പത്തനംതിട്ട: 32 വര്‍ഷങ്ങള്‍ക്ക് മുമ്പ് ശബരിമലയില്‍ സ്ത്രീകള്‍ കയറിയിരുന്നുവെന്നും നടി സുധാ ചന്ദ്രന്‍ പതിനെട്ടാം പടിയില്‍ നൃത്തം ചെയ്തിരുന്നു എന്നും മുമ്പ് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ശബരിമലയിലെ സ്ത്രീപ്രവേശനത്തെ ന്യായീകരിക്കാനായി പറഞ്ഞ കാര്യങ്ങളില്‍ പ്രധാനമായിരുന്നു ഇത്. എന്നാല്‍ ഇതില്‍ വിശദീകരണവുമായി നടി സുധാ ചന്ദ്രന്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ആ വാര്‍ത്തകള്‍ സത്യമല്ലെന്നും ചെന്നൈയിലെ ഒരു സ്റ്റുഡിയോയില്‍ സെറ്റിട്ടാണ് ആ ഗാനരംഗം ചിത്രീകരിച്ചതെന്നും നടി പറയുന്നു. ക്ഷേത്രവുമായി ബന്ധപ്പെട്ട മറ്റ് രംഗങ്ങള്‍ ശബരിമലയ്ക്ക് താഴെയും പിന്നിലെ കവാടത്തിലുമായാണ് ചിത്രീകരിച്ചിരുന്നതെന്നും സുധ വ്യക്തമാക്കി.

‘വര്‍ഷങ്ങള്‍ക്ക് മുന്‍പ് പതിനെട്ടാം പടിയില്‍ നൃത്തം ചെയ്തു എന്നൊരു വിവാദം എന്റെ പേരിലുണ്ടായി. പക്ഷെ അത് സത്യമല്ല. ചെന്നൈയിലെ ഒരു സ്റ്റുഡിയോയില്‍ സെറ്റിട്ടാണ് ഗാനരംഗം ചിത്രീകരിച്ചത്. ക്ഷേത്രവുമായി ബന്ധപ്പെട്ട മറ്റ് രംഗങ്ങള്‍ ശബരിമലയ്ക്ക് താഴെയും പിന്നിലെ കവാടത്തിലുമായാണ് ചിത്രീകരിച്ചത്,’ സുധ വ്യക്തമാക്കുന്നു.

’41 ദിവസം വ്രതമെടുത്ത് നിഷ്ഠകളെല്ലാം പാലിച്ചാണ് എന്റെ ഭര്‍ത്താവ് ശബരിമലയില്‍ പോയത്, അയ്യപ്പനെ തൊഴണമെന്നത് എന്റെയും ഏറ്റവും വലിയ ആഗ്രഹം ആണ്. എന്നാല്‍ ഏത് കോടതി വിധി വന്നാലും ആചാരങ്ങളെ നിഷേധിക്കാന്‍ തയ്യാറല്ലെന്നും ഉറപ്പിച്ചു പറയുന്നു. 52 വയസായി. എങ്കിലും അയ്യപ്പനെ കാണാന്‍ കാത്തിരിക്കാന്‍ ഇപ്പോഴും തയ്യാറാണ്. എപ്പോഴാണോ ഭഗവാന്‍ വിളിക്കുന്നത് അപ്പോഴേ മല ചവിട്ടൂ. -സുധ പറഞ്ഞു. ആരു മനസ്സുരുകി പ്രാര്‍ത്ഥിച്ചാലും ദൈവം വിളി കേള്‍ക്കും.. ദൈവം സത്യത്തിന്റെ കൂടെ നില്‍ക്കുകയും ചെയ്യും. അതാണെന്റെ വിശ്വാസം’..-സുധ കൂട്ടിച്ചേര്‍ത്തു

1986ൽ ഇറങ്ങിയ ‘നമ്പിനാൽ കെടുവതില്ലൈ’ എന്ന തമിഴ് ചിത്രത്തിൽ യുവതിയായ നായിക (ജയശ്രീ) പതിനെട്ടാം പടിയിൽ ഇരുന്ന് പാടുന്ന ഗാനരംഗം ചര്‍ച്ചയായി മാറിയിരുന്നു. വിജയകാന്ത്, പ്രഭു, സുധ ചന്ദ്രൻ, ജയശ്രീ തുടങ്ങിയവർ അഭിനയിച്ച സിനിമ സംവിധാനം ചെയ്‌തത് കെ.ശങ്കർ ആണ്. എം.എസ്.വിശ്വനാഥനാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. നിരീശ്വരവാദിയായ യുവാവ് താൻ വലിയ ദൈവഭക്തനാണ് എന്ന് തെറ്റിദ്ധരിപ്പിച്ച് യുവതിയെ വിവാഹം കഴിക്കുന്ന കഥയാണ് നമ്പിനാൽ കെടുവതില്ലൈ പറഞ്ഞത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook