നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ ദിലീപിനെ പിന്തുണച്ച് നടൻ സുധീർ സുകുമാരൻ. ഇരുപത്തിയഞ്ച് ദിവസമായി ദിലീപേട്ടൻ ജയിലിലായിട്ട്. ഈ ദിവസങ്ങൾക്കിടെ എന്തെല്ലാം കെട്ടുകഥകളാണ് അദ്ദേഹത്തിനെതിരെ വന്നത്. അദ്ദേഹത്തെ ക്രിമിനലും കയ്യേറ്റക്കാരനുമാക്കി. ദിലീപേട്ടന്റെ അവസ്ഥ വളരെ ദയനീയമാണ്. തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ അദ്ദേഹത്തെ കോടതി ശിക്ഷിക്കട്ടെ. അതല്ലാതെ ഇല്ലാക്കഥകൾ ദയവായി പടച്ചുവിടാതിരിക്കുക. ദിലീപേട്ടനെ നശിപ്പിക്കരുത്. ഇത്രയും പറഞ്ഞില്ലെങ്കിൽ അത് നന്ദികേടായിപ്പോകും. ഇതൊരു അപേക്ഷയാണ് സുധീർ പറഞ്ഞു.

സിഐഡി മൂസ എന്ന സിനിമ ഇല്ലായിരുന്നെങ്കിൽ ജീവിതം വഴിമാറിപ്പോയേനെ. ദിലീപേട്ടനാണ് എന്നെ സിനിമയിലേക്ക് തിരഞ്ഞെടുത്തത്. അദ്ദേഹം തന്നെയായിരുന്നു ആ സിനിമയുടെ നിർമാതാവും. ഇന്ന് അദ്ദേഹം ജയിലിലാണ്. എന്താണ് ചെയ്ത തെറ്റെന്നോ കേസിന്റെ പിന്നിലെ കാര്യങ്ങളോ എനിക്ക് അറിയില്ല. പലരും പറഞ്ഞപ്പോഴും അദ്ദേഹം ആകരുതേ എന്ന് ആഗ്രഹിച്ചു. എന്നാൽ അറസ്റ്റ് ചെയ്ത കഴിഞ്ഞപ്പോൾ ഞെട്ടിപ്പോയി. പിന്നെ നമ്മള്‍ സംസാരിച്ചിട്ടോ പ്രതികരിച്ചിട്ടോ കാര്യമില്ല. അറസ്റ്റ് ചെയ്ത ശേഷം അദ്ദേഹത്തിന് ജാമ്യം ലഭിക്കുമെന്ന് വിചാരിച്ചു, പക്ഷേ അതുണ്ടായില്ല. കേരളത്തിലെ പൊലീസിനെ എനിക്ക് ബഹുമാനമുണ്ട്. എന്നാൽ ഒരു രാജ്യദ്രോഹിയായി മാധ്യമങ്ങളോ സോഷ്യൽമീഡിയയോ ദിലീപിനെ ചിത്രീകരിക്കരുതെന്നും സുധീർ പറഞ്ഞു.

ശത്രുക്കൾ പോലും കിടക്കരുതെന്ന് ആഗ്രഹിക്കുന്ന സ്ഥലമാണ് ജയിൽ. പതിനെട്ടാം വയസ്സിൽ ഞാനും ജയിലിൽ കിടന്നിട്ടുണ്ട്. അന്ന് കല്‍ക്കത്തയിൽ വച്ച് ഐജിയുടെ മകനുമായി വഴക്കുപിടിച്ച് അവസാനം രക്ഷപ്പെടാനായി ഒരു സോഡാക്കുപ്പി എടുത്ത് തലക്കടിച്ചു. അന്നെന്നെ ഒരാഴ്ചയോളം ജയിലിലിട്ടു. അതുകഴിഞ്ഞ് പുറത്തിറങ്ങിയ മാനസികാവസ്ഥ വളരെ മോശമായിരുന്നു. ശത്രുക്കൾക്ക് പോലും ഈ ഗതി വരരുതെന്ന് അന്ന് ഞാൻ ഓർത്തുവെന്നും സുധീർ വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ