നടി സുഹാസിനി വര്‍ഷങ്ങള്‍ക്ക് മുന്‍പ് സംവിധാനം ചെയ്ത ടെലിവിഷന്‍ സീരീസ് ആണ് ‘പെണ്‍’. തെന്നിന്ത്യയിലെ മുന്‍നിര അഭിനേത്രികളായ രേവതി, ശ്രീവിദ്യ, ശോഭന, അമല, രാധിക, ശരണ്യ, ഭാനുപ്രിയ തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ആ ഹ്രസ്വ ചിത്രങ്ങള്‍ സണ്‍ ടി വിയായിരുന്നു പ്രക്ഷേപണം ചെയ്തിരുന്നത്. സ്ത്രീകള്‍ നേരിടുന്ന പലവിധ വൈകാരിക-സാമൂഹ്യ പ്രശ്നങ്ങളെ മനോഹരമായി എടുത്തു കാട്ടിയ ‘പെണ്‍’ പ്രക്ഷേപണ കാലത്തും അതിനു ശേഷവും പ്രേക്ഷക-നിരൂപക പ്രശംസ പിടിച്ചു പറ്റിയിരുന്നു.

ഡിജിറ്റല്‍ യുഗത്തിന് മുന്‍പ് നിര്‍മ്മിക്കപ്പെട്ട തന്റെ ഹ്രസ്വ ചിത്രങ്ങളുടെ സീരീസിലെ ‘കുട്ടി ആനന്ദ്‌’ എന്ന ചിത്രത്തെ തേടുകയാണ് സുഹാസിനി ഇപ്പോള്‍. അമല, നിഴല്‍ഗള്‍ രവി എന്നിവര്‍ അഭിനയിച്ച ‘കുട്ടി ആനന്ദ്‌’ രോഗബാധിതനായ ആനന്ദ്‌ എന്ന കുട്ടിയുടേയും അവനെ പരിചരിക്കുന്ന യുവ ഡോക്ടര്‍ അനു(അമല)വിന്റെയും കഥയാണ് പറഞ്ഞത്. കുട്ടിയുമായി വളരെ അടുത്ത് പോകുന്ന ഡോക്ടറെ അവന്റെ വിയോഗം വല്ലാതെ ഉലയ്ക്കുന്നു.

മെഡിക്കല്‍ പ്രൊഫഷന്റെ പരിമിതികള്‍ക്ക് അകത്തു നില്‍ക്കേണ്ടവരാണ് ഡോക്ടര്‍മാര്‍ എന്നും രോഗിമായി അടുക്കാന്‍ പാടില്ല എന്നുമൊക്കെ അനുവിന് അറിയാം, എങ്കിലും കുട്ടി ആനന്ദിന്റെ അസുഖലോകത്ത് ഒരിത്തിരി ആനന്ദവും അഡ്‌വെന്‍ച്ചറും എത്തിക്കാന്‍ മടിയ്ക്കുന്നില്ല അനു. അവനിഷ്ടമുള്ള ആഹാരം കൊടുക്കുകയും, ആശുപത്രി അറിയാതെ തന്റെ കാറില്‍ കയറ്റി കറങ്ങാന്‍ കൊണ്ട് പോവുകയും ഒക്കെ ചെയ്യുന്നുണ്ട് അനു. അതിന്റെ പേരില്‍ ആശുപത്രിയില്‍ നടപടിയ്ക്കും വിധേയയാവുന്നുണ്ട് അവര്‍.

1990ല്‍ സംവിധാനം ചെയ്ത ‘കുട്ടി ആനന്ദി’ന്റെ യൂട്യൂബ് ലിങ്ക് ഉണ്ടോ എന്ന് ചോദിച്ചു ട്വിറ്റെറില്‍ എത്തിയിരിക്കുകയാണ് സുഹാസിനി ഇപ്പോള്‍. അതില്‍ നിന്നും ഒരു ദൃശ്യം അത്യാവശ്യമായി വേണം എന്ന് കാണിച്ചാണ് കുറിപ്പ്.

ഇതിനു താഴെ ആരാധകര്‍ തങ്ങള്‍ക്കറിയാവുന്ന വിവരങ്ങള്‍ പങ്കു വയ്ക്ക്ന്നുണ്ട്. ‘പെണ്‍’ ഹ്രസ്വ ചിത്രങ്ങളിലെ മറ്റു ചില എപ്പിസോഡുകള്‍ കിട്ടിയെങ്കിലും സുഹാസിനി അന്വേഷിക്കുന്ന ചിത്രത്തിലേക്ക് ഇത് വരെ എത്താന്‍ കഴിഞ്ഞിട്ടില്ല എന്നാണ് അറിയാന്‍ കഴിയുന്നത്‌. രേവതി-ശ്രീവിദ്യ എന്നിവര്‍ അഭിനയിച്ച ‘ഹേമാവുക്ക് കല്യാണം’, ശോഭന മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച ‘ലവ് സ്റ്റോറി’ എന്നീ ചിത്രങ്ങളുടെ ലീഡുകളാണ് കിട്ടിയിരിക്കുന്നത്.

സുഹാസിനി തന്നെയാണ് ‘പെണ്‍’ സീരീസിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ചാരുഹാസനാണ് നിര്‍മ്മാതാവ്.Suhasini Maniratnam Penn Serial Shobaba Amala Revathy Sreevidya 1

ഇതിന് ശേഷം ‘അന്‍പുള്ള സ്നേഹിതി’ എന്ന തമിഴ് സീരിയലും ‘ഇന്ദിര’ എന്ന ചലച്ചിത്രവും സംവിധാനം ചെയ്തിട്ടുള്ള സുഹാസിനി ഇപ്പോള്‍ സംവിധാന രംഗത്ത്‌ സജീവയല്ല.  ഭര്‍ത്താവും സംവിധായകനുമായ മണിരത്നത്തിന്റെ ചിത്രങ്ങളിലെ സംഭാഷണമെഴുത്ത്, അഭിനയം എന്നിവയിലാണ് അവരിപ്പോള്‍ ശ്രദ്ധയൂന്നുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook