സുഹാസിനി – അഭിനേത്രി, സംവിധായിക. പ്രശസ്ത സംവിധായകന്‍ മണിരത്നത്തിന്റെ ഭാര്യയും, ഇന്ത്യയിലെ തന്നെ മികച്ച നടന്മാരില്‍ ഒരാളായ കമല്‍ ഹാസന്‍റെ മരുമകളുമാണ്. ജന്മം കൊണ്ട് തമിഴ് നാട്ടുകാരിയായ ഇവര്‍  മലയാളികളേക്കാള്‍ മലയാളിത്തം രൂപത്തിലും ഭാവത്തിലും പെരുമാറ്റത്തിലും അഭിനയത്തിലും കാഴ്ച വെച്ച് കൊണ്ട് ചുരുങ്ങിയ കാലം കൊണ്ട് കേരളത്തിന്‍റെ ഇഷ്ട നായികയായി.

കോട്ടന്‍ സാരിയുടുത്ത് ബസിന് പുറകെയോടുന്ന മലയാളി മദ്ധ്യ വര്‍ഗ സ്ത്രീ കഥാപാത്രങ്ങള്‍ എന്നും ഇവരുടെ കൈയ്യില്‍ ഭദ്രമായിരുന്നു. കേരളത്തിലെ മികച്ച സംവിധായകരുടെയെല്ലാം ചിത്രങ്ങളില്‍ സുഹാസിനിയ്ക്ക് അവസരം കൈ വന്നത് സ്വാഭാവികം മാത്രം.

ഇന്നലെ, ഓഗസ്റ്റ്‌ 15 ന്, രാജ്യത്തിനൊപ്പം സുഹാസിനി തന്‍റെ ജന്മ ദിനമാഘോഷിച്ചു. 56 വയസ്സായി അവര്‍ക്ക് എന്ന് കണക്കുകള്‍ പറയുന്നെങ്കിലും മലയാളി മനസ്സില്‍ സുഹാസിനിയെന്നാല്‍ തെളിച്ചമുള്ള ആ ചിരിയും ചുറുചുറുക്കുള്ള നടത്തയും സംഭാഷണവുമാണ് – ഇന്നും, എന്നും.

പിറന്നാള്‍ ആഘോഷ വേളയില്‍ സുഹാസിനി

പിറന്നാള്‍ ദിനത്തില്‍ ഇന്ത്യന്‍ എക്സ്പ്രസ്സിന് അനുവദിച്ച അഭിമുഖത്തില്‍ സുഹാസിനി ഇങ്ങനെ പറഞ്ഞു,

“ജീവിതം എനിക്കൊരിക്കലും ബോറടിച്ചിട്ടില്ല. കാരണം എനിക്ക് സന്തോഷം തോന്നുന്ന കാര്യങ്ങള്‍ ഞാന്‍ തേടി കണ്ടു പിടിച്ചു കൊണ്ടിരിക്കും. ഒരിടത്ത് തന്നെ സ്റ്റക്ക് ആയി നില്‍ക്കുന്നതാണ് പ്രശ്നം.”

ഛായാഗ്രഹണ സഹായിയായി സിനിമയിലെത്തിയ സുഹാസിനി ആദ്യ ചിത്രം മുഴുമിപ്പിക്കുന്നതിന് മുന്‍പ് തന്നെ നടിയായി. മണിരത്നവുമായുള്ള വിവാഹാനന്തരം സംവിധായികയുമായി. പെണ്‍, അന്‍പുള്ള സ്നേഹിതിയേ എന്നീ ടെലിവിഷന്‍ സീരീസുകളും
ഇന്ദിര എന്ന ചലച്ചിത്രവും സംവിധാനം ചെയ്തിട്ടുണ്ട്.

ക്യാമറ അസിസ്റ്റന്റായി രജനിക്കൊപ്പം

“ഞാന്‍ സംവിധാന രംഗത്ത് തുടരണമെന്നത് മണിയുടെ സ്വപ്നമായിരുന്നു. മകന്‍ നന്ദന്‍ ചെറുപ്പമായിരുന്നത് കൊണ്ട് അവന് സമയം കൊടുക്കേണ്ടതായി വന്നത് കൊണ്ടാണ് തുടരാനാവാത്തത്.”

അഭിനയം, സംവിധാനം ,ടെലിവിഷന്‍ അവതരണം എന്നിവ കൂടാതെ സജീവമായ സാമൂഹ്യ ഇടപെടലുകളും നടത്തുന്നയാളാണ് സുഹാസിനി. സ്ത്രീ ശാക്തീകരണത്തിനായി പ്രവര്‍ത്തിക്കുന്ന നാം ഫൌണ്ടേഷന്‍ സുഹാസിനിയുടെ നേതൃത്വത്തില്‍ ഏഴു വര്‍ഷം കൊണ്ട് രൂപം കൊണ്ടതാണ്.

മകന്‍ നന്ദനൊപ്പം

ഇത്രയും കാര്യങ്ങള്‍ എങ്ങനെ ഒരുമിച്ചു കൊണ്ട് പോകുന്നു എന്ന് ചോദിച്ചപ്പോള്‍ അങ്ങനെ ഒന്നും കൂട്ടിക്കുഴയ്ക്കാറില്ല എന്നായിരുന്നു മറുപടി.

“വീട്ടിലായിരിക്കുമ്പോള്‍ അവിടുത്തെ കാര്യങ്ങള്‍ നോക്കും. ഷൂട്ടിലായിരിക്കുമ്പോള്‍ അവിടുത്തെയും. ഒരു സമയം ഒരു കാര്യം ചെയ്യുക എന്നതിലാണ് ഞാന്‍ വിശ്വസിക്കുന്നത്. എന്നാലേ ഓരോന്നിനും ആവശ്യമുള്ള ശ്രദ്ധ നല്‍കാന്‍ സാധിക്കൂ.”

എണ്‍പതുകളില്‍ സ്ത്രീകള്‍ക്ക് ധാരാളം ശക്തമായ കഥാപാത്രങ്ങള്‍ ലഭിച്ചിരുന്നതായും ഇപ്പോള്‍ അത് കുറഞ്ഞതായും സുഹാസിനി അടുത്തിടെ പരാമര്‍ശിച്ചിരുന്നു. അതിനു അവര്‍ വിശദീകരണം നല്‍കിയത് ഇങ്ങനെ.

“തിയേറ്ററുകളില്‍ എത്തുന്ന 75% ആള്‍ക്കാരും പുരുഷന്മാരാണ്. അപ്പോള്‍ അവരുടെ അഭിരുചിക്കനുസരിച്ചുള്ള സിനിമകളാവും ഉണ്ടാവുക. അതാവാം സ്ത്രീകള്‍ക്ക് നല്ല റോളുകള്‍ കുറയാന്‍ കാരണം.”

നടിയും സുഹൃത്തുമായ ശോഭനയ്ക്കൊപ്പം

ഇതിനൊരു മാറ്റമുണ്ടാകാന്‍ സുഹാസിനി കാണുന്ന പ്രതിവിധി സ്ത്രീകള്‍ ധാരാളമായി തിയേറ്ററുകളില്‍ എത്തുക എന്നതാണ്.

“സ്ത്രീകള്‍ സിനിമയുടെ അടുത്തേക്ക് പോകണം അല്ലെങ്കില്‍ സിനിമ സ്ത്രീകളുടെ അടുത്ത് പോകണം.”

സിനിമയുടെ പിന്നണിയില്‍ സ്ത്രീ സാന്നിധ്യം കുറവല്ലേ എന്ന ചോദ്യത്തിന് സുഹാസിനി ഇങ്ങനെ മറുപടി പറഞ്ഞു

“സ്ത്രീകളെ ശ്രദ്ധിക്കാതിരിക്കുകയോ അവസരം നല്കാതെയിരിക്കുകയോ ചെയ്യുന്ന ഒരു അവസ്ഥ ഇപ്പോള്‍ ഉണ്ടെന്നു എനിക്ക് തോന്നുന്നില്ല. കഴിവുള്ളവര്‍ക്ക് തീര്‍ച്ചയായും സിനിമകള്‍ ലഭിക്കും. സ്ത്രീകള്‍ക്ക് സിനിമയില്‍ തുടരാനുള്ള ആഗ്രഹവും ഇച്ഛാശക്തിയും ഉണ്ടാവണം. പുരുഷന്മാര്‍ക്ക് അവരുടെ സിനിമാ സ്വപ്നങ്ങള്‍ പിന്തുടരാന്‍ നിലവിലെ അവസ്ഥയില്‍ വലിയ തടസ്സങ്ങളില്ല. സ്ത്രീക്ക് അത് അത്ര എളുപ്പമല്ല. എങ്കിലും മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. സിനിമയുടെ സാമ്പത്തിക വശങ്ങളൊക്കെ ഇപ്പോള്‍ സ്ത്രീകള്‍ മനസ്സിലാക്കി വരുന്നുണ്ട്.”

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ