സിനിമയില്‍ സെഞ്ചുറി നേടിയതിന്റെ സന്തോഷത്തിലാണ് സുധീര്‍ കരമന. മലയാള സിനിമയില്‍ ഇന്നേറ്റവും തിരക്കുള്ള നടന്മാരില്‍ ഒരാള്‍ കൂടിയാണ് സുധീര്‍. പുലിമുരുകനിലെ ഹാജിയാരെയും ആമേനിലെ മത്തായിച്ചനെയും ഉറുമ്പുകള്‍ ഉറങ്ങാറില്ല ചിത്രത്തിലെ കേളു ആശാനെയും പ്രേക്ഷകര്‍ ഒരിക്കലും മറക്കാന്‍ ഇടയില്ല. അത്രയേറെ പ്രേക്ഷക മനസ്സില്‍ പതിഞ്ഞതാണ് സുധീറിന്റെ ഓരോ കഥാപാത്രങ്ങളും. സുധീർ നായകനായെത്തുന്ന ‘അവൾ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലാണ് സുധീര്‍. മലയാള സിനിമയില്‍ നൂറിന്റെ നിറവില്‍ നില്‍ക്കുന്ന സുധീര്‍ ഇന്ത്യന്‍ എക്‌സ്പ്രസ് ഓൺലൈനു നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ നിന്ന്…
അച്ഛന്റെ മകന്‍
അഭിനയത്തില്‍ അച്ഛന്‍ കരമന ജനാര്‍ദനന്‍ നായരും സംവിധായകന്‍ ഭരത് ഗോപിയുമാണ് ഗുരുസ്ഥാനത്തുള്ളത്. അവരാണ് എന്നെ അഭിനയത്തിലേക്ക് കൈപിടിച്ച് നടത്തിയതും വഴികാണിച്ചതുമെല്ലാം. ചെറുപ്പം മുതലേ സിനിമാ രംഗവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അച്ഛന്‍ വഴി അറിയാനായത് അനുഗ്രഹമായി. കോളജില്‍ പഠിക്കുമ്പോഴും അഭിനയത്തോടുള്ള താല്‍പര്യം മൂലം നാടകങ്ങളിലെല്ലാം പങ്കെടുത്തിരുന്നു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ പഠിക്കുമ്പോള്‍ മികച്ച നടനുള്ള പുരസ്‌കാരം അച്ഛനില്‍ നിന്നു തന്നെ ഏറ്റുവാങ്ങാന്‍ സാധിച്ചത് ജീവിതത്തിലെ വലിയ ഭാഗ്യമായി. കൂടാതെ സര്‍വകലാശാലയിലെ മികച്ച നടനുള്ള പുരസ്‌കാരം ഇ.കെ.നായനാരില്‍ നിന്നും സ്വീകരിക്കാന്‍ സാധിച്ചതും വലിയ പ്രോത്സാഹനമായി.
അധ്യാപകനില്‍ നിന്ന് അഭിനേതാവിലേക്ക്
സ്‌കൂളിന്റെ ചുമരുകള്‍ക്കുള്ളില്‍ കുട്ടികള്‍ക്ക് ക്ലാസെടുത്തിരുന്ന കാലത്തും പിന്നീട് പ്രധാന അധ്യാപകനായപ്പോഴും അഭിനയം ആവേശമായിരുന്നു. കഴിഞ്ഞ 26 വര്‍ഷമായി അധ്യാപകനാണ്. നിലവില്‍ തിരുവനന്തപുരത്ത് ഒരു എയ്ഡഡ് സ്‌കൂളില്‍ പ്രധാന അധ്യാപകനാണ്. ജോലിക്കിടയിലാണ് സിനിമാ പ്രവര്‍ത്തനങ്ങളും കൊണ്ടുപോകുന്നത്. അഭിനയത്തോട് താല്‍പര്യമുണ്ടായിരുന്ന എന്നെ അച്ഛന്റെ സുഹൃത്തായ ഭരത് ഗോപിയാണ് ആദ്യം ക്യാമറയ്ക്ക് മുന്നിലെത്തിച്ചത്. ‘മറവിയുടെ മണം’ എന്ന ടെലിഫിലിമില്‍ നായകനായിട്ടായിരുന്നു തുടക്കം. 2006ല്‍ ബാബു ജനാര്‍ദനന്‍ തിരക്കഥയെഴുതി പത്മകുമാര്‍ സംവിധാനം ചെയ്ത വാസ്തവം എന്ന ചിത്രത്തിലൂടെയാണ് ബിഗ് സ്‌ക്രീനിലേക്ക് എത്തുന്നത്. അതില്‍ ചെറിയ വേഷമായിരുന്നെങ്കിലും ശ്രദ്ധിക്കപ്പെട്ടു. പിന്നീട് നിരവധി അവസരങ്ങള്‍ തേടിയെത്തി. 2012 ആയപ്പോഴേക്കും കൈനിറയെ ചിത്രങ്ങളായി.
കഴിഞ്ഞ വര്‍ഷം 23 സിനിമകളില്‍ അഭിനയിച്ചു. കഴിഞ്ഞ വര്‍ഷത്തെ 26-ാം ചിത്രമായിരുന്നു മേജര്‍ രവിയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായത്തുന്ന ബിയോണ്ട് ബോര്‍ഡേഴ്‌സ്. ഇത്രയേറെ ചിത്രങ്ങള്‍ ഒരു വര്‍ഷം ചെയ്യാന്‍ കഴിയുന്നതുതന്നെ ഒരു അനുഗ്രഹമായി കാണുന്നു. ശ്രീകാന്ത് മുരളി സംവിധാനം ചെയ്ത ‘എബി’യായിരുന്നു 100-ാം ചിത്രം. വിനീത് ശ്രീനിവാസന്റെ അച്ഛന്റെ വേഷമായിരുന്നു. ബിയോണ്ട് ബോര്‍ഡേഴ്‌സ് കഴിഞ്ഞ് സഞ്ജയ് ഷാമുഖ് സംവിധാനം ചെയ്യുന്ന അവള്‍ എന്ന ചിത്രമാണ് ഇപ്പോൾ ചെയ്യുന്നത്. സംവിധായകന്‍ വി.കെ.പ്രകാശിന്റെ ഒരു ചിത്രവും ഏറ്റെടുത്തിട്ടുണ്ട്. മറ്റു ചില പ്രോജക്ടുകളും വന്നിട്ടുണ്ട്.
11 വര്‍ഷം; നൂറില്‍ പരം കഥാപാത്രങ്ങള്‍
വെള്ളിത്തിരയില്‍ പത്ത് വര്‍ഷം പിന്നിടുകയാണ്. ഇതിനിടയില്‍ ചെയ്ത ചെറുതും വലുതുമായ മിക്ക കഥാപാത്രങ്ങളും ഏറെ പ്രശംസ നേടിത്തന്നവയാണ്. തിരക്കഥാകൃത്തിനോട് സംസാരിച്ച ശേഷം കഥാപാത്രത്തിന്റെ സ്വഭാവം മനസ്സിലാക്കിയാണ് അഭിനയിക്കുന്നത്. അത് പിന്നീട് എന്റേതായ ശൈലിയില്‍ രൂപപ്പെടുത്തും എന്നു മാത്രം. ഒരുപാട് ഹാസ്യ കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ട്. പക്ഷേ പ്രേക്ഷകരെ ചിരിപ്പിക്കുക അത്ര എളുപ്പമല്ല. ഭാവങ്ങള്‍ ഒട്ടും കൂടാതെയും കുറയാതെയും അതിന്റെ പാകത്തിന് ചെയ്തില്ലെങ്കില്‍ കാണുന്നവര്‍ക്ക് ചിരി വരില്ല.
അഭിനയം ആരും പറഞ്ഞു പഠിപ്പിക്കുന്നതല്ല. ഒരു കലാകാരന് ജന്മസിദ്ധമായി കിട്ടുന്ന കഴിവാണ്. അത് തേച്ചുമിനുക്കിയെടുക്കുക എന്നതാണ് പ്രധാനം. ഞാന്‍ ചെയ്ത കഥാപാത്രങ്ങളെല്ലാം ഇഷ്ടപ്പെട്ട് ചെയ്തവയാണ്. ഏല്‍പിക്കുന്ന ജോലി ഭംഗിയായി നിറവേറ്റുക എന്നേയുള്ളൂ. നമുക്ക് വേണ്ടി സൃഷ്ടിക്കുന്ന കഥാപാത്രങ്ങളാകും ചിലത്. അവ സ്വന്തം ശൈലിയില്‍ ചെയ്യും. ആരെയും അനുകരിക്കാന്‍ ശ്രമിക്കാറില്ല. ആര്‍ക്കും ആരെയും അനുകരിച്ച് പകരക്കാരനാകാന്‍ കഴിയില്ല.
മമ്മൂക്കയും ലാലേട്ടനും ഇതിഹാസങ്ങളാണ്. അവര്‍ അഭിനയിക്കുന്നതുകണ്ട് പലപ്പോഴും അത്ഭുതപ്പെടാറുണ്ട്. അവരില്‍ നിന്നും ഒരുപാട് പഠിക്കാനുണ്ട്. ഓരോ വ്യക്തിക്കും ഓരോ കഥാപാത്രമാകും ചേരുക. ജഗതി ചേട്ടനോ ശങ്കരാടി ചേട്ടനോ ചെയ്ത കഥാപാത്രങ്ങള്‍ വേറെയാരു ചെയ്താലും ശരിയാകില്ല. എനിക്ക് കിട്ടിയ പല വേഷങ്ങളും അഭിനയ സാധ്യതയുള്ളവയായിരുന്നു. കിട്ടുന്ന കഥാപാത്രം നന്നായി ചെയ്യാന്‍ ശ്രമിക്കാറുണ്ട്. അതില്‍ വിജയിച്ചിട്ടുണ്ടെന്നാണു വിശ്വാസം.