ജയസൂര്യയും അതിഥി റാവു ഹൈദരിയും പ്രധാന വേഷത്തിലെത്തുന്ന മലയാളചിത്രം ‘സൂഫിയും സുജാതയും’ ഡിജിറ്റൽ റിലീസിലേക്ക്. ജൂലൈ മൂന്നിന് ചിത്രം ആമസോൺ പ്രൈം വീഡിയോയിൽ റിലീസ് ചെയ്യും. ഒടിടി പ്ലാറ്റ്ഫോമിലൂടെ റിലീസിനെത്തുന്ന ആദ്യത്തെ മലയാള ചിത്രമാണ് ‘സൂഫിയും സുജാതയും’.
വിജയ് ബാബുവിന്റെ ഫ്രൈഡെ ഫിലിം ഹൗസാണ് ചിത്രത്തിന്റെ നിർമാതാക്കൾ. ആദ്യം തിയേറ്റർ റിലീസ് തീരുമാനിച്ചിരുന്ന ചിത്രം കോവിഡ് 19 ന്റെ പശ്ചാത്തലത്തിലാണ് ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യാം എന്നു അണിയറക്കാർ തീരുമാനിച്ചത്. ഇതുമായി ബന്ധപ്പെട്ട് വിവാദങ്ങളും ചർച്ചകളുമൊക്കെ സിനിമാമേഖലയിൽ ഉണ്ടാവുകയും ചെയ്തിരുന്നു. എല്ലാറ്റിനും ഒടുവിൽ ചിത്രം ആമസോൺ പ്രൈമിലൂടെ പ്രേക്ഷകരിലേക്ക് എത്തുകയാണ് ജൂലൈ മൂന്നിന്. മലയാള സിനിമ പുതിയൊരു പ്ലാറ്റ്ഫോമിലേയ്ക്ക് ചുവടു വയ്ക്കുന്നതിന്റെ തുടക്കം കൂടിയാവുകയാണ് ‘സൂഫിയും സുജാതയും’.
സംഗീത സാന്ദ്രമായ ഈ പ്രണയ ചിത്രം തിരക്കഥ ഒരുക്കി സംവിധാനം ചെയ്തിരിക്കുന്നത് നരണിപ്പുഴ ഷാനവാസ് ആണ്. അനു മൂത്തേടത്ത് ആണ് ഛായഗ്രഹണം. ഹരിനാരായണന്റെ വരികൾക്ക് എം ജയചന്ദ്രൻ സംഗീതം നൽകിയിരിക്കുന്നു. സുദീപ് പലനാട് ആണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. പതിനാലു വർഷത്തെ ഇടവേളക്ക് ശേഷം അതിഥി റാവു മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ആമസോൺ പ്രൈം വീഡിയോയുടെ ആഗോള പ്രീമിയറിലൂടെ ലോകത്തെ 200ലേറെ രാജ്യങ്ങളിലെ പ്രേക്ഷകർക്ക് സിനിമ ആസ്വദിക്കാൻ കഴിയും.
Read more: ലോക്ക്ഡൗൺ കടന്ന് മലയാളസിനിമ