സിനിമാപാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നും സിനിമയുടെ സാങ്കേതിക മേഖലയില്‍ എത്തി, അവിടെ നിന്നും അഭിനയത്തിലേക്കും, മണിരത്നവുമായുള്ള വിവാഹത്തിനു ശേഷം തിരക്കഥ-സംവിധാന രംഗത്തേക്കും ചുവടു വച്ച താരമാണ് സുഹാസിനി. അനേകം സിനിമകളില്‍ നായികയായി വേഷമിട്ട സുഹാസിനി തെന്നിന്ത്യന്‍ സിനിമയിലെ എണ്ണം പറഞ്ഞ നായികമാരില്‍ ഒരാളാണ്. മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിയ സുഹാസിനിയോട് മലയാളികൾക്കും ഒരു പ്രത്യേക സ്നേഹമുണ്ട്.
സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് സുഹാസിനി. ഒരു തെരുവു ഗായകനെ പരിചയപ്പെടുത്തികൊണ്ട് സുഹാസിനി ഷെയർ ചെയ്ത പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. “തെരുവ് ഗായകനായ ശിവ് റെഡ്ഡിയുടെ ആലാപനം എനിക്കും മണിക്കും ഇഷ്ടമാണ്. ഇന്ന് രാവിലെ അവനെ കണ്ടതും ഞാൻ ഭാഗ്യതാ ലക്ഷ്മി ഭാർമ്മ പാടാൻ അഭ്യർത്ഥിച്ചു. ഇത് അവന്റെ വേർഷനാണ്,” സുഹാസിനി കുറിച്ചു.
അതേസമയം, മണിരത്നത്തിന്റെ പൊന്നിയിൻ സെൽവൻ രണ്ടാം ഭാഗം റിലീസിനൊരുങ്ങുകയാണ്. കൽക്കിയുടെ ഇതിഹാസ കാവ്യത്തിന്റെ ചലച്ചിത്ര സാക്ഷാത്കാരമാണ് പൊന്നിയിൻ സെൽവൻ. വിക്രം, കാർത്തി, ജയം രവി, ഐശ്വര്യാ റായ് ബച്ചൻ, തൃഷ, റഹ്മാൻ, പ്രഭു, ജയറാം, ശരത് കുമാർ, വിക്രം പ്രഭു, ബാബു ആൻ്റണി, റിയാസ് ഖാൻ, ലാൽ,അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ശോഭിതാ ധൂലിപാല, ഐശ്വര്യ ലക്ഷ്മി, ജയചിത്ര എന്നിവരാണ് പ്രധാന അഭിനേതാക്കൾ. റഫീക്ക് അഹമ്മദും ഏ.ആർ.റഹ്മാനുമാണ് ഗാന ശില്പികൾ. ലൈക്കാ പ്രൊഡക്ഷൻസും മദ്രാസ് ടാക്കീസും സംയുക്തമായി നിർമ്മിച്ച ബ്രഹ്മാണ്ഡ ചിത്രത്തിൻ്റെ രണ്ടാം ഭാഗമായ ‘പൊന്നിയിൻ സെൽവൻ-2 ‘, (പിഎസ്2) തമിഴ്, മലയാളം, തെലുങ്ക്,കന്നഡ, ഹിന്ദി എന്നീ അഞ്ചു ഭാഷകളിൽ റിലീസ് ചെയ്യും. പൊന്നിയിൻ സെൽവൻ രണ്ടാം ഭാഗം (പിഎസ് 2) ഏപ്രിൽ 28 നാണ് റിലീസ്.