Tamil New Year 2023, Puthandu: മലയാളികൾ വിഷു ആഘോഷിക്കുമ്പോൾ, തമിഴരെ സംബന്ധിച്ച് ഇന്ന് പുത്താണ്ടാണ്. ചങ്ങാതിമാർക്കൊപ്പം തമിഴ് പുത്താണ്ട് ആഘോഷിച്ചതിന്റെ ചിത്രങ്ങൾ ഷെയർ ചെയ്തിരിക്കുകയാണ് നടിയും സംവിധായികയുമായ സുഹാസിനി മണിരത്നം. രാധിക ശരത് കുമാർ, അംബിക, രേവതി, ഖുശ്ബു, ലിസി എന്നിവരെയും ചിത്രങ്ങളിൽ കാണാം.
വിശേഷ അവസരങ്ങളിലും താരങ്ങളുടെ പിറന്നാൾ ദിവസവുമെല്ലാം എയ്റ്റീസ് ക്ലബ്ബിലെ ഈ കൂട്ടുകാരികൾ ഒത്തുകൂടാറുണ്ട്. എൺപതുകളിൽ തെന്നിന്ത്യൻ സിനിമയിൽ തിളങ്ങി നിന്നിരുന്ന, നിരവധി ആരാധകരുണ്ടായിരുന്ന ഒരു കൂട്ടം നായികമാരും നായകന്മാരും അംഗങ്ങളായ കൂട്ടായ്മയാണ് എയ്റ്റീസ് ക്ലബ്ബ് അഥവാ എവർഗ്രീൻ ക്ലബ്ബ് ’80’.
സുഹാസിനി, ലിസി, ഖുശ്ബു, ശോഭന, രേവതി, രജനീകാന്ത്, കമൽഹാസൻ, മോഹൻലാൽ, വെങ്കിടേഷ്, സത്യരാജ്, പ്രഭു, പൂനം ധില്ലൻ, രാധ, സുമലത, അബരീഷ്, സ്വപ്ന, മേനക, പാർവ്വതി, ജയറാം, കാർത്തിക്, മുകേഷ്, പ്രതാപ് പോത്തൻ, മോഹൻ, സുരേഷ്, ശങ്കർ, അംബിക, രമേശ് അരവിന്ദ്, നരേഷ്, ഭാഗ്യരാജ്, പൂർണിമ ഭാഗ്യരാജ്, ചിരഞ്ജീവി, സുമൻ, നദിയാ മൊയ്തു, റഹ്മാൻ, രാജ്കുമാർ, സരിത, ജയസുധ, ജാക്കി ഷെറോഫ്, രാധിക ശരത്കുമാർ, രമ്യ കൃഷ്ണൻ എന്നു തുടങ്ങി തമിഴ്, തെലുങ്ക്, കന്നട, മലയാളം സിനിമകളിലെ പ്രമുഖ താരനിര തന്നെ എയ്റ്റീസ് ക്ലബ്ബിലുണ്ട്.
2009 ലാണ് സുഹാസിനി മണിരത്നവും ലിസിയും ചേർന്ന് ഇത്തരമൊരു റീയൂണിയൻ ആരംഭിക്കുന്നത്. ‘ചെന്നൈ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ കാര്യങ്ങൾ ചർച്ച ചെയ്യാനായി തെന്നിന്ത്യൻ താരങ്ങൾ ഒന്നിച്ച് സുഹാസിനിയുടെ വീട്ടിൽ ഒത്തു കൂടിയ യോഗത്തിൽ നിന്നാണ് ഇത്തരമൊരു കൂട്ടായ്മയുടെ പിറവി’യെന്ന് ‘ദ ഹിന്ദു’വിന് നൽകിയ അഭിമുഖത്തിൽ മുൻപ് സുഹാസിനി തന്നെ വ്യക്തമാക്കിയിരുന്നു. കൂട്ടായ്മ സംഘടിപ്പിക്കാൻ സുഹാസിനിയും ലിസിയും മുൻകൈ എടുത്തു. ആദ്യം, 80 കളിലെ താരറാണിമാർ മാത്രമുണ്ടായിരുന്ന കൂട്ടായ്മ പതിയെ വളർന്നു, താരങ്ങളും കൂട്ടായ്മയുടെ ഭാഗമായി മാറി.