scorecardresearch

Latest News

സ്നേഹം സംസാരിക്കുമ്പോൾ, വാക്കുകൾ അപ്രത്യക്ഷമാകും; ‘സൂഫിയും സുജാതയും’ വിശേഷങ്ങൾ പങ്കിട്ട് ജയസൂര്യ

ജയസൂര്യ അവതരിപ്പിച്ച രാജീവ് എന്ന കഥാപാത്രം ചിത്രത്തിൽ ഏറെ നിർണായകമായ ഒന്നായിരുന്നു

sufiyum sujathayum, sufiyum sujathayum movie, sufiyum sujathayum movie review, jayasurya, aditi rao hydari, sufiyum sujathayum photos

Sufiyum Sujathayum Malayalam Movie: ‘സൂഫിയും സുജാതയും’ എന്ന ചിത്രത്തിൽ സൂഫിയും സുജാതയും തമ്മിലുള്ള പ്രണയത്തിനൊപ്പം തന്നെ അന്തർലീനമായി കിടക്കുന്ന മറ്റൊരു തീവ്രപ്രണയം കൂടിയുണ്ട്, അത് സുജാതയോട് രാജീവിനുള്ള സ്നേഹമാണ്. സൂഫിയ്ക്കും മുൻപെ സുജാതയെ ആഗ്രഹിച്ചു തുടങ്ങിയതും സ്നേഹിച്ചു തുടങ്ങിയതും രാജീവാണ്. സൂഫിയും സുജാതയും തമ്മിലുള്ള അലൗകികമായ പ്രണയത്തിന്റെ സ്നേഹത്തിലും വിരഹത്തിനും ഇടയിൽ പെട്ട് അസ്വസ്ഥതനാവുകയും അവഗണിക്കപ്പെടുകയും ചെയ്യുന്ന ഭർത്താവ്. ജയസൂര്യ അവതരിപ്പിച്ച രാജീവ് എന്ന കഥാപാത്രം ചിത്രത്തിൽ ഏറെ നിർണായകമായ ഒന്നായിരുന്നു. ചിത്രം ശ്രദ്ധ നേടുന്നതിലും രാജീവ് എന്ന കഥാപാത്രത്തിന്റെ പ്രസക്തി പ്രേക്ഷകർ തിരിച്ചറിയുന്നതിലുമുള്ള സന്തോഷത്തിലാണ് ജയസൂര്യ.

ചിത്രത്തിലെ മനോഹരമായൊരു രംഗം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയാണ് ജയസൂര്യ ഇപ്പോൾ. “സ്നേഹം സംസാരിക്കുമ്പോൾ, വാക്കുകൾ അപ്രത്യക്ഷമാകും” എന്നാണ് താരം കുറിക്കുന്നത്.

 

View this post on Instagram

 

“ Words disappear …… When Love speaks”

A post shared by actor jayasurya (@actor_jayasurya) on

‘സൂഫി പ്രണയിച്ചതിനേക്കാൾ കൂടുതൽ രാജീവൻ സുജാതയെ പ്രണയിച്ചിരുന്നു,’എന്നാണ് നിർമാതാവ് വിജയ് ബാബു രാജീവൻ എന്ന കഥാപാത്രത്തെ കുറിച്ച് പറയുന്നത്. ജയസൂര്യയില്ലായിരുന്നെങ്കിൽ നടക്കാതെ പോകുമായിരുന്ന ചിത്രമാണ് സൂഫിയും സുജാതയും എന്നും വിജയ് ബാബു കൂട്ടിച്ചേർക്കുന്നു.

Sufiyum Sujathayum streaming on Amazon Prime Video: പുത്തൻ ചുവടുവെപ്പുമായി ‘സൂഫിയും സുജാതയും’

ജയസൂര്യയും അഥിതി റാവു ഹൈദരിയും പുതുമുഖതാരമായ ദേവ് മോഹനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ‘ജൂലൈ 3’നാണ് ആമസോൺ പ്രൈമിൽ സ്ട്രീം ചെയ്തു തുടങ്ങിയത്. സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് നാനാഭാഗങ്ങളിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.

വിജയ് ബാബുവിന്റെ ഫ്രൈഡെ ഫിലിം ഹൗസാണ് ചിത്രത്തിന്റെ നിർമാതാക്കൾ. ആദ്യം തിയേറ്റർ റിലീസ് തീരുമാനിച്ചിരുന്ന ചിത്രം കോവിഡ് 19 ന്റെ പശ്ചാത്തലത്തിലാണ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യാം എന്നു അണിയറക്കാർ തീരുമാനിച്ചത്. ഇതുമായി ബന്ധപ്പെട്ട് വിവാദങ്ങളും ചർച്ചകളുമൊക്കെ സിനിമാമേഖലയിൽ ഉണ്ടാവുകയും ചെയ്തിരുന്നു. എല്ലാറ്റിനും ഒടുവിൽ ചിത്രം ആമസോൺ പ്രൈമിലൂടെ പ്രേക്ഷകരിലേക്ക് എത്തുകയായിരുന്നു. മലയാള സിനിമ പുതിയൊരു പ്ലാ‌റ്റ്‌ഫോമിലേയ്ക്ക് ചുവടു വയ്ക്കുന്നതിന്റെ തുടക്കം കൂടിയായിരിക്കുകയാണ് ‘സൂഫിയും സുജാതയും’.

Aditi Rao Hydari on Sufiyum Sujatayum: കണ്ണുകൾ കൊണ്ട് സംസാരിക്കുന്ന പെൺകുട്ടി: അതിഥി റാവു ഹൈദരി

ഒരൊറ്റ ഡയലോഗുമില്ലാതെ അഭിനയിക്കേണ്ടി വന്നത് വളരെ വേറിട്ടൊരു അനുഭവമാണെന്നായിരുന്നു അതിഥി റാവു ഹൈദരി ഇന്ത്യൻ എക്സ്പ്രസിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. “ആശയവിനിമയം നടത്താൻ ഒരു ഭാഷ ഇല്ലാത്തത് ഞാൻ ശരിക്കും ആസ്വദിച്ചു. ഒരു ഭാഷയെന്ന നിലയിൽ മലയാളം പഠിക്കുക വളരെ ബുദ്ധിമുട്ടാണ്. ഭാഷയ്ക്ക് പിറകിൽ നമ്മൾ മറഞ്ഞിരിക്കുന്നു എന്നാണെനിക്ക് തോന്നുന്നത്, നമ്മൾ സംസാരിക്കുമ്പോൾ‌ ആളുകളെ നോക്കില്ല. പക്ഷേ, നിങ്ങൾക്ക് ഒരു ഭാഷയില്ലാതാവുമ്പോൾ, നിങ്ങൾ വ്യക്തികളുടെ കണ്ണിലേക്ക് നോക്കണം. നിങ്ങൾ യഥാർത്ഥത്തിൽ എന്താണ് ചിന്തിക്കുന്നത്, എന്താണ് മനസ്സിൽ എന്നൊക്കെ ആ വ്യക്തി കൃത്യമായി കാണും. സത്യസന്ധത വളരെ മനോഹരമായ ഒന്നാണെന്ന് ഞാൻ കരുതുന്നു. യഥാർത്ഥ സ്നേഹത്തിന്റെ, നിഷ്കളങ്കതയുടെ ആൾരൂപമാണ് എനിക്ക് സുജാത.”

“സംഭാഷണങ്ങൾ വരുമ്പോൾ അത് പെർഫോമൻസിനെ ബാധിക്കുമെന്നല്ല ഞാൻ പറഞ്ഞുവരുന്നത്. സംഭാഷണങ്ങൾ പലപ്പോഴും മനോഹരമാണ്, അവയ്ക്ക് അർത്ഥതലങ്ങളുമുണ്ട്. അതു കൊണ്ടാണല്ലോ ചില ഡയലോഗുകൾ പ്രശസ്തമാവുന്നത്. പക്ഷേ, ഒരു വാക്കു പോലും പറയാതെ പരസ്പരം ബന്ധിപ്പിക്കപ്പെടുന്ന അനുഭവം അതിലും മനോഹരമാണ്. അതിൽ പരിമിതികളും ദൗർബല്യവുമുണ്ടെങ്കിലും, ഒപ്പം തന്നെ നിർഭയത്വവുമുണ്ട്. മറ്റൊരാളുടെ കണ്ണിലേക്ക് നോക്കുമ്പോൾ നമുക്കവരുടെ ഉള്ളുവായിക്കാൻ കഴിയും. നിങ്ങളുടെ കണ്ണുകളിലേക്കും ആത്മാവിലേക്കും നോക്കാൻ നിങ്ങൾ ആരെയെങ്കിലും അനുവദിക്കുകയാണെങ്കിൽ, നിങ്ങൾ ധൈര്യമുള്ള വ്യക്തിയാണെന്നാണ് അർത്ഥം.” അതിഥി പറയുന്നു.

Read more: Sufiyum Sujatayum actor Aditi Rao Hydari: കണ്ണുകൾ കൊണ്ട് സംസാരിക്കുന്ന പെൺകുട്ടി: ‘സൂഫിയും സുജാതയും’ വിശേഷങ്ങളുമായി അതിഥി റാവു ഹൈദരി

Dev Mohan on Sufiyum Sujathayum: താരമായി സൂഫി

സോഷ്യൽ മീഡിയയിലും സിനിമാഗ്രൂപ്പുകളിലുമെല്ലാം താരമാണ് ഇപ്പോൾ ദേവ് മോഹൻ. ‘സൂഫിയും സുജാതയും’ എന്ന ചിത്രത്തിൽ സൂഫിയായെത്തിയ ദേവ് മോഹന്റെ വിശേഷങ്ങൾക്ക് പിറകെയാണ് പ്രേക്ഷകർ ഇപ്പോൾ. സൂഫിയുടെ നടപ്പും നോട്ടവും നൃത്തവും ബാങ്കുവിളിയും വരെ ഹൃദയം കവർന്നെന്നാണ് പ്രേക്ഷകരുടെ പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്.

ആദ്യചിത്രത്തിലൂടെ തന്നെ പ്രേക്ഷകശ്രദ്ധ നേടാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് സൂഫിയെന്ന കഥാപാത്രത്തെ അവതരിപ്പിച്ച ദേവ് മോഹൻ എന്ന പുതുമുഖനടൻ. ചിത്രത്തിലെ സൂഫി നൃത്തവും സൂഫിയുടെ ബാങ്ക് വിളിയുമെല്ലാം പ്രേക്ഷകർ ചർച്ച ചെയ്യുന്നത് കാണുമ്പോൾ ഏറെ സന്തോഷമുണ്ടെന്ന് ഈ ചെറുപ്പക്കാരൻ പറയുന്നു. തൃശൂർ സ്വദേശിയായ ദേവ് ബം​ഗളൂരു കേന്ദ്രീകരിച്ചുള്ള എംഎൻസിയിൽ മെക്കാനിക്കൽ എഞ്ചിനീയറായി ജോലി ചെയ്യുന്നതിനിടയിലാണ് സിനിമയിലേക്ക് എത്തുന്നത്.

ദേവ് മോഹന്റെ വിശേഷങ്ങൾ വായിക്കാം: സൂഫിയാണ് താരം; ദേവ് മോഹൻ അഭിമുഖം

Sufiyum Sujathayam Movie Review: വേറിട്ട അനുഭവവുമായി ‘സൂഫിയും സുജാതയും’; റിവ്യൂ

മുൻപ് പലപ്പോഴും കണ്ടിട്ടുള്ള പ്രണയ കഥകളുടെ ആവർത്തനം തന്നെയാണ് ചിത്രമെങ്കിലും, മനുഷ്യരാശിക്ക് ഇന്നോളം പിടികിട്ടാത്ത, ആർക്കും ആരോടും തോന്നാവുന്ന, അതിർവരമ്പുകളില്ലാത്ത, പ്രണയമെന്ന ‘ഭ്രാന്തിന്റെ’ നേർത്ത ഭാവങ്ങളെ, അതിന്റെ സൗന്ദര്യത്തെ, അതിമനോഹരമായി ഒപ്പിയെടുക്കാൻ ചിത്രത്തിനാവുന്നുണ്ട്. പരിശുദ്ധമായ സ്നേഹമാണ് പടച്ചോൻ എന്ന് വിശ്വസിക്കുന്ന സൂഫിസം എന്ന ഇസ്ലാമിക മിസ്റ്റിസിസത്തിന്റെ, അതിന്റെ സംഗീതത്തിന്റെ ചാരുത ചിത്രത്തിൽ ഉടനീളം പ്രതിഫലിപ്പിക്കാൻ സംവിധായകനും, ഛായാഗ്രാഹകനും കഴിഞ്ഞത് ‘സൂഫിയും സുജാത;യേയും വ്യത്യസ്തമായ ഒരു ചലച്ചിത്ര അനുഭവമാക്കുന്നുണ്ട്.

“മുഖ്യധാരാ സിനിമയിൽ അധികം കണ്ടു പരിചയമില്ലാത്ത മുസ്ലിം പരിസരങ്ങൾ, ആചാരങ്ങൾ എന്നിവ സത്യസന്ധമായി അടയാളപ്പെടുത്തുന്നു എന്നുള്ളതും ചിത്രത്തിന്റെ പ്രത്യേകതയാണ്. ‘ഉറക്കത്തിൽ തൊട്ടാൽ അയിത്തമില്ല, ജാതിയും മതവും ദേഷ്യവും വെറുപ്പും ഒന്നുമില്ല. ഉറങ്ങുമ്പോൾ പടച്ചോൻ മാത്രമേ കൂട്ടുണ്ടാവുള്ളു, അതാണ് ഈ ശ്വാസം. ഉറക്കമില്ലാത്തവർക്കാണ് ജാതിയും, മതവും’ എന്ന് ഉസ്താദ് സുജാതയോടു പറയുന്ന വാക്കുകള്‍ തന്നെയാണ് ‘സൂഫിയും സുജാത’യും എന്ന ചിത്രത്തിന്റെ അന്തസത്ത,” ചിത്രത്തെ കുറിച്ച് ഇന്ത്യൻ എക്സ്പ്രസ് സിനിമ നിരൂപകൻ ഗൗതം കുറിക്കുന്നതിങ്ങനെ.

Read more: Sufiyum Sujathayum Movie Review: മതത്തിന് മുന്നിൽ പ്രണയം വീണ്ടും തോല്‍ക്കുമ്പോള്‍, ‘സൂഫിയും സുജാതയും’ റിവ്യൂ

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Sufiyum sujathayum movie jayasurya instagram aditi rao hydari review rating