ഹാസൻ കുടുംബം​ ഒന്നിച്ച് സ്ക്രീനിലെത്തുമ്പോൾ; സുഹാസിനി കാത്തുവെയ്ക്കുന്ന കൗതുകം

സുഹാസിനി, അമ്മ കോമളം ഹാസൻ, അനുഹാസൻ, ശ്രുതി ഹാസൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്

suhasini maniratnam, putham pudhu kaalai, putham pudhu kaalai amazon prime, putham pudhu kaalai release, coffee anyone, Suhasini family

തമിഴകത്തെ പ്രഗത്ഭരായ അഞ്ചു സംവിധായകർ ചേർന്നൊരുക്കിയ ആന്തോളജി ഫിലിം ആമസോൺ പ്രൈമിൽ റിലീസിനൊരുങ്ങുകയാണ്. സംവിധായകരായ ഗൗതം മേനോൻ, സുഹാസിനി മണിരത്നം, രാജീവ് മേനോൻ, കാർത്തിക് സുബ്ബരാജ്, സുധ കൊങ്കാര എന്നിവരാണ് ‘പുത്തം പുതു കാലൈ’ എന്നു പേരിട്ടിരിക്കുന്ന ആന്തോളജി ചിത്രത്തിനു പിറകിൽ. കോവിഡ് ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിലാണ് അഞ്ച് ഹ്രസ്വചിത്രങ്ങളും ഒരുക്കിയിരിക്കുന്നത്.

ആന്തോളജിയിൽ സുഹാസിനി മണിരത്നം ഒരുക്കിയിരിക്കുന്ന ‘കോഫി, എനിവൺ?’ എന്ന ചിത്രത്തിനു പിന്നിൽ ഒരു കൗതുകം കൂടി ഒളിച്ചിരിപ്പുണ്ട്. തമിഴകത്തെ സിനിമാകുടുംബങ്ങളിൽ ശ്രദ്ധേയമായ ഹാസൻ കുടുംബാംഗങ്ങളാണ് ചിത്രത്തിനു വേണ്ടി കൈകോർക്കുന്നത്.

സുഹാസിനി സംവിധാനം ചെയ്യുകയും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്യുന്ന ചിത്രത്തിൽ സുഹാസിനിയുടെ അമ്മ കോമളം ഹാസൻ, ചാരുഹാസന്റെയും കമലഹാസന്റെയും സഹോദരൻ ചന്ദ്രഹാസന്റെ മകളും നടിയുമായ അനു ഹാസൻ, കമലഹാസന്റെ മകൾ ശ്രുതി ഹാസൻ എന്നിവരും അഭിനയിക്കുന്നുണ്ട്. അച്ഛൻ ചാരുഹാസനും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കേണ്ടി ഇരുന്നെങ്കിലും ആരോഗ്യപ്രശ്നങ്ങളാൽ അദ്ദേഹത്തിന് ചിത്രത്തിൽ അഭിനയിക്കാൻ കഴിയാതെ പോയി. പകരം പ്രശസ്ത നാടകനടനായ കതാടി രാമമൂർത്തിയാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.

മറ്റൊരു കഥയായിരുന്നു സുഹാസിനി​ ആദ്യം തിരഞ്ഞെടുത്തതെങ്കിലും ആ കഥയ്ക്ക് കാർത്തിക് സുബ്ബരാജിന്റെ കഥയുമായി സമാനതകൾ തോന്നിയതിനാൽ ആ​ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. സുഹാസിനിയുടെ തന്നെ ഒരു ചെറുകഥയെ ആസ്പദമാക്കിയാണ് ‘കോഫി, എനിവൺ’ ഒരുങ്ങുന്നത്. “അമ്മയുടെ അമ്പതാം ജന്മദിനമാഘോഷിക്കാനായി ഒരു മകനും മകളും വിദേശത്തുനിന്നു എത്തുന്നതും അവർ തമ്മിലുള്ള ഏറ്റുമുട്ടലുകളും സംഘർഷങ്ങളുമാണ് കഥയുടെ സാരാംശം. ആമസോണിന് വേണ്ടി ആ കഥ തിരക്കഥയായി മാറ്റിയപ്പോൾ മകന്റെ കഥാപാത്രത്തെ മകളാക്കി മാറ്റി.” സുഹാസിനി പറയുന്നു.

Read more: പ്രിയതാരങ്ങൾ ഒന്നിക്കുന്ന ചിത്രം; ‘ഇളമൈ ഇദോ ഇദോ’

“സ്നേഹം, പ്രത്യാശ, പുതിയ തുടക്കങ്ങൾ എന്നീ പ്രമേയങ്ങൾ കൈകാര്യം ചെയ്യുന്ന ‘പുത്തം പുതു കാലൈ’ ഏറ്റവും വെല്ലുവിളി നിറഞ്ഞ കാലത്തും കലയെ എങ്ങനെ ആവിഷ്കരിക്കാം എന്നതിനെ കുറിച്ചാണ് സംസാരിക്കുന്നത്. തമിഴ് സിനിമാ മേഖലയിലെ ഏറ്റവും ധിഷണാശാലികളായ പ്രതിഭകളിലൂടെ ഈ സവിശേഷമായ ചിത്രം നിങ്ങളിലേക്ക് എത്തിക്കാൻ ഞങ്ങൾക്ക് സന്തോഷമുണ്ട്, ”ആമസോൺ പ്രൈം വീഡിയോയുടെ ഇന്ത്യ ഒറിജിനൽസ് മേധാവി അപർണ പുരോഹിത് പറഞ്ഞു.

ആന്തോളജിയിലെ ‘ഇളമൈ ഇദോ ഇദോ’ എന്ന ചിത്രം സംവിധാനം ചെയ്തത് സുധ കൊങ്കാരയാണ്. സൂര്യയുടെ വരാനിരിക്കുന്ന ‘സുരാരൈ പോട്ര്’ എന്ന ചിത്രത്തിന്റെ സംവിധായിക കൂടിയാണ് സുധ. കമൽഹാസന്റെ ‘സകലകലാവല്ലവൻ’ എന്ന ചിത്രത്തിലെ എസ് പിബി ആലപിച്ച ജനപ്രിയ ഗാനത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് ചിത്രത്തിന് പേര് നൽകിയത്. ജയറാം, കാളിദാസ് ജയറാം, ഉർവശി, കല്യാണി പ്രിയദർശൻ എന്നിവരാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.

‘അവളും നാനും’ എന്നാണ് ഗൗതം വാസുദേവ് മേനോൻ ഒരുക്കുന്ന ഹ്രസ്വചിത്രത്തിന്റെ പേര്. എം എസ് ഭാസ്കർ, ‘കണ്ണും കണ്ണും കൊള്ളയടിത്താൽ’ താരം റിതു വർമ്മ എന്നിവരാണ് ചിത്രത്തിലെ താരങ്ങൾ.

രാജീവ് മേനോൻ സംവിധാനം ചെയ്തിരിക്കുന്ന ‘റീയൂണിയൻ’ എന്ന ഹ്രസ്വചിത്രത്തിൽ ആൻഡ്രിയയും ലീല സാംസണും ആണ് പ്രധാന അഭിനേതാക്കൾ.

കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ചിത്രത്തിന് ‘മിറാക്കിൾ’ എന്നാണ് പേര് നൽകിയിരിക്കുന്നത്. ബോബി സിംഹ, മുത്തു കുമാർ എന്നിവരാണ് അഭിനേതാക്കൾ.

ഒക്ടോബർ 15ന് ‘പുത്തം പുതു കാലൈ’ ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Suhasini maniratnam family in coffee anyone putham pudhu kaalai anthology film

Next Story
സന്തോഷം; അവാർഡ് ഉത്തരവാദിത്തം കൂട്ടിയെന്ന് സുരാജ് വെഞ്ഞാറമൂട്suraj venjaramoodu, സുരാജ് വെഞ്ഞാറമൂട്, covid 19, കോവിഡ് 19, coronavirus, കൊറോണ വൈറസ്, quarantine, ക്വാറന്റൈൻ, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com