനി കുറിച്ചു.
Read More: കോവിഡ്-19: രാജ്യത്ത് രോഗബാധിതരുടെ എണ്ണം 283 ആയി
അതേസമയം, രാജ്യത്ത് കോവിഡ്-19 രോഗികളുടെ എണ്ണം 283 ആയി ഉയർന്നു. ശനിയാഴ്ച 47 പുതിയ കേസുകൾ സ്ഥിരീകരിച്ചിരുന്നു. ന്യൂമോണിയ ഉൾപ്പെടെ ഗുരുതരമായ ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട എല്ലാ രോഗികളെയും കോവിഡ്-19 പരിശോധനയ്ക്ക് വിധേയരാക്കാൻ സർക്കാർ നിർദേശം നൽകി. ഇവർ വൈറസ് ബാധിത രാജ്യങ്ങളിലേക്ക് യാത്ര ചെയ്തിട്ടില്ലെങ്കിലും പരിശോധനയ്ക്ക് വിധേയരാക്കാനാണ് നിർദേശം.