വളരെ കുറഞ്ഞ കാലം കൊണ്ട് പ്രേക്ഷകശ്രദ്ധ നേടിയ നടനാണ് സുദേവ് നായർ. ആദ്യചിത്രത്തിലൂടെ തന്നെ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം നേടിയ സുദേവ് ഇന്ന് കരുത്താർന്ന കഥാപാത്രങ്ങളിലൂടെ മലയാളസിനിമയിൽ തന്റെ സാന്നിധ്യം ഉറപ്പിച്ചു കഴിഞ്ഞു.
ഒരു അപകടത്തെ തുടർന്ന് ഇപ്പോൾ വീട്ടിൽ വിശ്രമത്തിൽ കഴിയുകയാണ് സുദേവ്. കഴിഞ്ഞ ദിവസം സുദേവ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോ ആണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്.
വാക്കിംഗ് സ്റ്റിക്കിന്റെ (സിംഗിൾ ലിഫ്റ്റ് ക്രച്ച്) സഹായത്തോടെ നടക്കുന്ന സുദേവ് ഒരടിപൊളി പാട്ടിനു അനുസരിച്ച് ഡാൻസ് ചെയ്യുന്നതാണ് വീഡിയോയിൽ കാണാനാവുക. ക്രച്ചിന്റെ സഹായത്തോടെ വായുവിലേക്ക് ഉയർന്ന് ഡാൻസ് സ്റ്റെപ്പുകൾ കാണിക്കുന്ന സുദേവിനെ ചിരിയോടെ പ്രോത്സാഹിപ്പിക്കുന്ന അച്ഛനെയും കാണാം.
എന്നാൽ, രംഗത്തേക്ക് അമ്മയെത്തിയതോടെ സീൻ കോൺട്രയായി. നല്ലൊരടി വച്ചുകൊടുത്തിട്ട് “എന്താടാ കാണിക്കുന്നത്? പോയി അകത്തുകിടക്ക്,” എന്ന് ശാസിക്കുകയാണ് അമ്മ. അമ്മയെത്തിയതോടെ അനുസരണയോടെ മുറിയിലേക്ക് വാക്കിംഗ് സ്റ്റിക്കിന്റെ സഹായത്തോടെ നടന്നുപോവുകയാണ് സുദേവ്. ഒന്നും സംഭവിച്ചിട്ടില്ലാത്ത മട്ടിൽ വീണ്ടും പത്രം വായന തുടരുന്ന അച്ഛന്റെ മുഖഭാവങ്ങളാണ് ചിരിയുണർത്തുന്നത്. പത്രം തലതിരിച്ചു പിടിച്ചാണ് വായന.
“അമ്മയേയും അച്ഛനേയും സഹായത്തിനു വീട്ടിലേക്ക് വിളിച്ചാൽ ഗുണവും ദോഷവുമുണ്ട്,” എന്ന തലക്കെട്ടോടെയാണ് സുദേവ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.
“അയ്ശെരി….. ഇമ്മാതിരി ഗുണ്ടാ വേഷമൊക്കെ ചെയ്യണ ഇങ്ങള് വീട്ടിൽ തക്കുടുവാവ ആണല്ലേ?”/ “അച്ഛന്റെ ഞാൻ ഒന്നും അറിഞ്ഞിട്ടില്ല രാമ നാരായണ മട്ടു കലക്കി,” ഇങ്ങനെ രസകരമായ കമന്റുകളും വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്.
ലേ ഡാഡി: എന്താ ഇവിടെ ഇണ്ടായെ? നീയിത് എവിടെയാ?/ എന്റെ പൊന്നോ! അപ്പനാണ് മെയിൻ, അപ്പൻ ഇത്രയും നല്ല നടനാണെന്ന് അറിഞ്ഞില്ല, വേറെ ലെവൽ, അമ്മച്ചി ഹീറോ ആടാ ഹീറോ, അമ്മ എപ്പോഴും അമ്മ തന്നെ ഇങ്ങനെ പോവുന്നു കമന്റുകൾ.
ഭീഷ്മപർവ്വത്തിലെ സുദേവിന്റെ വില്ലൻ വേഷം അടുത്തിടെ ഏറെ ശ്രദ്ധ നേടിയിരുന്നു. തുറമുഖമാണ് ഇനി റിലീസ് ചെയ്യാനുള്ള പ്രധാന ചിത്രങ്ങളിലൊന്ന്.