കോവിഡ്‌ വ്യാപനത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ സിനിമാ വ്യവസായത്തിന് ഒരു ആശ്വാസമായി എത്തിയ സാധ്യതയാണ് ഓടിടി റിലീസുകള്‍. നെറ്റ്ഫ്ലിക്സ്, ആമസോണ്‍ പ്രൈം തുടങ്ങിയ വലിയ പ്രചാരമുള്ള പ്ലാറ്റ്ഫോമുകള്‍ തുടങ്ങി അനവധി ചെറിയ പ്ലാറ്റ്ഫോമുകളും ഡിജിറ്റല്‍ റിലീസുകള്‍ ഒരുങ്ങുന്നുണ്ട്. മലയാളത്തില്‍ ഷാനവാസ് നാരാണിപ്പുഴ സംവിധാനം ചെയ്ത ‘സൂഫിയും സുജാതയും’ ആണ് ആദ്യ ഡയറക്റ്റ് ഓടിടി റിലീസ് ആയി എത്തിയ സിനിമ. ജൂണ്‍ മൂന്നാം തീയതിയാണ് ചിത്രം ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്. റിലീസ് ചെയ്ത അന്ന് തന്നെ പൈറേറ്റഡ്‌ ഡിജിറ്റല്‍ പതിപ്പുകള്‍ ഇറങ്ങിയത് ചിത്രത്തിന് തിരിച്ചടിയായി എങ്കിലും സോഷ്യല്‍ മീഡിയ ഉള്‍പ്പടെയുള്ള ഇടങ്ങളില്‍ ഇപ്പോഴും ചര്‍ച്ച ചെയ്യപ്പെടുന്നത് ചിത്രത്തിന്റെ പ്രചാരം കൂട്ടുന്നുണ്ട്.

ആമസോണ്‍ പ്രൈമുമായി തട്ടിച്ചു നോക്കുമ്പോള്‍ താരതമ്യേന ചെറിയ ഓടിടിപ്ലാറ്റ്ഫോമായ മെയിൻസ്ട്രീം ടീവി ആപ്പിലാണ് മറ്റൊരു മലയാള ചിത്രം ഡയറക്ടര്‍ റിലീസ് ആയി എത്തിയത്. ആറ്റ്ലീ സംവിധാനം ചെയ്ത ‘മ്യൂസിക്കല്‍ ചെയര്‍’ ആണ് ആ ചിത്രം. രണ്ട് മണിക്കൂർ ദൈര്‍ഘ്യമുള്ള ‘മ്യൂസിക്കല്‍ ചെയര്‍’ 40 രൂപ ഓൺലൈൻ ടിക്കറ്റ്‌ എടുത്താല്‍ കാണാന്‍ സാധിക്കും. കൊറോണാനന്തരം മലയാള സിനിമ കടന്നു പോകുന്ന മാറ്റങ്ങളിലെ പ്രധാന വഴിത്തിരിവുകളായി രേഖപ്പെടുത്താവുന്നവയാണ് ഈ രണ്ടു ചിത്രങ്ങളുടെയും ഓ ടി ടി പ്ലാറ്റഫോമിലൂടെയുള്ള റിലീസ്. ചിത്രങ്ങളെക്കുറിച്ച് ഗൗതം വി എസ് എഴുതിയ നിരൂപണങ്ങള്‍ വായിക്കാം.

Sufiyum Sujathayum Movie Review: മതത്തിന് മുന്നിൽ പ്രണയം വീണ്ടും തോല്‍ക്കുമ്പോള്‍, ‘സൂഫിയും സുജാതയും’ റിവ്യൂ

Sufiyum Sujathayum Malayalam Movie Review: കൊറോണ എന്ന മഹാമാരി ലോകവ്യവസ്ഥയെ തന്നെ മാറ്റിമറിച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ, എല്ലാ മേഖലകളെയും പോലെ സിനിമയും ഈ ദുഷ്കരമായ സാഹചര്യത്തെ മറികടക്കാനുള്ള ശ്രമങ്ങളിലാണ്. തിയേറ്ററുകളും മറ്റും അടഞ്ഞു കിടക്കുന്ന ഈ സാഹചര്യത്തിൽ, സിനിമ എന്ന കലയും, സിനിമ എന്ന വ്യവസായവും എങ്ങനെ മുന്നോട്ടു കൊണ്ടു പോകാമെന്നുള്ള മാര്‍ഗങ്ങള്‍ തേടുകയാണ് ഈ രംഗത്ത് പ്രവർത്തിക്കുന്നവർ എല്ലാം തന്നെ.

ഇതിനു താത്കാലികമായ ഒരു പരിഹാരമെന്നോണം വന്ന ഓ ടി ടി പ്ലാറ്റ്ഫോം എന്ന ആശയത്തെ സ്വീകരിക്കണോ തള്ളണോ എന്നൊക്കെയുള്ള ചര്‍ച്ചകള്‍ സിനിമയ്ക്കകത്തും പുറത്തും പുരോഗമിക്കേ, ഇതിന്റെ ആസ്വാദന-വിപണന സാധ്യതയെ അതിജീവനത്തിന്റെ വഴിയായി കണ്ട് മുന്നോട്ട് പോകുന്ന ചെറുചിത്രങ്ങളുമുണ്ട്. അതിലൊന്നാണ് ഇന്ന് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത മലയാള ചലച്ചിത്രം ‘സൂഫിയും സുജാതയും.’ നാറാണിപുഴ ഷാനവാസ് സംവിധാനം ചെയ്ത ചിത്രത്തിന്റെ ഓ ടി ടി പ്ലാറ്റഫോമിലൂടെയുള്ള റിലീസ് കൊറോണാനന്തരം മലയാള സിനിമ കടന്നു പോകുന്ന മാറ്റങ്ങളിലെ പ്രധാന ഒരു വഴിത്തിരിവായി രേഖപ്പെടുത്താവുന്ന ഒന്നാണ്.

Read Here: Sufiyum Sujathayum Full Movie Leaked Online: റിലീസ് ദിനം തന്നെ പൈറസിയ്ക്കിരയായി ‘സൂഫിയും സുജാതയും’

 

ഒരു പ്രണയ കഥയാണ് ‘സൂഫിയും സുജാതയും’ പറയുന്നത്. ജയസൂര്യ, അദിതി റാവു ഹൈദരി, നവാഗതനായ ദേവ് മോഹൻ, സിദ്ദിഖ്, മാമുക്കോയ, കലാരഞ്ജിനി തുടങ്ങിയവർ ചിത്രത്തിൽ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ അദിതി ചെയുന്ന സംസാരശേഷിയില്ലാത്ത സുജാത എന്ന കഥാപാത്രവും, ദേവ് മോഹൻ ചെയുന്ന സൂഫി എന്ന കഥാപാത്രവും തമ്മില്ലുള്ള പ്രണയം തന്നെയാണ് ചിത്രത്തിന്റെ കാതൽ.

മുൻപ് പലപ്പോഴും കണ്ടിട്ടുള്ള പ്രണയ കഥകളുടെ ആവർത്തനം തന്നെയാണ് ചിത്രമെങ്കിലും, മനുഷ്യരാശിക്ക് ഇന്നോളം പിടികിട്ടാത്ത, ആർക്കും ആരോടും തോന്നാവുന്ന, അതിർവരമ്പുകളില്ലാത്ത, പ്രണയമെന്ന ‘ഭ്രാന്തിന്റെ’ നേർത്ത ഭാവങ്ങളെ, അതിന്റെ സൗന്ദര്യത്തെ, അതിമനോഹരമായി ഒപ്പിയെടുക്കാൻ ചിത്രത്തിനാവുന്നുണ്ട്. പരിശുദ്ധമായ സ്നേഹമാണ് പടച്ചോൻ എന്ന് വിശ്വസിക്കുന്ന സൂഫിസം എന്ന ഇസ്ലാമിക മിസ്റ്റിസിസത്തിന്റെ, അതിന്റെ സംഗീതത്തിന്റെ ചാരുത ചിത്രത്തിൽ ഉടനീളം പ്രതിഫലിപ്പിക്കാൻ സംവിധായകനും, ഛായാഗ്രാഹകനും കഴിഞ്ഞത് ‘സൂഫിയും സുജാത;യേയും വ്യത്യസ്തമായ ഒരു ചലച്ചിത്ര അനുഭവമാക്കുന്നുണ്ട്.

തന്റെ ഉസ്താദിന്റെ ചരമ വാര്‍ഷികത്തിനായി, അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ശിഷ്യനായ സൂഫി മടങ്ങി വരുന്നിടത്തു നിന്നാണ് ചിത്രം ആരംഭിക്കുന്നത്. തന്റെ പ്രണയ നഷ്ടത്തിന്റെ ഭൂതകാലം ഉറങ്ങുന്ന ആ മണ്ണിലേക്ക് തിരികെ വരുന്ന സൂഫി പക്ഷേ അന്ന് തന്നെ നിസ്കാര പായയിൽ മരിച്ചു വീഴുന്നു. സൂഫിയുടെ മരണം കടലുകൾക്കു അപ്പുറം ദുബായിൽ ജീവിക്കുന്ന സുജാതയുടെ ചെവിയിൽ എത്തുന്നു. എന്നാൽ സുജാത ഇപ്പോൾ ഭാര്യയും ഒരു കുട്ടിയുടെ അമ്മയുമാണ്, പക്ഷേ തന്റെ കാമുകന്റെ മരണവാർത്ത അവളെ തകർക്കുന്നുണ്ട്. സുജാതയുടെ ഭർത്താവായി എത്തുന്ന ജയസൂര്യ ചെയുന്ന രാജീവൻ എന്ന കഥാപാത്രം തന്റെ ഭാര്യയുടെ മാനസികാവസ്ഥ മനസിലാക്കിയിട്ടോ, അവളെ പ്രണയത്തിന്റെ ഓർമകളിൽ നിന്നും പൂർണമായി മോചിതയാക്കാനോ എന്നോണം, സൂഫിയുടെ ഖബറടക്കത്തിൽ പങ്കെടുക്കാനായി സുജതയുമായി നാട്ടിലേക്ക് പുറപ്പെടുന്നു.

സുജാതയുടെ ഓര്‍മ്മകളിലൂടെയാണ് സൂഫിയുമായിയുള്ള പ്രണയബന്ധത്തിന്റെ പൂര്‍വകാലം ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ആദ്യകാഴ്ചയിൽ തോന്നുന്ന പ്രണയവും, അതിന്റെ വളർച്ചയും, പിന്നീട് വീട്ടുകാരുടെ എതിർപ്പുമെല്ലാം കാണിച്ചു കൊണ്ട് പ്രത്യേകിച്ചു പുതുമകളൊന്നും ഇല്ലാത്ത സ്ഥിരം വഴികളിലൂടെയാണ് ചിത്രം മുന്നോട്ടു പോകുന്നത്. എന്നാല്‍ സംസാരശേഷിയില്ലാത്ത സുജാതയും, സൂഫിയുമായുള്ള പ്രണയ രംഗങ്ങൾ വളരെ മനോഹരമായി ആവിഷ്കരിക്കാന്‍ സംവിധായകന് സാധിച്ചിട്ടുണ്ട്. സൂഫിയുടെ ദൈവികമായ ശബ്ദത്തിലുള്ള വാങ്കിനൊപ്പം ചുവടുകൾ വെക്കുന്ന സുജാതയുടെ നൃത്തത്തിന്റെ രംഗം ഇതിനൊരു ഉദാഹരണമാണ്.

Read Here: സൂഫിയാണ് താരം; ദേവ് മോഹൻ അഭിമുഖം

sufiyum sujathayum, sufiyum sujathayum movie review, sufiyum sujathayum review, sufiyum sujathayum download, sufiyum sujathayum full movie, sufiyum sujathayum online, sufiyum sujathayum full movie free download, sufiyum sujathayum full movie online, sufiyum sujathayum songs, sufiyum sujathayum telegram, sufiyum sujathayum tamilrockers, സൂഫിയും സുജാതയും, സൂഫിയും സുജാതയും റിവ്യൂ

സുജാതയുടെ വീട്ടുകാർ മകളുടെ പ്രണയബന്ധമറിയുകയും, അവളെ അതിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിക്കുകയും ചെയുന്നുണ്ട്. സൂഫിസത്തിന്റെ ജീവിത രീതികളിൽ നിന്ന് തന്റെ ശിഷ്യൻ വ്യതിചലിക്കുന്നത് മനസിലാക്കി ഉസ്താദും സൂഫിയെ സുജാതയുമായുള്ള ബന്ധത്തിൽ നിന്ന് വിലക്കുന്നുണ്ട്. അങ്ങനെ യാഥാസ്ഥിതികതയുടെയും, മതത്തിന്റെയും, അഭിമാനത്തിന്റേയും മുന്നിൽ പ്രണയത്തിനു വീണ്ടും തോറ്റ് കൊടുക്കേണ്ടി വരുന്നു. അങ്ങനെ പിരിഞ്ഞു പോയ പ്രണയത്തിന്റെ ഓർമകളും പേറി തന്റെ കാമുകന്റെ മൃതശരീരം അവസാനമായി കാണാൻ എത്തുന്ന സുജാതയ്ക്ക് പക്ഷേ അതിനു സാധിക്കുന്നില്ല.

തന്റെ ഭാര്യക്ക് ഇപ്പോഴും പഴയ കാമുകനെ മറക്കാൻ കഴിയാത്തതിന്റെ നിസ്സഹായ അവസ്ഥ രാജീവൻ സുജാതയുടെ വീട്ടുകാരോടും പറയുന്നു. ഉടനെ തന്നെ തിരിച്ചു ദുബൈയിലേക്ക് മടങ്ങേണ്ടിയിരുന്ന രാജീവന് തന്റെ പാസ്പോര്‍ട്ട് നഷ്ടമാകുന്നു. പാസ്സ്പോര്ട്ടും പഴ്സും സൂഫിയെ ഖബറടക്കിയ കുഴിയിൽ വീണു പോയതാണെന്നു അയാൾ തീർച്ചപ്പെടുത്തുന്നു. തുടർന്ന് ആകാംഷ പകരുന്ന നിമിഷങ്ങള്‍ നിറഞ്ഞ ക്ലൈമാക്സ്.

അദിതി റാവു ഹൈദരിയുടെ സാന്നിദ്ധ്യവും പ്രകടനവുമാണ് ഈ ചിത്രത്തിന്റെ പ്രധാന ആകർഷണം എന്ന് നിസ്സംശയം പറയാം. ഒരു സംഭാഷണം പോലും ഇല്ലാതിരുന്നിട്ടും, സുജാത എന്ന കഥാപാത്രത്തിന്‍റെ മാനസികവ്യാപാരങ്ങൾ അദിതി തന്റെ കണ്ണുകളിലൂടെയും, സൂക്ഷ്മമായ ഭാവങ്ങളിലൂടെയും കൃത്യമായി പ്രേക്ഷകരിലേക്ക് എത്തിക്കുന്നുണ്ട്. ഡോ. ലീലാ സാംസണ്‍ ഉള്‍പ്പടെയുള്ള വിഖ്യാത നൃത്താദ്ധ്യാപകര്‍ക്ക് കീഴില്‍ അവര്‍ നടത്തിയ നീണ്ട കാലത്തെ ക്ലാസ്സിക് നൃത്ത പരിശീലനമാവാം അതിനവരെ സഹായിച്ചിരിക്കുക. എന്നാല്‍ നൃത്താഭിനയത്തില്‍ വരുന്ന അതിഭാവുകത്വം സിനിമയില്‍ കടന്നു വരാതിരിക്കാനും അവര്‍ ശ്രദ്ധ ചെലുത്തിയിട്ടുണ്ട്.

Read Here: കണ്ണുകൾ കൊണ്ട് സംസാരിക്കുന്ന പെൺകുട്ടി: ‘സൂഫിയും സുജാതയും’ വിശേഷങ്ങളുമായി അതിഥി റാവു ഹൈദരി

sufiyum sujathayum, sufiyum sujathayum movie review, sufiyum sujathayum review, sufiyum sujathayum download, sufiyum sujathayum full movie, sufiyum sujathayum online, sufiyum sujathayum full movie free download, sufiyum sujathayum full movie online, sufiyum sujathayum songs, sufiyum sujathayum telegram, sufiyum sujathayum tamilrockers, സൂഫിയും സുജാതയും, സൂഫിയും സുജാതയും റിവ്യൂ

സൂഫിയായി അഭിനയിച്ച പുതുമുഖം ദേവ് മോഹനും തരക്കേടില്ലാത്ത പ്രകടനമാണ് കാഴ്ച വെച്ചത്. വളരെ പക്വതയുള്ള, സാധാരണക്കാരനായ ഒരു മനുഷ്യന്റെ എല്ലാ വികാരങ്ങളും, ചിലപ്പോഴൊക്കെ നിസ്സഹായതയും പേറുന്ന രാജീവൻ എന്ന സങ്കീര്‍ണ്ണമായ കഥാപാത്രത്തെ ജയസൂര്യ അനായാസം എന്ന് തോന്നുന്ന രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട്. സുജാതയുടെ മാതാപിതാക്കളുടെ വേഷം ചെയ്ത സിദ്ദിക്കും, കലാരഞ്ജിനിയും സഹജമായ തന്മയത്തോടു കൂടി തന്നെ ആ കഥാപാത്രങ്ങൾ മികവുറ്റതാക്കിയിട്ടുണ്ട്. ‘മറിമായം’ എന്ന സീരിയലിലൂടെ ശ്രദ്ധേയനായ മണികണ്ഠൻ പട്ടാമ്പി ചെയ്ത കുമാരൻ എന്ന കഥാപാത്രവും ശ്രദ്ധേയമാണ്.

നിരൂപകപ്രശംസ പിടിച്ചു പറ്റിയ ‘കരി’ (2015) എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ഷാനവാസ് നാറാണിപുഴ എന്ന സംവിധായകന് രണ്ടാം ചിത്രത്തില്‍ എത്തുമ്പോള്‍ ദൃശ്യാഖ്യാനത്തിന്റെ സാധ്യതകളെ കുറെക്കൂടി ഫലവത്തായി ഉപയോഗിക്കാന്‍ സാധിച്ചിരിക്കുന്നു എന്ന് പറയാം. പറയുന്ന കഥയുടെ ഭാവത്തിനനുസരിച്ച് ചിട്ടപ്പെടുത്തിയ ദൃശ്യ-സംഗീത സന്നിവേശം ‘സൂഫിയും സുജാത’യുടെയും ഹൈലൈറ്റ് ആണ്. ഛായഗ്രാഹകൻ അനു മൂത്തേടത്തിന്റെ ദൃശ്യങ്ങൾ സംവിധായകന്റെ കാഴ്ച സങ്കൽപ്പങ്ങൾക്ക് ശക്തി പകരുന്നു. എം ജയചന്ദ്രനാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ഖവാലി സംഗീതത്തെ ഓർമിപ്പിക്കുന്ന തരത്തിലുള്ള ഹൃദ്യമായ ഒരു പിടി ഗാനങ്ങളും ചിത്രത്തിന്റെ ആസ്വാദ്യകരമാക്കുന്നുണ്ട്. വിജയ് ബാബുവാണ് ചിത്രത്തിന്റെ നിർമാതാവ്.

മുഖ്യധാരാ സിനിമയിൽ അധികം കണ്ടു പരിചയമില്ലാത്ത മുസ്ലിം പരിസരങ്ങൾ, ആചാരങ്ങൾ എന്നിവ സത്യസന്ധമായി അടയാളപ്പെടുത്തുന്നു എന്നുള്ളതും ചിത്രത്തിന്റെ പ്രത്യേകതയാണ്. ‘ഉറക്കത്തിൽ തൊട്ടാൽ അയിത്തമില്ല, ജാതിയും മതവും ദേഷ്യവും വെറുപ്പും ഒന്നുമില്ല. ഉറങ്ങുമ്പോൾ പടച്ചോൻ മാത്രമേ കൂട്ടുണ്ടാവുള്ളു, അതാണ് ഈ ശ്വാസം. ഉറക്കമില്ലാത്തവർക്കാണ് ജാതിയും, മതവും’ എന്ന് ഉസ്താദ് സുജാതയോടു പറയുന്ന വാക്കുകള്‍  തന്നെയാണ് ‘സൂഫിയും സുജാത’യും എന്ന ചിത്രത്തിന്റെ അന്തസത്ത.

Musical Chair Movie Review: മരണത്തിന്റെ കസേര കളി; ‘മ്യൂസിക്കൽ ചെയർ’ റിവ്യൂ

Musical Chair Malayalam Movie Review: ഒരു കടൽത്തീരത്ത് കുറച്ചു കുട്ടികൾ കസേരകളി കളിക്കുന്നു. ഓരോ തവണയും കസേര കിട്ടാതെ തോറ്റു പുറത്തു പോകേണ്ടി വരുന്ന കുട്ടി, പാട്ടു നിർത്തുന്ന പെൺകുട്ടിയോട് കലഹിച്ച് കളി നിർത്തി പോകുന്നു. തോറ്റെങ്കിലും ഒരു കുട്ടി തന്റെ കസേര വിട്ടു പോകാൻ കൂട്ടാക്കാതെ അതിൽ  തന്നെ ഇരിക്കുന്നു,  ബാക്കി കുട്ടികൾ അവനെ അവഗണിച്ചു കളി തുടരുന്നു.

വിപിൻ ആറ്റ്‌ലി എഴുതി സംവിധാനം ചെയ്ത ‘മ്യൂസിക്കൽ ചെയർ’ എന്ന ചിത്രത്തിലെ ആദ്യ രംഗമാണ് ഇത്. മനുഷ്യന്റെ ബോധ-അബോധ മനസ്സിനെ നിരന്തരം അലട്ടുന്ന മരണഭയത്തെ പ്രമേയമാക്കുന്ന ചിത്രമാണ് ‘മ്യൂസിക്കൽ ചെയർ.’ 32 വയസ്സായ മാർട്ടിൻ എന്ന എഴുത്തുകാരനായ യുവാവ് മരണഭയത്താൽ അനുഭവിക്കുന്ന ആത്മസംഘര്‍ഷങ്ങളിലൂടെ മെല്ലെ നീങ്ങുന്ന ചിത്രം, ജീവിതം അപ്രതീക്ഷിതമായി കരുതി വെക്കുന്ന മരണമെന്ന ഉത്തരമില്ലാത്ത കടങ്കഥയുടെ രഹസ്യങ്ങൾ തേടി പോകുന്നുണ്ട്.

തന്റെ കുട്ടികാലത്ത് സ്വന്തം മുത്തശ്ശിയുടെയും അച്ഛന്റെയും മരണങ്ങൾ നേരിട്ടു കണ്ട മാര്‍ട്ടിന് പക്ഷേ ആ മരണങ്ങൾ തന്നെയും കാത്ത് അടുത്ത് തന്നെ ഉണ്ടെന്നുള്ള ഉൽക്കണ്ഠ ദിനംപ്രതി വര്‍ദ്ധിക്കുന്നു. മാര്‍ട്ടിന്‍ അനുഭവിക്കുന്ന, മരണത്തേക്കാൾ ഭയപ്പെടുത്തുന്ന ആധിയെ മനസിലാക്കാൻ അയാളുടെ അമ്മക്ക് പോലും കഴിയുന്നില്ല. മരണത്തെപറ്റിയുള്ള തന്റെ  സംശയങ്ങളും ഭയവും മാറ്റാൻ മാർട്ടിൻ ഡോക്ടർ മുതൽ തത്വചിന്തകരെ  വരെ സമീപിക്കുന്നു.  ഓരോ ജന്മത്തിനും ഒരു നിയോഗമുണ്ടെന്നും,  ആ നിയോഗം കഴിയുമ്പോൾ ഈ ജീവിതം അവസാനിക്കുമെന്നുള്ള ചിന്ത മാർട്ടിനെ കൂടുതൽ ചിന്താകുഴപ്പത്തിലാക്കുന്നു. സ്വന്തം നിയോഗം മനസിലാക്കി അതിൽ നിന്നും മാറി നിന്നാൽ മരണവും അകന്നു നിൽക്കുമോ എന്ന് അവൻ തിരിച്ചു ചോദിക്കുന്നുണ്ട്.  പക്ഷേ ഒരു തത്വചിന്തക്കും  മാർട്ടിനെ അവന്റെ ഭയത്തിൽ നിന്നും മോചിപ്പിക്കാനാവുന്നില്ല.  മരണത്തെ പറ്റിയുള്ള അവന്റെ അന്വേഷണങ്ങൾ മരണത്തിന്റെ നിഗൂഢതയുടെ ആഴം കൂട്ടുക മാത്രമാണ് ചെയുന്നത്.

ഇതിനിടയിൽ അമ്മയുടെ നിർബന്ധത്തിനു വഴങ്ങി മാർട്ടിൻ ആത്മാവുമായി സംസാരിക്കാൻ കഴിയുന്ന അന്ധനായ പാസ്റ്ററുമായി സംവദിക്കുന്നു.  ആ രംഗങ്ങളൊക്കെ തന്നെ, ശൂന്യതവാദവും അസ്തിത്വ പ്രതിസന്ധിയുമൊക്കെ, നിലനിൽപ്പെന്ന നേർത്ത ബോധ്യത്തെ എത്ര മാത്രം വെല്ലുവിളിക്കുന്ന  ചിന്തകളാണെന്ന് കാട്ടി തരുന്നവയാണ്. മാർട്ടിന്റെ മരണത്തെ കുറിച്ചുള്ള അന്വേഷണങ്ങളിലൂടെ പോകുന്ന ചിത്രം അവസാനിക്കുന്നിടത്താണ് സംവിധായകൻ ദൃശ്യ  കലയുടെ സാധ്യതയുടെ ആഴം ശരിക്കും അനുഭവിപ്പിക്കുന്നത്.

ഒരാൾ മരിക്കുമ്പോൾ അയാൾ അറിയുന്നുണ്ടോ അയാൾ മരിച്ചെന്ന്? നാം മരിച്ചെന്നു നമുക്ക് സ്വയം ബോധ്യമാകുമോ?  ഉത്തരം അറിയാത്ത ഇത്തരം ചോദ്യങ്ങൾ പ്രേക്ഷകരെ കൊണ്ട് തന്നെ ചോദിപ്പിക്കുകയും, ചിന്തിപ്പിക്കുകയും  ചെയുന്ന തരത്തിലാണ് ആറ്റ്ലീ തന്റെ ചിത്രം അവസാനിപ്പിക്കുന്നത്. ചിത്രത്തിന്റെ അവസാനം കസേര കളിയിൽ നിന്നും പുറത്തായി പോകുന്ന കുട്ടി മാർട്ടിൻ പോകുന്നത് കടൽ നോക്കി പുക വിട്ടു നിൽക്കുന്ന അവന്റെ അച്ഛന്റെ അടുത്തേക്കാണ്.  അപ്പോൾ അയാൾ  അവനോടു പറയുന്നുണ്ട് ‘മോൻ വിഷമിക്കണ്ട അച്ഛൻ വേറെ ഒരു കളി കളിക്കാൻ കൊണ്ടുപോകാമെന്ന്.’

ജൈവികമായ മരണം ബോധത്തിന്റെ അവസാനമാണോ എന്ന പോലെയുള്ള മനുഷ്യന്റെ അസ്വസ്ഥമായ അസ്തിത്വ ചിന്തകളെ ദൃശ്യവൽക്കരിച്ചിരിക്കുന്നു എന്ന നിലക്ക് ‘മ്യൂസിക്കൽ ചെയർ’ ആസ്വാദ്യകരമായ അനുഭവമാണ്. ‘ഹോംലി മീൽസ്’  എന്ന തന്റെ  ആദ്യ ചിത്രത്തിൽ തന്നെ പരീക്ഷണാത്മക ശ്രമങ്ങള്‍ നടത്താന്‍ ആറ്റ്ലീ  കാണിച്ച  ധൈര്യം ആ സമയത്ത് തന്നെ ചർച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്. ‘ബെൻ’ എന്ന ചിത്രത്തിന് ദേശീയ തലത്തിൽ കിട്ടിയ അംഗീകാരങ്ങളും ആറ്റ്ലീ എന്ന സ്വതന്ത്ര സംവിധായകന്റെ നേട്ടങ്ങളിൽ എടുത്തുപറയാവുന്നതാണ്.

മുഖ്യധാരാ നായക സങ്കൽപ്പങ്ങളിൽ നിന്നും തീർത്തും വ്യത്യസ്തമായി, നിസ്സഹായനായ, പലപ്പോഴും അവഗണിക്കപ്പെടുന്ന, ദുർബലനായ ‘ഹോംലി  മീൽസ്’ എന്ന ചിത്രത്തിലെ  കേന്ദ്രകഥാപാത്രത്തിന്റെ വേറൊരു പകർപ്പ്  തന്നെയാണ് ‘മ്യൂസിക്കൽ ചെയറിൽ’ ആറ്റ്ലീ  അവതരിപ്പിച്ച മാർട്ടിൻ എന്ന കഥാപാത്രവും. അത്തരത്തിൽ സാധാരണക്കാരനായ ഒരു കഥാപാത്രത്തെ, തന്റെ സ്വാഭാവികമായ അഭിനയത്തിലൂടെ അദ്ദേഹത്തിന് അവതരിപ്പിക്കാൻ കഴിയുന്നുണ്ട്. ചിത്രത്തിലെ ബാക്കി കഥാപാത്രങ്ങളിലെ അഭിനയത്തിലെ അസ്വാഭാവികത മാറ്റി നിർത്തിയാൽ, മരണമെന്ന തടുക്കാനാവാത്ത സത്യത്തെ, അതിന്റെ  അജ്ഞതയെ ആവിഷ്കരിക്കാൻ സംവിധായകൻ എന്ന നിലയ്ക്കുള്ള ആറ്റ്ലീയുടെ ശ്രമം അഭിനന്ദനാർഹമാണ്.

‘ഡാർക്ക്‌’ എന്ന  അതിപ്രശസ്തമായ ജർമൻ സീരിസിലെ ഇരുട്ടിലേക്ക്  കുത്തി  ഇറങ്ങുന്ന സൈറണ് പോലെയുള്ള  പശ്ചാത്തല  സംഗീതത്തെ അനുസ്മരിപ്പിക്കുന്നതാണ് ‘മ്യൂസിക്കൽ ചെയറിൽ’  ചില സന്ദർഭങ്ങളിൽ വരുന്ന പശ്ചാത്തല  സംഗീതം.  എന്നാൽ മരണഭയത്താൽ ഉറക്കമില്ലാത്ത അലയുന്ന മാർട്ടിയുടെ മനോനിലയെ അനുഭവിപ്പിക്കുന്ന തബലയുടെ താളമായി വന്ന സംഗീത  സന്നിവേശം തീവ്രമായ അനുഭവമായിരുന്നു. ആറ്റ്ലീ  തന്നെയാണ്  ചിത്രത്തിന്റെ സംഗീത  സംവിധാനം നിർവഹിച്ചിരിക്കുന്നത്. അംക്സൈറ്റി, പാനിക് അറ്റാക്ക്, ഡിപ്രെഷൻ തുടങ്ങിയ മനഃശാസ്ത്ര വിഷയങ്ങൾ യാഥാർഥ്യത്തിൽ എത്ര സങ്കീർണമായ ചിന്തകളിലൂടെയാണ് കടന്നു പോകുന്നത് എന്ന സത്യത്തെ അഡ്രസ്‌ ചെയ്യുന്നതിലൂടെ   ‘മ്യൂസിക്കൽ ചെയർ’ അതിന്റെ കാലികപ്രസക്തിയും നിലനിര്‍ത്തുന്നുണ്ട്‌.

മെയിൻസ്ട്രീം ടീവി ആപ്പ്  എന്ന ഒറ്റി റി പ്ലാറ്റ്ഫോം വഴി 40 രൂപ ഓൺലൈൻ ടിക്കറ്റ്‌ എടുത്ത് ചിത്രം കാണാവുന്നതാണ്. ചിത്രത്തിന്റെ രണ്ട് മണിക്കൂർ ദൈര്‍ഘ്യം ഒരു പ്രശ്നമായി അനുഭവപ്പെടുന്നുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook