ബോളിവുഡിന്‍റെ ‘കിംഗ്‌ ഖാന്‍’ ഷാരൂഖ് ഖാന്‍റെ മൂത്ത മകള്‍ സുഹാനയ്ക്ക് പതിനെട്ടു വയസ്സ് തികയുകയാണ്. അഭിനയത്തില്‍ താത്പരയായ സുഹാനയുടെ സിനിമാ പ്രവേശം ബോളിവുഡ് ഉറ്റു നോക്കിക്കൊണ്ടിരിക്കുന്ന ഒന്നാണ്. മകള്‍ക്ക് സിനിമാ അഭിനയമാണ് താത്പര്യമെന്നും ഒരു ഡിഗ്രി എടുത്ത് പഠനം പൂര്‍ത്തിയാക്കിയതിന് ശേഷം സിനിമയില്‍ അഭിനയിക്കാം എന്ന് താന്‍ അവളോട്‌ പറഞ്ഞിട്ടുള്ളതായും ഷാരൂഖ് പറഞ്ഞിരുന്നു. നിയമപരമായി മകള്‍ പ്രായപൂര്‍ത്തിയായത്തിന്‍റെ സന്തോഷത്തില്‍ ഷാരൂഖ് സുഹാനയെ ഇങ്ങനെ ആശംസിച്ചു.

“എല്ലാ പെണ്മക്കളേയും പോലെ, നീയും ഒരുനാള്‍ പറന്നുയരും എന്നെനിക്ക് അറിയാമായിരുന്നു. ഇനി മുതല്‍ നിയമപരമായിത്തന്നെ നിനക്കത് ചെയ്യാം; പതിനാറു വയസ്സ് മുതല്‍ നീ ചെയ്തുകൊണ്ടിരിക്കുന്നതെന്തോ അത്. സ്നേഹത്തോടെ…”

Shahrukh Khan and Suhana

ഷാരൂഖ് ഖാന്‍റെ മകൾ സുഹാനയുടെ ബോളിവുഡ് അരങ്ങേറ്റമാണ് ഇനി ഏവരും കാത്തിരിക്കുന്നത്. 17 കാരിയായ സുഹാനയ്ക്ക് ആരാധകരുടെ വലിയൊരു കൂട്ടം തന്നെയുണ്ട്. സോഷ്യൽ മീഡിയയിലും താരമാണ് ഷാരൂഖിന്റെ മകൾ. സുഹാന ഒരു നാടകത്തില്‍ അഭിനയിക്കുന്നതിന്‍റെ ക്ലിപ്പ് കുറച്ചു നാളുകള്‍ക്ക് മുന്‍പ് വൈറലായിരുന്നു. അത് കണ്ടു ശബാന ആസ്‌മി സുഹാന നല്ലൊരു നടിയാകും എന്നും പറഞ്ഞിരുന്നു. തന്റെ ട്വിറ്ററിലൂടെയാണ് ശബാന ആസ്‌മി കിങ് ഖാന്റെ മകളെ കുറിച്ചുളള പ്രതീക്ഷകൾ പങ്കു വച്ചത്.

“എന്റെ വാക്കുകൾ കുറിച്ച് വച്ചോളൂ. സൂഹാന ഖാൻ മികച്ചൊരു അഭിനേത്രിയാവും. അവൾ അഭിനയിച്ച ചെറിയൊരു വിഡിയോ കണ്ടു. അതെന്നെ അത്ഭുതപ്പെടുത്തി ” ശബാന ആസ്‌മി തന്റെ ട്വിറ്ററിൽ കുറിച്ചു. ശബാന ആസ്‌മിയ്‌ക്ക് നന്ദി പറഞ്ഞ് ഷാരൂഖ് ഖാനും ട്വീറ്റ് ചെയ്‌തിട്ടുണ്ട്. ശബാന ആസ്‌മിയുടെ വാക്കുകൾ സുഹാനയ്‌ക്ക് പ്രോത്സാഹനം നൽകുമെന്ന് ഷാരൂഖ് ട്വിറ്ററിൽ കുറിച്ചു.

Suhana Khan

തന്‍റെ സ്കൂളിലെ നാടകത്തില്‍ സിന്‍ട്രല്ലയായി വേഷമിട്ടാണ് സുഹാന അരങ്ങത്തേക്ക് എത്തിയത്. അവതരിപ്പിച്ചത് സിന്‍ട്രല്ല കഥയുടെ തമാശ പതിപ്പ് – ഇതിലെ സിന്‍ട്രല്ല ശല്യകാരിയും, പരാതിക്കാരിയും അവനവനില്‍ അഭിരമിക്കുന്നവളുമാണ്. പച്ച ഉടുപ്പണിഞ്ഞെത്തിയ മകള്‍ അഭിനയത്തില്‍ താനും ഒട്ടും പിറകിലല്ല എന്ന് തെളിയിച്ചു.

മരിച്ചു കിടക്കുന്ന അമ്മയോട് ‘എന്ത് കൊണ്ടാണ് എന്‍റെ ജീവിതം ഇങ്ങനെ നിലം തുടക്കലും വീട് വൃത്തിയാക്കലുമായി പോകുന്നത്’ എന്ന് സിന്‍ട്രല്ല ചോദിക്കുന്നിടത്താണ് നാടകം തുടങ്ങുന്നത്. ആ ചെറിയ ക്ലിപ്പില്‍ തന്നെ വെളിവാകുന്നുണ്ട്‌ സുഹാനയുടെ സ്റ്റേജ് പ്രസന്‍സ്.

ആര്യന്‍, സുഹാന, അബ്രാം എന്നിങ്ങനെ മൂന്ന് മക്കളാണ് ഷാരൂഖ്-ഗൌരി ഖാന്‍ ദമ്പതികള്‍ക്ക്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ