‘സൂഫിയും സുജാതയും’ എന്ന ചിത്രത്തിൽ സുജാതയേയും ആ നാട്ടുകാരെയും സിനിമ കണ്ട പ്രേക്ഷകരെയുമെല്ലാം ഒരുപോലെ മോഹിപ്പിച്ച ഏറെ ആകർഷണീയമായ ഒരു വാങ്ക്/ബാങ്ക് വിളിയുണ്ട്. സിനിമയിൽ ആ വാങ്കിന് ജീവൻ കൊടുത്തത് സൂഫിയാണെങ്കിൽ, അണിയറയിൽ അതിനു പിന്നിൽ പ്രവർത്തിച്ചത് സിയ ഉൽ ഹഖ് എന്ന ഗായകനാണ്.

ആ വാങ്ക് വിളി തന്നെ തേടിയെത്തിയതെങ്ങനെയെന്ന് പറയുകയാണ് സിയ. “വാതിക്കൽ വെള്ളരിപ്രാവ് എന്ന പാട്ടിലെ ഞാൻ പാടിയ ഭാഗം എടുത്തതിനു ശേഷം ജയചന്ദ്രൻ സർ ആണ് എന്നോട് ചോദിക്കുന്നത്, സിയ ബാങ്ക് കൊടുക്കുമോ? ഞാനിതു വരെ ബാങ്ക് കൊടുത്തിട്ടൊന്നുമില്ല. എന്നാലും ശ്രമിക്കാമെന്നു പറഞ്ഞു. പിന്നെ, അറബി ഗാനങ്ങൾ കൈകാര്യം ചെയ്യാറുള്ളതുകൊണ്ട് ഒരു ധൈര്യമുണ്ടായിരുന്നു. ഏറ്റവും സുന്ദരമായ ബാങ്കുകളുടെ റഫറൻസ് സംവിധായകൻ ഷാനവാസ് ഇക്ക തന്നു. മസ്ജിദ് അൽ അക്സ ജറുസലേമിൽ ഇപ്പോഴും കൊടുക്കുന്ന ഇമ്പമേറിയ ബാങ്കിന്റെ കുറെ റഫറൻസ്! അങ്ങനെ ചെയ്തു. എല്ലാവർക്കും ഇഷ്ടമായി. ജാതിമതഭേദമന്യേ എല്ലാവരും ആ ബാങ്ക് ഏറ്റെടുത്തു. അതിൽപ്പരം സന്തോഷം ഒരു കലാകാരന് ഉണ്ടാകുമോ.” മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിലാണ് സിയ വാങ്കിനു പിന്നിലെ കഥ പറഞ്ഞത്.

സംഗീതകുടുംബത്തിൽ നിന്നുമാണ് സിയയുടെ വരവ്. ഹാർമോണിസ്റ്റായ തോപ്പിൽ മൂസയുടെയും ഗായികയായ ശോഭയുടെയും മകനായ സിയയ്ക്ക് ഹസ്രത്ത് എന്ന പേരിൽ ഒരു ഖവാലി ഗ്രൂപ്പുമുണ്ട്.

Read more: സൂഫിയാണ് താരം; ദേവ് മോഹൻ അഭിമുഖം

സിനിമയിൽ ഒരു കഥാപാത്രം പോലെ തന്നെ പ്രത്യക്ഷപ്പെടുന്ന ഒന്നാണ് വാങ്ക് വിളിയും. “സൂഫിയേയും സുജാതയേയും രാജീവിനെയുമെല്ലാം പോലെ സിനിമയിലെ ഒരു പ്രധാന കഥാപാത്രമാണ് ഈ വാങ്ക് വിളിയും. വാങ്കിന് ജീവൻ കൊടുക്കുന്നത് സൂഫിയിലൂടെയാണ്, സൂഫി എത്രത്തോളം ആ വാങ്കിനെ ഉൾകൊള്ളുന്നോ അത്രയും അതിന് ജീവനുള്ളതായി തോന്നുമെന്നാണ് ഷാനവാസ് ഇക്ക പറഞ്ഞത്. അർത്ഥമുൾകൊണ്ട് വാങ്ക് പഠിച്ചെടുത്തു. സൂക്ഷിച്ചു കേട്ടാൽ മനസ്സിലാവാം, സിനിമയിൽ ഓരോ തവണ വാങ്ക് വരുമ്പോഴും അതിന്റെ ഇമോഷൻസ് വേറെയാണ്. സന്തോഷത്തിൽ വാങ്ക് വിളിക്കുന്നുണ്ട്, സിനിമയുടെ ആദ്യഭാഗത്തെ വാങ്കിന് മറ്റൊരു ഇമോഷനാണ്,” സിനിമയിലെ വാങ്കിനെ കുറിച്ച് ഇന്ത്യൻ എക്സ്പ്രസ് മലയാളത്തിനു നൽകിയ അഭിമുഖത്തിൽ ദേവ് മോഹൻ പറഞ്ഞതിങ്ങനെ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook