അതിഥി റാവു ഹൈദരിയും ജയസൂര്യയും ഒന്നിക്കുന്ന ‘സൂഫിയും സുജാതയും’ എന്ന മ്യൂസിക്കൽ റൊമാന്റിക് ചിത്രത്തിന്റെ ട്രെയിലറെത്തി. സംസാരശേഷിയില്ലാത്ത സുജാതയ്ക്ക് (അതിഥി റാവു ഹൈദരി) സൂഫി സന്യാസിയായ ദേവ് മോഹനോട് തോന്നുന്ന പ്രണയമാണ് ചിത്രം പറയുന്നത്. അതിഥി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഭർത്താവിന്റെ വേഷത്തിലാണ് ജയസൂര്യ എത്തുന്നത്.

ഫ്രൈഡെ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമിച്ച് നരണിപ്പുഴ ഷാനവാസ് സംവിധാനം ചെയ്യുന്ന ചിത്രം ആമസോൺ പ്രൈം വീഡിയോയിൽ ആണ് റിലീസിനെത്തുന്നത്. ജൂലൈ മൂന്നിനാണ് ചിത്രത്തിന്റെ റിലീസ്. ഇന്ത്യയിലെയും മറ്റ് 200ലേറെ രാജ്യങ്ങളിലുമുള്ള പ്രേക്ഷകർക്ക് ജൂലൈ മൂന്നു മുതൽ ചിത്രം കാണാനാവും. ആമസോൺ പ്രൈം വീഡിയോയിൽ മാത്രമായി അഞ്ച് ഭാഷയിൽ പുറത്തിറങ്ങുന്ന ഏഴ് ഇന്ത്യൻ സിനിമകളിൽ ഒന്നാണ് ‘സൂഫിയും സുജാതയും’.

അനു മൂത്തേടത്ത് ചിത്രത്തിന്റെ ഛായാഗ്രഹണവും ദീപു ജോസഫ് എഡിറ്റിംഗും സംഗീതം എം ജയചന്ദ്രനും നിർവ്വഹിച്ചിരിക്കുന്നു. ഹരിനാരായണനാണ് ഗാനങ്ങൾ എഴുതിയിരിക്കുന്നത്.

Read more: അച്ഛന്റെ മകൾ; തായ് ആയോധന കലയിൽ വിസ്മയിപ്പിച്ച് മോഹൻലാലിന്റെ മകൾ വിസ്‌മയ

ആദ്യം തിയേറ്റർ റിലീസ് തീരുമാനിച്ചിരുന്ന ‘സൂഫിയും സുജാതയും’ കോവിഡ് 19 ന്റെ പശ്ചാത്തലത്തിലാണ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യാം എന്നു അണിയറക്കാർ തീരുമാനിച്ചത്. ഇതുമായി ബന്ധപ്പെട്ട് വിവാദങ്ങളും ചർച്ചകളുമൊക്കെ സിനിമാമേഖലയിൽ ഉണ്ടാവുകയും ചെയ്തിരുന്നു. എല്ലാറ്റിനും ഒടുവിൽ ചിത്രമിപ്പോൾ ആമസോൺ പ്രൈമിൽ റിലീസിനെത്തുകയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook