scorecardresearch
Latest News

ഡിസംബർ 12, എന്റെ ജീവിതത്തിലെ സുപ്രധാനമായ ദിവസം

മഹേന്ദ്രന്‍ സംവിധാനം ചെയ്ത ‘നെഞ്ചത്തെ കിള്ളാതെ’ എന്ന ചിത്രത്തിലൂടെയായിരുന്നു സുഹാസിനിയുടെ അഭിനയരംഗത്തേക്കുള്ള അരങ്ങേറ്റം

Suhasini Maniratnam, Suhasini, Suhasini age, Suhasini date of birth, Suhasini birthday, Suhasini movies, born on august 15, august 15 birthdays, സുഹാസിനി, സുഹാസിനി photo, ie malayalam

തെന്നിന്ത്യൻ സിനിമയിലെ മികച്ച നടിമാരിൽ ഒരാളാണ് സുഹാസിനി. സിനിമാപാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നും സിനിമയുടെ സാങ്കേതിക മേഖലയില്‍ എത്തി, അവിടെ നിന്നും അഭിനയത്തിലേക്ക് കടന്ന് വന്ന നടിയാണ് അവർ. മഹേന്ദ്രന്‍ സംവിധാനം ചെയ്ത ‘നെഞ്ചത്തെ കിള്ളാതെ’ എന്ന ചിത്രത്തിലൂടെയായിരുന്നു സുഹാസിനിയുടെ​ അഭിനയരംഗത്തേക്കുള്ള അരങ്ങേറ്റം. 1980 ഡിസംബർ 12 നാണ് ചിത്രം റീലീസ് ചെയ്‌തത്‌. ചിത്രം പുറത്തിറങ്ങി 41 വർഷം പൂർത്തിയാകുന്ന ഇന്ന്, ഈ ദിവസം തനിക്ക് ഏറെ സ്പെഷ്യലാണെന്ന് പറയുകയാണ് സുഹാസിനി.

സോഷ്യൽ മീഡിയയിൽ സിനിമയുടെ ലൊക്കേഷൻ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് തന്റെ ആദ്യ ചിത്രത്തിന്റെ ഓർമ്മ സുഹാസിനി പങ്കുവെച്ചത്. “41 വർഷങ്ങൾക്ക് മുൻപ്. എനിക്ക് അദ്ദേഹത്തിന്റെ വിജിയാകാൻ കഴിയുമെന്ന് സംവിധായകൻ മഹേന്ദ്രൻ വിശ്വസിച്ചു. 41 വർഷത്തെ എന്റെ കരിയറിന് ഞാൻ അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു. ‘നെഞ്ചത്തെ കിള്ളാതെ’യിലെ നായികവേഷം ചെയ്യാൻ സമ്മതം മൂളാൻ എന്നെ സമ്മതിപ്പിച്ച എന്റെ ഗുരു അശോക് കുമാറിനും അച്ഛൻ ചാരുഹാസനും നന്ദി. ഡിസംബർ 12 എനിക്ക് ഒരു പ്രത്യേക ദിവസമാണ്.” സുഹാസിനി കുറിച്ചു.

‘നെഞ്ചത്തെ കിള്ളാതെ’യിലൂടെ കരിയർ ആരംഭിച്ച സുഹാസിനി തമിഴ്, മലയാളം, തെലുങ്കു, കന്നഡ ഭാഷകളിലെ അനേകം സിനിമകളില്‍ നായികയായി വേഷമിട്ടു. അങ്ങനെ സുഹാസിനി തെന്നിന്ത്യന്‍ സിനിമയിലെ എണ്ണം പറഞ്ഞ നായികമാരില്‍ ഒരാളായി അവർ മാറി. മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം ഉള്‍പ്പടെ നേടി.

Also Read: ‘പ്രിയപ്പെട്ട രജനി’; ദളപതിയിലെ ചിത്രത്തിനൊപ്പം സ്റ്റൈൽ മന്നന് പിറന്നാളാശംസിച്ച് മമ്മൂട്ടി

പത്മരാജന്റെ ‘കൂടെവിടെ’ ആയിരുന്നു സുഹാസിനി അഭിനയിച്ച ആദ്യമലയാളചിത്രം. പിന്നീട് ‘രാക്കുയിലിൻ രാജസദസ്സിൽ,’ ‘എഴുതാപുറങ്ങൾ,’ ‘മണിവത്തൂരിലെ ആയിരം ശിവരാത്രികൾ,’ ‘ആദാമിന്റെ വാരിയെല്ല്,’ ‘സമൂഹം,’ ‘വാനപ്രസ്ഥം,’ ‘തീർത്ഥാടനം,’ ‘നമ്മൾ,’ ‘മകന്റെ അച്ഛൻ,’ ‘കളിമണ്ണ്,’ ‘സാൾട്ട് മാംഗോ ട്രീ’ തുടങ്ങി മുപ്പതിലേറെ മലയാളസിനിമകളിലും സുഹാസിനി അഭിനയിച്ചു. ‘മരക്കാർ: അറബിക്കടലിന്റെ സിംഹം’ മാണ് അവസാനം പുറത്തിറങ്ങിയ മലയാള ചിത്രം.

സംവിധായകൻ മണിരത്നവുമായുള്ള വിവാഹത്തിനു ശേഷം തിരക്കഥ-സംവിധാന രംഗത്തേക്കും സുഹാസിനി ചുവടുവെച്ചിരുന്നു. ‘പെണ്‍,’ എന്ന ടെലിസീരീസ്, ‘ഇന്ദിര’ എന്ന ചലച്ചിത്രം എന്നിവയാണ് ശ്രദ്ധേയമായ വര്‍ക്കുകള്‍. ഇപ്പോള്‍ ഭര്‍ത്താവും സംവിധായകനുമായ മണിരത്നത്തിനൊപ്പം ‘മദ്രാസ്‌ ടാക്കീസ്’ എന്ന നിര്‍മ്മാണക്കമ്പനി നടത്തിവരുന്നു. അദ്ദേഹത്തിന്റെ അനേകം ചിത്രങ്ങളില്‍ എഴുത്തുകാരിയായും സംഭാഷണരചയിതാവായും സഹകരിക്കാറുള്ള സുഹാസിനി കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സാമൂഹ്യസേവന രംഗത്തും ഫിലിം ഫെസ്റ്റിവല്‍ രംഗത്തും സജീവമാണ്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Suhasini about her first film and 41 year old film career

Best of Express