കണ്ണൂരിലെ മുസ്ലിം വിവാഹങ്ങളെ കുറിച്ച് നടി നിഖില വിമൽ പറഞ്ഞ വാക്കുകൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായി കൊണ്ടിരിക്കുകയാണ്. “കോളജിൽ പഠിക്കുമ്പോഴാണ് മുസ്‌ലിം കുട്ടികളുടെ കല്യാണത്തിന് പോയിത്തുടങ്ങിയത്. സ്ത്രീകളൊക്കെ അവിടെ അടുക്കള ഭാഗത്തിരുന്നേ ഭക്ഷണം കഴിക്കാൻ പാടുള്ളൂ. മുമ്പിലാണ് ആണുങ്ങൾക്കൊക്കെ ഉള്ള ഭക്ഷണം. ഇപ്പോഴും അതിന് വലിയ മാറ്റങ്ങളൊന്നും വന്നിട്ടില്ല,” എന്നായിരുന്നു നിഖില വിമലിന്റെ വാക്കുകൾ. ഇർഷാദ് പരാരി സംവിധാനം ചെയ്ത ‘അയൽവാശി’ എന്ന സിനിമയുടെ പ്രമോഷനിടെയാണ് കണ്ണൂരിലെ മുസ്ലിം വിവാഹങ്ങളെ കുറിച്ചുള്ള ഓര്‍മകള്‍ നിഖില പങ്കുവച്ചത്.
സമാനമായ ഒരു അനുഭവത്തെ കുറിച്ച് ഏതാനും ദിവസങ്ങൾക്കു മുൻപ് നടിയും സംവിധായികയുമായ സുഹാസിനി മണിരത്നവും ഒരു വേദിയിൽ തുറന്നു പറഞ്ഞിരുന്നു. വിവാഹം കഴിഞ്ഞയുടനെ ഒരു വീട്ടിൽ വിരുന്നിനു പോയപ്പോൾ ഉണ്ടായ വിവേചനത്തെ കുറിച്ചാണ് സുഹാസിനി പറഞ്ഞത്. ‘കല്യാണം കഴിക്കുന്ന സമയത്ത് മണിരത്നം നാലഞ്ചു പടങ്ങൾ ചെയ്തിട്ടുണ്ട്. ഞാൻ 90 ഓളം ചിത്രങ്ങളിൽ അഭിനയിച്ചു നിൽക്കുന്നു. അറേഞ്ച്ഡ് മാര്യേജായിരുന്നു ഞങ്ങളുടേത്. കല്യാണം കഴിഞ്ഞയുടനെ അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ ഞങ്ങളെ വിരുന്നിനു വിളിച്ചു. എല്ലാവരും നന്നായി പഠിച്ച, പ്രൊഫഷണലുകളായ മനുഷ്യർ. ഞങ്ങൾ വിരുന്നിനു ചെന്നപ്പോൾ ആദ്യം ഡ്രോയിങ് റൂമിൽ ഇരുത്തി ജ്യൂസൊക്കെ തന്നു. കുറച്ചു കഴിഞ്ഞ് കഴിക്കാനായ സമയത്ത് ഭക്ഷണമൊക്കെ ഡൈനിംഗ് റൂമിൽ കൊണ്ടുവച്ചു. ഞാൻ എണീറ്റപ്പോൾ കുറച്ചു നേരം കൂടി വെയ്റ്റ് ചെയ്യൂ എന്നായി ആ വീട്ടിലെ ഗൃഹനാഥ. എനിക്കത് ഷോക്കായി. ആണുങ്ങൾക്ക് ആദ്യം, പെണ്ണുങ്ങൾക്ക് പിന്നീട് എന്നൊന്നും ഞാൻ മുൻപു കേട്ടിരുന്നില്ല. ആണുങ്ങളൊക്കെ കഴിച്ചുകഴിഞ്ഞ് ഞങ്ങൾ മൂന്നു സ്ത്രീകളും അടുക്കളയിലെ ചെറിയ ഡൈനിംഗ് ടേബിളിലിരുന്ന ഭക്ഷണം കഴിച്ചു.’ എന്നാണ് തന്റെ അനുഭവം പങ്കുവച്ച് സുഹാസിനി പറഞ്ഞത്.
വീട്ടിൽ സഹായിയായി നിൽക്കുന്ന സ്ത്രീ പറഞ്ഞ ഒരു കാര്യം തന്നെ അമ്പരപ്പിച്ച അനുഭവവും സുഹാസിനി ഓർത്തെടുക്കുന്നു. ‘വീട്ടിൽ ഞാനും മണിയും മകനുമാണ് താമസം, സഹായത്തിന് കുറച്ചു പ്രായമായ ഒരു സ്ത്രീയുമുണ്ട്. ഒരുനാൾ ഞാൻ അവരോടു ചോദിച്ചു, ചപ്പാത്തിയോ കുറുമയോ അങ്ങനെയെന്തെങ്കിലും സ്പെഷൽ ആയി ഉണ്ടാക്കിയാലോ? എത്ക്ക് മാ? എന്നായിരുന്നു അവരുടെ ചോദ്യം. നമുക്ക് നന്നായി കഴിക്കാലോ എന്നു പറഞ്ഞപ്പോൾ ഒന്നും വേണ്ട, തൈര് സാദം ഉണ്ടാക്കാം എന്നവർ മറുപടി പറഞ്ഞു. അതെന്താ എന്നു ചോദിച്ചപ്പോൾ സാർ ഊരിലില്ലല്ലോ എന്നായിരുന്നു അവരുടെ മറുപടി. സാറുള്ളപ്പോൾ ഉണ്ടാക്കാം, ഇപ്പോൾ നമ്മളും കുഞ്ഞുമല്ലേ ഉള്ളൂ, തൈര് സാദം ഉണ്ടാക്കാം. ഒരു നിമിഷത്തിൽ എന്നെ അടിച്ചിട്ടതുപോലെയായി. നീ പെണ്ണല്ലേ, നിനക്ക് എന്തിന് രുചികരമായ ഭക്ഷണം എന്നു ചോദിച്ചതുപോലെയായി. കാലാകാലങ്ങളായി ഇതു നമ്മുടെ മേൽ അടിച്ചേൽപ്പിച്ചൊരു വിഷയമാണ്.’