ഇന്ത്യൻ സിനിമയുടെ പ്രിയപ്പെട്ട നടന്, തമിഴകത്തിന്റെ ‘ഉലകനായകൻ’ കമൽഹാസൻ, നടിയും സംവിധായികയുമായ സുഹാസിനിയ്ക്ക് ജീവിതത്തിന് ദിശാബോധം നൽകുകയും എന്നും പിന്തുണയേകുകയും ചെയ്ത ചെറിയച്ഛനാണ്. കമൽഹാസന്റെ ജേഷ്ഠസഹോദരനായ ചാരുഹാസന്റെ രണ്ടാമത്തെ മകളാണ് സുഹാസിനി. തന്റെ ജീവിതത്തിൽ കമൽ ഹാസൻ ചെലുത്തിയ സ്വാധീനങ്ങളെയും നന്മകളെയും കുറിച്ച് സംസാരിക്കുന്ന സുഹാസിനിയുടെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
“എന്റെ ജീവിതത്തില്‍ സംഭവിച്ച എല്ലാ നല്ല കാര്യങ്ങൾക്കും കാരണം നിങ്ങളാണ് കമൽ,” സ്നേഹാദരവുകളോടെ സുഹാസിനി പറയുന്നു. കമല്‍ എന്ന് വിളിച്ചാല്‍ മതി, ചെറിയച്ഛാ എന്ന് വിളിക്കണ്ട എന്ന് കമല്‍ ഹാസന് നിഷ്കര്‍ഷിച്ചിരുന്നതായും അവര്‍ വ്യക്തമാക്കി. വലിപ്പച്ചെറുപ്പമില്ലാതെ എല്ലാവരേയും ഒരേപോലെ കാണാന്‍ കഴിയുന്ന മനസ്സുള്ള ഒരാള്‍ക്ക് മാത്രമേ അങ്ങനെ പറയാന്‍ സാധിക്കൂ എന്നും സുഹാസിനി കൂട്ടിച്ചേര്‍ത്തു.
കമൽഹാസന്റെ 65-ാം പിറന്നാളിനോട് അനുബന്ധിച്ച് അവരുടെ ജന്മനാടായ പരമകുടിയില്‍ നടന്ന ചടങ്ങിനിടെ ആയിരുന്നു സുഹാസിനിയുടെ വാക്കുകൾ. ഇതേ ചടങ്ങില്‍ തന്നെ കമലഹാസിന്റെ അച്ഛന് ഡി ശ്രീനിവാസന്റെ പ്രതിമയും അനാച്ഛാദനം ചെയ്തു. ഈ നാട്ടിലെ അറിയപ്പെടുന്ന വക്കീലും സ്വതന്ത്ര സമര സേനാനിയുമായിരുന്നു അദ്ദേഹം.
“നിങ്ങൾ ഇല്ലെങ്കിൽ സിനിമാ ഇൻഡസ്ട്രിയിൽ ഞാനില്ല. എന്നെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ വിട്ട് സിനിമ ടെക്നിക്കലായി പഠിക്കാൻ നിർബന്ധിച്ചത്, അതിനു ഫീസ് കൊടുത്തത് എല്ലാം നിങ്ങളാണ്,” കമൽ തന്റെ ജീവിതത്തിന്റെ ദിശ മാറ്റിയതിനെക്കുറിച്ച് കുറിച്ച് സുഹാസിനി ഓര്‍ത്തു. ചെന്നൈ അഡയാര്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ആദ്യ ക്യാമറ വിദ്യാര്‍ഥിനിയായിരുന്നു സുഹാസിനി ഹാസന്. പഠനത്തെ തുടര്‍ന്ന് ഛായാഗ്രാഹകന്‍ അശോക് കുമാറിന്റെ സഹായായി ചേര്‍ന്ന സുഹാസിനിയെ മഹേന്ദ്രന് ‘നെഞ്ചത്തെ കിള്ളാതെ’ എന്ന തന്റെ ചിത്രത്തിലേക്ക് കാസറ്റ് ചെയ്യുകയായിരുന്നു.
“എനിക്കും സഹോദരിമാർക്കും വളരെ ചെറുപ്പത്തിൽ സ്വയം പര്യാപ്തത നേടേണ്ടതിന്റെയും സ്വയം സുരക്ഷ ഉറപ്പുവരുത്തേണ്ടതിന്റെയും ആവശ്യകതയെ കുറിച്ച് പറഞ്ഞു തന്നതും നിങ്ങളാണ് കമല്‍,” സുഹാസിനി ഓര്‍ത്തെടുത്തു.

“എന്റെ ഭര്‍ത്താവ് മണിരത്നത്തിനെപ്പോലും നിങ്ങൾ തന്നതാണ് കമൽ, നിങ്ങളെ തേടി വന്നതു കൊണ്ടാണ് അദ്ദേഹം എന്റെ ജീവിതത്തിലേക്ക് വന്നത്,” സംവിധായകന് മണിരത്നവുമായുള്ള വിവാഹത്തിലെത്തിയതിനെ കുറിച്ച് സുഹാസിനിയുടെ വാക്കുകൾ ഇങ്ങനെ.
“നിങ്ങളില്ലെങ്കിൽ എനിക്ക് ജീവിതത്തിൽ ഒന്നുമില്ല. അതു കൊണ്ട് ഇതു വരെ ജീവിതത്തിൽ കമലിനോട് ചെയ്യാത്ത രണ്ടു കാര്യങ്ങൾ ഞാൻ ചെയ്യാൻ പോകുന്നു,” എന്നു പറഞ്ഞ് കമൽഹാസന്റെ കാൽതൊട്ട് അനുഗ്രഹം വാങ്ങാനും സ്നേഹ ചുംബനങ്ങൾ നൽകാനും സുഹാസിനി മറന്നില്ല.
ചടങ്ങിൽ കമൽഹാസന് ആശംസകളുമായി കുടുംബത്തിലെ അംഗങ്ങള്‍ എല്ലാവരും സംസാരിച്ചു.
Read more: സ്ത്രീകള്‍ക്ക് സിനിമയില്‍ തുടരാനുള്ള ആഗ്രഹവും ഇച്ഛാശക്തിയും ഉണ്ടാവണം: സുഹാസിനി