ലോക്ക്‌ഡൗൺ കാലത്തും ചെറിയ വീഡിയോകളും ഹ്രസ്വചിത്രങ്ങളുമൊക്കെ ഒരുക്കാൻ​ ശ്രമിക്കുകയാണ് സിനിമാ മേഖലയിൽ പ്രവർത്തിക്കുന്നവർ. നടിയും സംവിധായികയുമായ സുഹാസിനി മണിരത്നവും ലോക്ക്‌ഡൗൺ കാല കഥകൾ ഹ്രസ്വചിത്രങ്ങളായി മാറ്റുകയാണ്. സുഹാസിനിയുടെ ആദ്യത്തെ ഷോർട്ട്ഫിലിമിൽ അഹാനയാണ് കേന്ദ്രകഥാപാത്രമായി എത്തുന്നത്. അണിയറ പ്രവർത്തകരോ സാങ്കേതിക പ്രവർത്തകരോ ലൈറ്റോ ഒന്നുമില്ലാതെ ഐ ഫോണിൽ ആണ് സുഹാസിനി ഷോർട്ട് ഫിലിം ഷൂട്ട് ചെയ്തിരിക്കുന്നത്. കെവിൻ ദാസ് എഡിറ്റിംഗും ജെയിംസ് വസന്തൻ സംഗീതവും നിർവ്വഹിച്ചു. ഷോർട്ട് ഫിലിം ഉടനെ യൂട്യൂബിൽ എത്തുമെന്ന് സുഹാസിനി അറിയിക്കുന്നു.

വർഷങ്ങൾക്കു മുൻപ് ‘പെണ്‍’ എന്നൊരു തമിഴ് ടെലിസീരീസും സുഹാസിനി സംവിധാനം ചെയ്തിരുന്നു. തൊണ്ണൂറുകളുടെ തുടക്കത്തില്‍, സാറ്റലൈറ്റ് ടെലിവിഷന്‍ പ്രചാരത്തില്‍ വന്ന കാലത്ത്, സണ്‍ ടിവിയാണ് ഈ പരമ്പര സംപ്രേഷണം ചെയ്തത്. ഏഴോളം കഥകൾ അടങ്ങുന്ന ഈ സീരീസ്, അതു വരെ ടെലിവിഷന്‍ കണ്ട സ്ത്രീ ജീവിതങ്ങളെ പുതിയൊരു കാലത്തിൽ, പുതിയ രീതിയിൽ അടയാളപ്പെടുത്തി.

‘ഹേമാവുക്ക് കല്യാണം,’ അപ്പാ അപ്പടി താന്‍,’ അപ്പാ ഇരുക്കേന്‍,’ ‘മിസ്സിസ് രംഗനാഥ്,’ ‘കുട്ടി ആനന്ദ്‌,’ ‘ലവ് സ്റ്റോറി,’ ‘രാജി മാതിരി പൊണ്ണ്,’ ‘വാര്‍ത്തൈ തവറി വിട്ടായ്’ എന്ന് പേരുകളുള്ള, എട്ടു ഭാഗങ്ങളുള്ള ടെലിസീരീസാണ് ‘പെണ്‍’. യാഥാസ്ഥിതികതയില്‍ നിന്നും പുറത്തേക്കു കാലെടുത്തു വയ്ക്കാന്‍ ശ്രമിക്കുന്ന, അതില്‍ വിജയിക്കുകയും ചിലപ്പോള്‍ പരാജയപ്പെടുകയും ചെയ്യുന്ന നായികമാര്‍. അവരെ, അവരുടെ കുടുംബങ്ങളെ, ബന്ധങ്ങളെ, ആഗ്രഹങ്ങളെ, പ്രണയത്തെ ഒക്കെ ചുറ്റിപറ്റിയാണ് ഓരോ കഥയും സഞ്ചരിക്കുന്നത്. ശോഭന, രേവതി, ഭാനുപ്രിയ, ഗീത, രാധിക, അമല, ശരണ്യ, സുഹാസിനി എന്നിവരായിരുന്നു ആ ചെറുചിത്രങ്ങളിലെ നായികമാർ. സ്മാള്‍ സ്ക്രീനിന്റെ ബാനറില്‍ നിര്‍മ്മിക്കപ്പെട്ട ‘പെണ്‍’ സീരീസിന്റെ സംഗീതം ഇളയരാജ, കലാസംവിധാനം തൊട്ടാധരണി, ക്യാമറ ജി വി കൃഷ്ണന്‍, എഡിറ്റിംഗ് ലെനിന്‍, ഗോപാല്‍ എന്നിവരായിരുന്നു നിർവ്വഹിച്ചത്. കഥയും തിരക്കഥയും സംവിധാനവും സുഹാസിനി തന്നെയായിരുന്നു.

Read more: പെണ്‍: സുഹാസിനിയുടെ കഥാചിത്രങ്ങളിലൂടെ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook