എൺപതുകളുടെ സിനിമാ ജീവിത ഓർമ്മകൾ ഇന്നിൽ നിന്നും എത്ര വ്യത്യസ്ഥമായിരുന്നു എന്നും ആ കാലം തങ്ങൾ എത്ര സന്തോഷകരമായിട്ടാണ് ചെലവിട്ടതെന്നും ഓർത്ത് സുഹാസിനിയും രേവതിയും. അഭിനേതാക്കളും സംവിധായകരുമായ ഇരുവരും സുഹാസിനി ഹോസ്റ്റ് ചെയ്യുന്ന ഒരു ഷോയിൽ ആണ് ഒന്നിച്ചിരുന്നു പഴയ കാലമെല്ലാം ഓർത്തെടുത്തത്.
സിനിമാ കുടുംബത്തിൽ നിന്നും എത്തിയ സുഹാസിനിയും സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത കുടുംബത്തിൽ നിന്നും എത്തിയ രേവതിയും തങ്ങളുടെ കുടുംബങ്ങൾ സിനിമാ ലോകവുമായി പ്രതികരിച്ചത് എങ്ങനെ എന്ന് വെളിപ്പെടുത്തി. ആർമിയിൽ മേജറായിരുന്ന അച്ഛൻ, യാഥാസ്ഥിക തമിഴ് ബ്രാഹ്മണ പശ്ചാത്തലമുള്ള അമ്മ – ഇരുവർക്കും നൃത്തം ഇഷ്ടമായിരുന്നത് കൊണ്ടാണ് തന്നെ നൃത്തം പഠിപ്പിച്ചതും പിന്നീട് സിനിമയിൽ അവസരം വന്നപ്പോൾ അഭിനയിക്കാൻ അനുവദിച്ചതും എന്ന് രേവതി പറഞ്ഞു. ചെറിയച്ഛൻ കമൽഹാസനൊപ്പം സ്വദേശമായ പരമകുടിയിൽ നിന്നും ചെന്നൈയിൽ എത്തിയ സുഹാസിനി കമലിന്റെ പ്രേരണ കൊണ്ട് അഡയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ സിനിമാട്ടോഗ്രഫി പഠിക്കാൻ ചേരുകയും തുടർന്ന് മഹേന്ദ്രൻ സംവിധാനം ചെയ്ത ‘നെഞ്ചത്തൈ കിള്ളാതെ’ എന്ന സിനിമയിലൂടെ അഭിനയത്തിലേക്ക് എത്തി ചേരുകയും ചെയ്തു. സുഹാസിനിയുടെ സഹോദരിമാരായ സുഭാഷിണി. നന്ദിനി എന്നിവർ മെഡിസിൻ, അധ്യാപനം എന്നീ വഴികളാണ് തെരെഞ്ഞെടുത്തത്.
R
ഒരിക്കൽ തനിക്കൊപ്പം ചേച്ചിയും ഷൂട്ടിങ്ങിനു വന്ന സംഭവം സുഹാസിനി പറഞ്ഞത് ഇങ്ങനെ. ‘ഞാൻ അഭിനയിച്ച ‘മരുമകളെ വാഴ്ക’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനു എനിക്കൊപ്പം എന്റെ ചേച്ചിയും വന്നു. അതൊരു തെലുങ്ക് പടത്തിന്റെ റീമേക്ക് ആയിരുന്നു. അതിലെ നായിക ഒരു പുരുഷനാൽ റേപ്പ് ചെയ്യപ്പെടും. പിന്നീട് അയാളെ തന്നെ വിവാഹ കഴിക്കേണ്ടിയും വരും. ഞാൻ ലൊക്കേഷനിൽ എത്തി ചോദിച്ചു, ഇന്ന് എന്താണ് സീൻ എന്ന്. അവർ പറഞ്ഞു, ‘ഇന്ന് ഫസ്റ്റ് നൈറ്റ് മേഡം, നാളെ റേപ്പ് സീൻ,’ എന്ന്. ഇത് കേട്ടതും എന്റെ ചേച്ചി അന്തംവിട്ടു. കാർ എടുത്തു അപ്പൊ തന്നെ വീട്ടിലേക്ക് പോയി കളഞ്ഞു അവൾ. ഇന്ന് ഫസ്റ്റ് നൈറ്റ്, നാളെ റേപ്പ് എന്നൊക്കെ പറയുന്നു… എന്റെ കുഞ്ഞനുജത്തിയാണ് അവൾ… എന്ത് തരം ഒരു ഇൻഡസ്ട്രിയിലാണ് അവളെ കൊണ്ട് വിട്ടിരിക്കുന്നത് എന്നൊക്കെ ചോദിച്ചു ചേച്ചി.’
സമാനമായ ഒരു അനുഭവം രേവതിയും ഓർത്തെടുത്തു.’വൈദേഹി കാത്തിരുന്താൾ’ എന്ന ചിത്രത്തെക്കുറിച്ചു ഉള്ളതായിരുന്നു ആ ഓർമ്മ. ‘അമ്മയുടെ ചേച്ചി, വല്യമ്മയാണ് എനിക്കൊപ്പം ലൊക്കേഷനിൽ വന്നിരുന്നത്. ഹൊഗനേക്കലിൽ ചിത്രീകരിച്ച ‘വൈദേഹി കാത്തിരുന്താൾ’ എന്ന സിനിമയിൽ എനിക്ക് ഒരു വിധവയുടെ വേഷമാണ്. ആദ്യ ദിവസം ഷൂട്ടിങ്ങിനു കോസ്റ്റ്യൂം ഒക്കെ ഇട്ടു വന്ന എന്നെ കണ്ടു വല്യമ്മ ഞെട്ടിപ്പോയി. ഈ കഥാപാത്രമാണോ നീ ചെയ്യുന്നത് എന്ന് ചോദിച്ചു അവർ. അതെ എന്ന് ഞാൻ പറഞ്ഞു. അയ്യോ ഏതു വേണ്ട, എനിക്ക് സങ്കടം വരുന്നു എന്നായി അവർ. എന്നിട്ടു എന്നെ ഉഴിഞ്ഞൊക്കെ ഇട്ടു. ഞാൻ പറഞ്ഞു വല്യമ്മേ ഇത് ഒരു കഥാപാത്രം മാത്രമല്ലേ, ഇങ്ങനെ ഇമോഷണൽ ആവേണ്ട കാര്യമുണ്ടോ എന്നൊക്കെ ചോദിച്ചു സമാധാനിപ്പിച്ചു വിട്ടു.’

സുഹാസിനി-രേവതി എന്നിവർ തമ്മിൽ നടന്ന സൗഹൃദ സംഭാഷണത്തിൽ ഇരുവരും ആദ്യമായി കണ്ടതും സുഹാസിനി വിവരിച്ചു. രേവതിയുടെ സിനിമാ അരങ്ങേറ്റ ചിത്രമായ ‘മൺവാസനൈ’യുടെ തെലുങ്ക് ചിത്രത്തിൽ സുഹാസിനിയെ അഭിനയിക്കാൻ ക്ഷണിച്ചപ്പോൾ, അതിലെ ചില സീനുകൾ താൻ ചെയ്‌താൽ ശരിയാവില്ല എന്ന് കരുതിയതായും ചെന്നൈയിലെ വിജയാ ഗാർഡൻസിൽ വച്ച് ആദ്യമായി രേവതിയെ കണ്ടപ്പോൾ ‘മൺവാസനൈ’യുടെ തെലുങ്ക് പതിപ്പും രേവതി തന്നെ ചെയ്യണം എന്ന് ആവശ്യപ്പെടുകയും ചെയ്തു എന്ന് സുഹാസിനി പറയുന്നു. എന്നാൽ എനിക്ക് തെലുങ്ക് തനിക്ക് വഴങ്ങില്ല എന്നും നിങ്ങൾ തന്നെ പോയി കഷ്ടപ്പെട്ടോളൂ എന്നും രേവതി മറുപടി പറഞ്ഞതായും സുഹാസിനി ഓർത്തു.