ഇന്ത്യൻ സിനിമയ്ക്ക് തന്നെ അഭിമാനകരമായ രണ്ട് വ്യക്തിത്വങ്ങളാണ് സംവിധായകൻ മണിരത്നവും സുഹാസിനിയും. ഒരാൾ, ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സംവിധായകനും തന്റേതായ കയ്യൊപ്പു പതിഞ്ഞ ചിത്രങ്ങളിലൂടെ സവിശേഷമായൊരു ശൈലി രൂപപ്പെടുത്തുകയും ചെയ്ത ഇതിഹാസം. മറ്റെയാൾ ദേശീയ പുരസ്കാരം നേടിയ അഭിനേത്രി. അതിനുമപ്പുറം എഴുത്തുകാരി, സംവിധായിക, ആക്റ്റിവിസ്റ്റ് എന്നീ നിലകളിലെല്ലാം തന്റെ കഴിവുകൾ തെളിയിച്ചുകഴിഞ്ഞ ഒരു ബഹുമുഖപ്രതിഭ. 32 വർഷമായി പരസ്പരം താങ്ങും തണലുമായി വിജയകരമായ ദാമ്പത്യജീവിതം നയിക്കുകയാണ് സുഹാസിനിയും മണിരത്നവും.
വിവാഹജീവിതത്തെ കുറിച്ചോ ജീവിതപങ്കാളികളെ കുറിച്ചോ അധികമൊന്നും അഭിമുഖങ്ങളിൽ വാചാലയാവാറില്ല ഇരുവരും. എന്നാൽ വിവാഹത്തിനു ഒരുങ്ങുന്നതിനു മുൻപ് മണിരത്നം തന്നോടു പറഞ്ഞൊരു കാര്യം ഓർത്തെടുക്കുകയാണ് സുഹാസിനി ഇപ്പോൾ.
“ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് 32 വർഷമാവുന്നു. വിവാഹത്തിനൊരുങ്ങും മുൻപ് മണി എന്നോട് ചിലകാര്യങ്ങൾ പറഞ്ഞു. ഒരു വിവാഹം നന്നായി വർക്ക് ചെയ്യണമെങ്കിൽ ചില കാര്യങ്ങളുണ്ട്. ജെനറസ് ആയിരിക്കണം, സ്നേഹവും പരസ്പരം പകർന്നു നൽകാനുള്ള മനസ്സും വേണം. അതൊന്നും എനിക്കില്ല, ഇനി നീ തീരുമാനിക്കൂ എന്നായിരുന്നു മണി പറഞ്ഞത്,” സുഹാസിനി ചിരിയോടെ ഓർക്കുന്നു. ഇൻസ്റ്റഗ്രാം ലൈവിൽ സംസാരിക്കുന്നതിനിടയിലായിരുന്നു സുഹാസിനിയുടെ വാക്കുകൾ. പരസ്പരം മനസിലാക്കലും സ്നേഹവും തന്നെയാണ് നല്ല ദാമ്പത്യത്തിന്റെ അടിസ്ഥാനമെന്നും സുഹാസിനി പറഞ്ഞു.
“എന്റെ പ്രണയം സംഗീതത്തോടാണ്. സ്നേഹത്തിനും റൊമാൻസിനുമൊന്നും ആവശ്യത്തിൽ കൂടുതൽ പ്രാധാന്യം നൽകുന്ന വ്യക്തിയല്ല ഞാൻ. അങ്ങനെ പറയുമ്പോഴും, മണിയാണ് എന്റെ ഏറ്റവും വലിയ പ്രണയം. അദ്ദേഹം ഒരു ക്രോണിക് റൊമാന്റിക് വ്യക്തിയാണ്,” ഒരിക്കൽ ഹിന്ദുവിന് നൽകിയ അഭിമുഖത്തിൽ മണിരത്നത്തെ കുറിച്ച് സുഹാസിനി പറഞ്ഞതിങ്ങനെ.
Read more: എന്റെ ജീവിതത്തിലെ എല്ലാ നന്മകൾക്കും കാരണം നിങ്ങൾ; കമൽഹാസന് സ്നേഹചുംബനം നൽകി സുഹാസിനി
അതേസമയം, ബഹുമുഖപ്രതിഭയായ സുഹാസിനിയുടെ ജീവിതത്തിൽ താങ്കൾ എത്രത്തോളം സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്ന ചോദ്യത്തിന് മണിരത്നം നൽകിയ മറുപടിയും ശ്രദ്ധേയമാണ്. “സത്യത്തിൽ, ഒന്നിലധികം പ്രവർത്തനങ്ങളിൽ മികവു പ്രകടിപ്പിക്കുന്ന കാര്യത്തിൽ അവൾ മിടുക്കിയാണ്. അതുകൊണ്ട് തന്നെ പിന്തുണ നൽകുക എന്നത് എനിക്ക് എളുപ്പമാണ്. അവളുടെ വിജയം ആസ്വദിക്കുകയും ആഘോഷിക്കുകയും മാത്രമാണ് ഞാൻ ചെയ്യേണ്ടത്.”
വിജയകരമായൊരു വിവാഹജീവിതത്തിന് എന്തുവേണമെന്ന ചോദ്യത്തിന് മൂന്നു കാര്യങ്ങളാണ് മണിരത്നം ചൂണ്ടികാട്ടിയത്. “പങ്കാളിയെ നന്നായി തിരഞ്ഞെടുക്കുക. തിരഞ്ഞെടുത്ത ആൾക്ക് വേണ്ടത്ര സ്പേസും സമയവും നൽകുക. ജീവിതത്തിലെ എല്ലാ നിർണായക ജംഗ്ഷനുകളിലും ‘യെസ്, തീർച്ചയായും’, ‘ഉറപ്പ്, 100 ശതമാനം’ എന്നു പറഞ്ഞ് പോസിറ്റീവായി മുന്നോട്ടുപോവുക.”
1988 ആഗസ്ത് 26നാണ് മണിരത്നവും സുഹാസിനിയും വിവാഹിതരാവുന്നത്. ഒരു ചിത്രത്തിൽ പോലും ഇരുവരും ഒന്നിച്ച് പ്രവർത്തിച്ചില്ലെങ്കിൽ കൂടിയും പരസ്പരം ഇരുവരും പ്രണയത്തിലാവുകയും ആ ബന്ധം വിവാഹത്തിലെത്തുകയുമായിരുന്നു. നന്ദൻ എന്നൊരു മകനാണ് ഈ ദമ്പതികൾക്ക് ഉള്ളത്. പ്രൊഫഷണൽ ജീവിതത്തിലും ഇരുവരും പരസ്പരമേകുന്ന പിന്തുണ എടുത്തുപറയേണ്ടതാണ്. മദ്രാസ് ടാക്കീസ് എന്ന പ്രൊഡക്ഷൻ കമ്പനിയുടെ പ്രവർത്തനങ്ങൾ ഇരുവരും ചേർന്നാണ് നടത്തുന്നത്.
Read more: ആ ഗ്ലാസിനപ്പുറം ഐസൊലേഷനിൽ കഴിയുന്നത് എന്റെ മകനാണ്: സുഹാസിനി